| Wednesday, 23rd August 2023, 5:28 pm

നാളുകള്‍ക്ക് ശേഷം കണ്ട കോമഡി എന്റര്‍ടെയ്ന്‍മെന്റ്; ഒ.ടി.ടിയിലും ഹിറ്റായി മധുര മനോഹര മോഹം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, ആര്‍ഷ ബൈജു, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. എച്ച്.ആര്‍. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തിയേറ്റര്‍ റിലീസ് സമയത്തെന്ന പോലെ ഒ.ടി.ടിയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

മധുര മനോഹര മോഹം മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്നും നാലുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ഒരു കോമഡി ചിത്രം കണ്ട് ചിരിക്കുന്നതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, അല്‍ത്താഫ് സലിം, വിജയരാഘവന്‍, രജിഷ വിജയന്‍, ആര്‍ഷ ബിജു, സുനില്‍ സുഖദ, നിരഞ്ജന്‍ രാജു തുടങ്ങി വലുതും ചെറുതുമായ റോളുകളില്‍ വന്നവരെല്ലാം മികച്ച പ്രകടനമാണ് നടത്തിയതെന്നും പ്രേക്ഷകര്‍ പറയുന്നു.

നായര്‍ സമുദായത്തിനെതിരായ ട്രോള്‍ തമാശകളും വര്‍ക്കായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പറയുന്നത്. മസാല ദോശ, വട രംഗവും വിജയരാഘവനോട് അല്‍ത്താഫ് കരയോഗം മീറ്റിങ്ങിനെ പറ്റി ചോദിക്കുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങളും ചിരി സമ്മാനിച്ചുവെന്നും പ്രേക്ഷകര്‍ പറയുന്നു.

കന്നിചിത്രത്തിന് മികച്ച വിജയം നേടിയെടുത്ത സ്റ്റെഫി സേവ്യറിനും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.
ഏഴ് വര്‍ഷത്തോളമായി സിനിമ രംഗത്ത് കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോള്‍ഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്.

Content Highlight: The film Madhura manohara moham received good reviews in OTT as well

We use cookies to give you the best possible experience. Learn more