കാബൂള്‍: താലിബാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടം തുടര്‍ന്ന് നൊബേല്‍ ജേതാവ് മലാല യൂസുഫ് സായ്. താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അനീതിയും കൊടിയ പീഡനവും ആസ്പദമാക്കിയുള്ള മലാല യൂസുഫ് സായിയുടെ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.
അനീതി, വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന അവസ്ഥ, അവകാശങ്ങളുടെ അടിച്ചമര്‍ത്തലുകള്‍, എന്നിങ്ങനെ സ്ത്രീകള്‍ നേരിടുന്ന നീതിനിഷേധത്തിനെതിരെയുള്ള സിനിമയുമായാണ് മലാല രംഗത്തെത്തിരിക്കുന്നത്.
ബ്രെഡ് ആന്റ് റോസസ് എന്ന മലാല എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിനിമ നവംബര്‍ 22നാണ് ആപ്പിള്‍ ഒ.ടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രശ്‌നം അത്രപ്പെട്ടെന്ന് പരിഹരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും എത്രയോ സ്ത്രീകള്‍ എല്ലായിടങ്ങളിലും അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും മലാല പറഞ്ഞു.
എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യങ്ങളില്‍ എല്ലാം പൊട്ടിച്ചെറിഞ്ഞ് പുറത്ത് വരണമെന്നവര്‍ക്കുണ്ടെന്നും പക്ഷെ അതിന് അവര്‍ക്ക് കഴിയുന്നില്ലെന്നും അത്തരത്തിലുള്ളവരുടെ കഥയാണ് ബ്രഡ് ആന്റ് റോസസ് എന്നും മലാല പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന്‍ ഭാഷയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്ന അര്‍ത്ഥത്തിലാണ് ബ്രെഡ് ആന്റ് റോസസ് എന്ന് സിനിമയ്ക്ക് പേരിട്ടതെന്നും സ്ത്രീകളുടെ കഥ പറയുമ്പോള്‍ ഈ പേരുതന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മലാല കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള സിനിമയാണിതെന്നും എന്നാല്‍ വെറും മൂന്ന് സ്ത്രീകളുടേത് മാത്രമല്ല, രണ്ട് കോടിയോളം വരുന്ന അഫ്ഗാന്‍ സ്ത്രീകളുടെ കഥയാണിതെന്നും മലാല പറയുകയുണ്ടായി.
അഫ്ഗാനിസ്ഥാന്‍ താലിബാന്റെ ഭരണത്തിന് കീഴിലായതിനുശേഷം ജോലി നഷ്ടപ്പെട്ട ദന്തരോഗ വിദഗ്ദ സഹറ, ആക്ടിവിസ്റ്റ് തരനോം, സര്‍ക്കാര്‍ ജോലിക്കാരിയായ ഷാരിഫ എന്നിവരുടെ കഥയാണ് ബ്രെഡ് ആന്‍ഡ് റോസസ് എന്നും മലാല പറഞ്ഞു.
അഫ്ഗാന്‍ സിനിമാ നിര്‍മാതാവ് സഹ്‌റാ മനി, അമേരിക്കന്‍ അഭിനേത്രി ജെന്നിഫര്‍ ലോറന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ബ്രഡ് ആന്റ് റോസ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലര്‍ നേരത്തെ റീലിസായിരുന്നു.
Content Highlight: the fight Malala’s film, which represents Afghan women, is about to be released