ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍മോചിതനായി. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 50 ദിവസം ജയിലില്‍ കിടന്നതിന് ശേഷമാണ് ഇന്ന് സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യത്തോടെ കെജ്‌രിവാള്‍ ജയില്‍മോചിതനയാത്. തിഹാര്‍ ജയിലിന്റെ നാലാം നമ്പര്‍ ഗേറ്റ് വഴിയാണ് കെജ്‌രിവാള്‍ പുറത്തിറങ്ങിയത്.
ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും തനിക്ക് ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമുണ്ടെന്നും ജയില്‍ മോചിതനായ ശേഷം ആം ആദ്മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. മടങ്ങിവരുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും അതു പോലെ മടങ്ങി വന്നിരിക്കുന്നു എന്നും പറഞ്ഞ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം വാര്‍ത്ത സമ്മേളനം വിളിച്ച് പറയാമെന്നും പറഞ്ഞു.
അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം വലിയ ആഘോഷമാക്കിയിരിക്കുകയാണ് ആം ആദ്മി പ്രവര്‍ത്തകരും ഇന്ത്യമുന്നണിയും. ജയിലില്‍ നിന്ന് റോഡ്‌ഷോ ആയാണ് കെജ്‌രിവാള്‍ വീട്ടിലേക്ക് പോയത്. നാളെ ഉച്ചയോടെ മാധ്യമങ്ങളെ കണ്ടതിന് ശേഷമായിരിക്കും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുക. റോഡ് മുഴുവന്‍ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ കെജ്‌രിവാളിനെ സ്വീകരിച്ചത്.
കെജ്‌രിവാളിന്റെ ജാമ്യം ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ആം ആദ്മിക്ക് വലിയ സ്വാധീനമുള്ള ദല്‍ഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെജ്‌രിവാളിന്റെ ജാമ്യം അവിടങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഇന്ത്യ മുന്നണി വിലയിരുത്തുന്നു.
കര്‍ശന ഉപാധികളോടെ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 2ന് ജയിലില്‍ ഹാജരാകണം. ഈ കാലയളവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാകില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കാനാകില്ലെന്നുമാണ് വിധിയില്‍ പറയുന്നത്.
content highlights: The fight against tyranny will continue, with Hanuman Swami’s blessings; Kejriwal released from jail