| Friday, 3rd June 2022, 2:41 pm

കണ്ണ് നിറച്ച് മേജര്‍; ധീര നായകനുള്ള ആദരവെന്ന് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ മേജര്‍ ജൂണ്‍ മൂന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. അദിവി ശേഷ് നായകനായ ചിത്രം ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്തത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്ദീപിന്റെ ബാല്യകാലം മുതല്‍ മുംബൈ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങളാണ് മേജറില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിട്ട് പോലും ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ സിനിമക്കായിട്ടുണ്ട്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അദിവി ശേഷിനായി എന്ന് പ്രേക്ഷകര്‍ പറയുന്നു. ഇതുപോലെയുള്ള ചിത്രങ്ങള്‍ വിജയിപ്പിക്കുന്നതാണ് നമ്മുടെ സൈനികര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരമെന്ന് ട്വിറ്ററില്‍ ഒരു പ്രേക്ഷകന്‍ പറഞ്ഞു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനുള്ള ഏറ്റവും മികച്ച ആദരമാണ് ഈ സിനിമ എന്നും പ്രേക്ഷകര്‍ പറയുന്നു.

ആക്ഷന്‍ രംഗങ്ങളെല്ലാം മികച്ചതായിരുന്നവെന്നും തിരക്കഥയും സ്‌ക്രീന്‍ പ്ലേയും അതിനൊപ്പം തന്നെ വന്നുവെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. മേജര്‍ എന്ന ചിത്രത്തോടെ തെലുങ്കില്‍ നിന്നും ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ കൂടി വരുന്നു എന്നാണ് ട്വിറ്ററില്‍ വന്ന മറ്റൊരു പ്രതികരണം.

സന്ദീപിന്റെ മാതാപിതാക്കളായെത്തിയ രേവതിക്കും പ്രകാശ് രാജിനും കയ്യടികളുയരുന്നുണ്ട്. സന്ദീപിന്റെ ഭാര്യയായി എത്തിയ സെയ് മഞ്ജരേക്കര്‍, തീവ്രവാദികളുടെ ആക്രമണത്തിനിടയില്‍ പെട്ടു പോയ പ്രമോദ റെഡ്ഡിയായി അഭിനയിച്ച ശോഭിത ധൂലിപാല, കമാന്‍ഡോ ഓഫീസറായെത്തിയ മുരളി ശര്‍മ എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങളാണ് നടത്തിയത്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മിച്ചത്.

Content Highlight: The film major is getting a good response from the audience

Latest Stories

We use cookies to give you the best possible experience. Learn more