ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയായ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ആദ്യ സെല്‍ ഔട്ട് മത്സരം നടത്തി. സൗദി പ്രോ ലീഗ് ചാമ്പ്യന്മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളും തമ്മിലുള്ള ലുസൈല്‍ സൂപ്പര്‍ കപ്പ് മത്സരമാണ് അരങ്ങേറിയത്.
തുടര്‍ന്ന് പ്രശസ്ത അറബ് ഗായകന്‍ അംര്‍ ദിയാബിന്റെ സംഗീത വിസ്മയത്തില്‍ പങ്കെടുക്കാന്‍ 80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയം നിറഞ്ഞിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി സ്റ്റേഡിയത്തിലേക്ക് ജനങ്ങള്‍ എത്തിച്ചേരുമ്പോഴുള്ള സുരക്ഷ ഉറപ്പുവരുത്താനും ബോര്‍ഡര്‍ ഇമിഗ്രേഷന്‍ സിസ്റ്റം, മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഡ്രൈവര്‍ രഹിത ട്രെയിന്‍ എന്നിവ ടെസ്റ്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് മത്സരം അരങ്ങേറിയത്.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പഴയ വിമാനത്താവളം ഖത്തര്‍ ഈയാഴ്ച വീണ്ടും തുറന്നിരുന്നു.
ലോകകപ്പിന്റെ ഭാഗമായി ഖത്തറില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അവസാന സ്റ്റേഡിയമാണ് ലുസൈല്‍. വെള്ളിയാഴ്ച സ്റ്റേഡിയത്തിലേത് വികാരനിര്‍ഭരമായ നിമിഷമാണെന്നായിരുന്നു സംഘാടക സമിതി തലവന്‍ ഹസന്‍ അല്‍ തവാദി പറഞ്ഞത്.
ഇത് എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്നും ഒരു കുട്ടി ആദ്യമായി ഡിസ്‌നിലാന്‍ഡില്‍ പോയി ആകര്‍ഷണമായ കാഴ്ചകള്‍ കാണുന്നത് പോലെയുള്ള അനുഭവമായിരിക്കും വിദേശ ആരാധകര്‍ക്ക് ഉണ്ടാവുകയെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അവകാശപ്പെട്ടു.
ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നിഴലും വെളിച്ചവും ഇഴ ചേര്‍ന്നുള്ള ഡിസൈനിലാണ് ലുസൈല്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഫുട്ബോള്‍ മാമാങ്കത്തിന്റെ വേദികളൊരുക്കാനും രാജ്യത്തെ അടിസ്ഥാന സൗകര്യത്തിന്റെ വികസനത്തിനുമായി 675 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് നടക്കുന്ന ഫൈനല്‍ ഉള്‍പ്പെടെ 10 ലോകകപ്പ് മത്സരങ്ങള്‍ ഇവിടെ നടക്കും.
2022 ലോകകപ്പിന്റെ കിക്കോഫ് നവംബര്‍ 20നാണ് നടക്കുക. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നവംബര്‍ 21ന് ഈ മത്സരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഫിക്സ്ചര്‍ പ്രകാരം സെനഗല്‍ – നെതര്‍ലന്‍ഡ്‌സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. 2006 ലോകകപ്പ് മുതല്‍ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.
മൂന്ന് മില്യണ്‍ ടിക്കറ്റുകളില്‍ 2.45 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്നും ഓണ്‍ലൈന്‍ വില്‍പനയുടെ അവസാന റൗണ്ട് ഈ മാസം അവസാനം നടക്കുമെന്നും ഫിഫ അറിയിച്ചു.
Content Highlight: The FIFA World Cup Final Stadium tested sellout crowds for the first time