| Thursday, 25th May 2023, 11:55 pm

ഇതാ മലയാള സിനിമാലോകത്തേക്ക് മറ്റൊരു വനിതാ സംവിധായിക; 'ഞാന്‍ കര്‍ണ്ണന്‍' പ്രേക്ഷകരിലേക്ക്.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല്‍ താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’.

ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി. അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചിയിലെ കെ. സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും.

എം.ടി. അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു.

സത്യസന്ധനും നിഷ്‌കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചില്‍ ഈ ചിത്രം പങ്കുവെക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരുത്തക്കേടുകളും ഈ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു.

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം കൂടിയാണ്. സസ്‌പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം.സ്വന്തം കുടുംബത്തില്‍ നിന്നുള്ള അവഹേളനങ്ങളും, അസ്വാരസ്യങ്ങളും ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും, ശിഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്.

മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്.

ടി. എസ്. രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം, ജിന്‍സി, രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോന്‍, സാവിത്രി പിള്ള, എം.ടി. അപ്പന്‍, ബി. അനില്‍കുമാര്‍, ആകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഒ.പി -പ്രസാദ് അറുമുഖന്‍. അസോസിയേറ്റ് ഡയറക്ടര്‍- ദേവരാജന്‍ കലാസംവിധാനം- ജോജോ ആന്റണി. എഡിറ്റര്‍ – രഞ്ജിത്ത് ആര്‍. മേക്കപ്പ് – സുധാകരന്‍ പെരുമ്പാവൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കളമശ്ശേരി, പി.ആര്‍.ഒ – പി.ആര്‍.സുമേരന്‍. സ്റ്റുഡിയോ- കെ സ്റ്റുഡിയോ. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- ബെന്‍സിന്‍ ജോയ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Content Highlight: The Film Njan Karnan is all set for release

We use cookies to give you the best possible experience. Learn more