മറ്റു മതസ്ഥരില്‍, നമ്പൂതിരി ഈഴവ വിഭാഗങ്ങളുടെ ഇടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്ത്രീകള്‍ക്ക് സ്വത്വപരമായ ഉണര്‍വ് സമ്മാനിച്ചു എന്നു പറയുന്നതിന് തുല്യമായി ഇവിടുത്തെ മാപ്പിളപ്പെണ്ണിനെയും മുസ്‌ലിം നവോഥാനത്തെയും ചേര്‍ത്തു പറയുന്നത് തികച്ചും കാപട്യവും അനീതിപരവും ആണ്.
എസ്സേയ്‌സ്/കെ.തസ്ലീന
[]കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ എന്നും ഇവിടെയുള്ള ഇടത്‌വലതു മാധ്യമങ്ങള്‍ക്കും രാഷ്ട്രീയസാമുദായിക സംഘടനകള്‍ക്കും ഒരുപോലെ ചാകരക്കൊയ്ത്തിനുള്ള ഒന്നാന്തരം ഇരയാണ്. ഏറ്റവുമൊടുവില്‍ അറബിക്കല്യാണവും പതിനാറു വയസ്സിലെ വിവാഹവും എല്ലാതരം പൊലിമയോടെ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആഘോഷിച്ചു.
പ്രതികരണക്കമ്മിറ്റികള്‍ അനുകൂലിച്ചും പ്രതിഷേധിച്ചും പ്രസ്താവനകള്‍ വാരിയെറിഞ്ഞു. സെമിനാറുകളും ചാനല്‍ ചര്‍ച്ചകളും പൊടിപൊടിച്ചു. അതുയര്‍ത്തിവിട്ട പൊടിപടലങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത ഇരയെ കിട്ടുന്നതുവരെ..
മുട്ടിന് മുട്ടിന് കാമ്പയിനുകളും സെമിനാറുകളും നടത്താന്‍ ആര്‍ക്കും മുട്ടില്ലാത്ത കേരളത്തില്‍ “മുസ്‌ലിം നവോഥാനത്തിന്റെ നൂറ്റാണ്ട്” എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഏതാനും മാസം മൂമ്പ് സമുദായത്തിലെ ഒരു “പുരോഗമന സംഘടന” കാമ്പയിന്‍ ആഘോഷിച്ചു.
എന്നാല്‍, ഈ കൂട്ടത്തില്‍ മാപ്പിളപ്പെണ്ണിന്റെ നവോഥാനത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചില വ്യാജമായ അവകാശവാദങ്ങള്‍ അല്ലാതെ മറ്റൊന്നും കാണാനായില്ല എന്നത് അമ്പരപ്പുളവാക്കുന്നതായിരുന്നു. ആ അന്വേഷണത്തില്‍ നിന്നും ഉണ്ടായ ചില ചിന്തകള്‍ കോറിയിടുകയാണ് ഇവിടെ.
യഥാര്‍ഥത്തില്‍ ഇവര്‍ പറയുന്ന നവോഥാനം സമുദായത്തിലെ പാതിജനവിഭാഗത്തെ എവിടം വരെ എത്തിച്ചു? ഒരു കാലഘട്ടത്തിനപ്പുറത്തേക്ക് കണ്ണുകള്‍ പായിക്കുമ്പോള്‍ മറ്റു മത ജാതീയസ്ഥരില്‍ നിന്ന് വിഭിന്നമായി മുസ്‌ലിംകളുടെ ഇടയില്‍ ഉണ്ടായെന്നു പറയപ്പെടുന്ന വിശ്വാസപരവും ആചാരപരവുമായ ഉണര്‍വ് മാപ്പിളപ്പെണ്ണിന് എന്താണ് സമ്മാനിച്ചത്?.
സമൂഹത്തിന്റെ വളര്‍ച്ചയുടെ ഏറ്റവും നല്ല അളവുകോല്‍ ആ ജനവിഭാഗത്തിന്റെ ഇടയിലെ സ്ത്രീകളുടെ അവസ്ഥയാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് എന്നു പറഞ്ഞ പ്രവാചകന്റെ പിന്‍ഗാമികള്‍ ഈ അളവുകോല്‍ വെച്ച് ഉത്തമ സമൂഹം എന്ന വിശേഷണത്തിന് അര്‍ഹരാവുമെന്ന് കരുതാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു നിര്‍വാഹവുമില്ല.
മറ്റു മതസ്ഥരില്‍, ഉദാഹരണത്തിന് നമ്പൂതിരി ഈഴവ വിഭാഗങ്ങളുടെ ഇടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്ത്രീകള്‍ക്ക് സ്വത്വപരമായ ഉണര്‍വ് സമ്മാനിച്ചു എന്നു പറയുന്നതിന് തുല്യമായി ഇവിടുത്തെ മാപ്പിളപ്പെണ്ണിനെയും മുസ്‌ലിം നവോഥാനത്തെയും ചേര്‍ത്തു പറയുന്നത് തികച്ചും കാപട്യവും അനീതിപരവും ആണ്.
വി.ടി ഭട്ടതിരിപ്പാട് യോഗക്ഷേമ സഭയിലൂടെ നമ്പൂതിരിസ്ത്രീകളെ അണിയറയിലെ ഇരുട്ടില്‍ നിന്ന് അരങ്ങിലെ വെളിച്ചത്തിലേക്ക്് വഴി നടത്തിച്ചപ്പോള്‍ അതിനു തുല്യം നില്‍ക്കാന്‍ പാകം ഒരു മുന്നേറ്റം ചൂണ്ടിക്കാണിക്കാനുള്ളത് കെ.ടി മുഹമ്മദിലൂടെ പിറവിയെടുത്ത സര്‍ഗവഴികള്‍ തന്നെയെന്ന് നിസ്സംശയം പറയാം.
കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്ന നിലക്ക് ഇവിടെയുള്ള മുസ്ലിം ബിംബങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം അന്നും ഇന്നും നല്‍കി കാണുന്നില്‌ളെങ്കിലും അത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യം തന്നെയാണ്.
“കൈലു പിടിച്ച വളയിട്ട കൈകളില്‍ കൊടിയേന്തിക്കാന്‍” പാകം ശക്തമായ വിപ്‌ളവവിമോചന ബോധത്തിന്റെ സന്ദേശം കെ.ടി അന്നു തന്നെ തന്റെ നാടകങ്ങളിലൂടെ ഉറക്കെ പറഞ്ഞിരുന്നു. കേരളീയ പൊതു സമൂഹത്തില്‍ നിന്നും ഒരു നിലക്കും അടര്‍ത്തി മാറ്റാനാവാത്ത വിധം ഇഴുകിച്ചേര്‍ന്ന മുസ്‌ലികളുടെയും അവരുടെ സ്ത്രീകളുടെയും ജീവിതം വരച്ചു കാണിച്ച പഴയ കാല ചലച്ചിത്രങ്ങളും നാടകങ്ങളും ഇന്ന് ഒട്ടൊരു അല്‍ഭുതത്തോടെയേ കാണാനാവൂ.
ഏറിയോ കുറഞ്ഞോ അളവില്‍ മറ്റു മത വിഭാഗങ്ങളും ഈ സാമൂഹ്യ പരിസരത്തില്‍ നിന്ന് പിന്നീട് ഒരു അകലം പാലിച്ചെങ്കിലും ഇതില്‍നിന്ന് ആദ്യം തെന്നിയകന്നവര്‍ മുസ്‌ലിംകള്‍ തന്നെയാണ്. അതിന് നിമിത്തമായതാവട്ടെ ഇവിടെ പിന്നീടുയര്‍ന്നു വന്നിട്ടുള്ള, സമുദായം അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കുന്ന “നവോഥാന” പ്രവര്‍ത്തനങ്ങളും. ഒരു അപര സമൂഹമായി ഈ വിഭാഗം മാറിയതിനുപിന്നില്‍ പിന്നീടുണ്ടായ സംഘടനകളുടെ “സംഭാവന”കള്‍ അത്ര ചെറുതല്ല എന്നു വേണം കരുതാന്‍.
മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ ഈ വിഭാഗത്തിന്റെ ഇടയിലെ മത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെയാണ് എന്ന് ആണയിടുന്നവര്‍ തന്നെ പറയട്ടെ ഒരു നൂറ്റാണ്ടിനിടക്ക് എന്തു കാര്യമായ മാറ്റമാണ് മാപ്പിളപ്പെണ്ണിന്റെ ജീവിതത്തില്‍ കൊണ്ടുവന്നതെന്ന്. വിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായെന്ന് പറയപ്പെടുന്ന “മുന്നേറ്റ”ത്തിന്റെ ആഴവും പരപ്പും എത്രയെന്ന് ബോധ്യമാവാന്‍ അത്ര ദൂരമൊന്നും സഞ്ചരിക്കേണ്ടി വരില്ല.
പണ്ട് മാപ്പിളപ്പെണ്ണിന് അക്ഷരവും അതുവഴി പുറം ലോകത്തേക്കുള്ള വഴികളും വിലക്കിയ പൗരോഹിത്യ പ്രഭുത്വം രൂപ മാറ്റങ്ങളിലൂടെ ഇന്നും ശക്തമായ സാന്നിധ്യമായി നില കൊള്ളുന്നതായാണ് നവോഥാനത്തിന്റെ നാള്‍ വഴിയില്‍ കാണാനാവുക. നമ്പൂതിരിപ്പെണ്ണുങ്ങള്‍ അന്തര്‍ജനങ്ങളായിരുന്നതുപോലെ വാതില്‍ക്കൊടിയുടെ മറവില്‍ നിന്ന് ശബ്ദം കൊണ്ടു മാത്രം പുറംലോകത്ത് സാന്നിധ്യമറിയിച്ചിരുന്നവളായിരുന്നു മുസ്ലിം സ്ത്രീ.
പണ്ട് മാപ്പിളപ്പെണ്ണിന് അക്ഷരവും അതുവഴി പുറം ലോകത്തേക്കുള്ള വഴികളും വിലക്കിയ പൗരോഹിത്യ പ്രഭുത്വം രൂപ മാറ്റങ്ങളിലൂടെ ഇന്നും ശക്തമായ സാന്നിധ്യമായി നില കൊള്ളുന്നതായാണ് നവോഥാനത്തിന്റെ നാള്‍ വഴിയില്‍ കാണാനാവുക. നമ്പൂതിരിപ്പെണ്ണുങ്ങള്‍ അന്തര്‍ജനങ്ങളായിരുന്നതുപോലെ വാതില്‍ക്കൊടിയുടെ മറവില്‍ നിന്ന് ശബ്ദം കൊണ്ടു മാത്രം പുറംലോകത്ത് സാന്നിധ്യമറിയിച്ചിരുന്നവളായിരുന്നു മുസ്ലിം സ്ത്രീ. കരിപുരണ്ട അടുക്കളയില്‍ നിന്നും അവള്‍ക്ക് മോചനം ലഭിക്കാന്‍ പിന്നെയും കുറെ നാള്‍ വേണ്ടി വന്നെങ്കിലും ആ ഉള്‍വലിവ് ഏതെക്കൊയോ അര്‍ഥത്തില്‍ അവളുടെ സ്വത്വത്തില്‍ ഇന്നും അടിച്ചേല്‍പിക്കുന്നുണ്ട്.
മുസ്‌ലിം നവോഥാനത്തിന്റെ തട്ടകമായി വിശേഷിപ്പിക്കാറുള്ള മലബാറിലേക്ക് തന്നെ വരാം. ഇന്നും മരണ വീടുകളിലും കല്യാണ വീടുകളിലും പെണ്ണുങ്ങള്‍ക്ക് വീടിന്റെ പിന്നാമ്പുറത്തെ വഴി തന്നെയാണ് ശരണം. മരണ വീട്ടില്‍ ഏതെങ്കിലും പെണ്ണ് മുന്‍ വാതിലൂടെ കയറിച്ചെന്നാല്‍ കൂര്‍ത്തുമൂര്‍ത്ത നൂറു നൂറു കണ്ണുകള്‍ അവളെ വട്ടമിടും. ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത കുറ്റവാളിയെ പോലെ.
കല്യാണങ്ങള്‍ ഓഡിറ്റോറിയങ്ങളിലേക്ക് മാറിയെങ്കിലും അവിടെയും ഉണ്ട് ഈ വേ(ര്‍)ലിതിരിച്ചിലുകള്‍. കേവല വര്‍ത്തമാനങ്ങള്‍ എന്നതിലുപരി ഇതിനെയൊരു പ്രതീകമായിട്ടു വേണം കാണാന്‍. വിശ്വാസത്തിലേക്കും സമൂഹത്തിലേക്കും പെണ്ണ് കയറിച്ചെല്ലേണ്ടത് അതിന്റെ മുന്‍ വശത്തെ നേരായ വഴിയലൂടെയല്ല. മറിച്ച് ഇടുങ്ങിയതും വളഞ്ഞതുമായ പിന്നാമ്പുറത്തെ വഴികളിലൂടെയാണ് എന്നാണ്. ഇത് മുസ്‌ലിം സ്ത്രീകളോടും അവരുടെ പ്രശ്‌നങ്ങളോടുമുള്ള മൊത്തം സമീപനത്തിലും ഒളിഞ്ഞും തെളിഞ്ഞും കാണാനാവും.
ഊതിത്തുപ്പിയ വെള്ളവും ഉറുക്കും കൊണ്ട് പണ്ട് മാപ്പിളപ്പെണ്ണിനെ പറ്റിച്ച അതേ വഴികളില്‍ നിന്ന് എന്തു വ്യത്യാസമാണ് ഇന്ന് ചില ചാനലുകളില്‍ തലയില്‍ തട്ടമില്ല മൗലവിമാര്‍ ആഴ്ച തോറും നടത്തുന്ന “ദുആ കച്ചവട”ത്തിനും മദ്രസകള്‍തോറും ദാരിമികളും സഖാഫികളും നടത്തുന്ന വാരാന്ത ക്‌ളാസുകള്‍ക്കുമുള്ളത്?.
മുസ്‌ലിം നവോഥാനത്തിന്റെ ചരിത്ര നേട്ടങ്ങളിലൊരിടത്ത് സ്ത്രീ വിദ്യാഭ്യാസവും പള്ളിപ്രവേശവും അഹങ്കാരത്തോടെ എടുത്തുദ്ധരിക്കുന്നവരുണ്ട്. എന്താണ് വാസ്തവത്തില്‍ ഇതുകൊണ്ട് ഉണ്ടായിട്ടുള്ളത്. മുസ്‌ലിം സ്ത്രീയുടെ പുറം ലോകത്തേക്കുള്ള വരവിനെ പള്ളിയുടെ നാലതിരുകളില്‍ ഒതുക്കുകയല്‌ളേ ചെയ്തത്. തീരുമാനങ്ങള്‍ കയ്യാളുന്ന സഭയായ മഹല്ലുകളുടെ കവാടങ്ങള്‍ എന്തേ ഇക്കാലമായിട്ടും അവള്‍ക്കു മുന്നില്‍ തുറന്നിടാനുള്ള ധൈര്യം ഇക്കൂട്ടര്‍ കാണിക്കാത്തത്.
ഇന്നും സ്ത്രീ വിദ്യഭ്യാസത്തിന്റെ മാതൃകകളായി കൊണ്ടാടുന്ന വനിതാ കോളേജുകളും ഇസ്‌ലാമിക കലാലയങ്ങളും എന്തു മാത്രം അപരിഷ്‌കൃതമായ വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്? നടത്തുന്നവര്‍ക്കു തന്നെ അതില്‍ മതിപ്പില്ലാത്തവിധം പാഠ്യപദ്ധതികളും പഠന രീതികളും പഴഞ്ചന്‍ ആയിക്കഴിഞ്ഞിരിക്കുന്നു.
ഈ സ്ഥാപനങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന എത്ര പേര്‍ക്ക് വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്നുണ്ട്? സമൂഹത്തെ മാറ്റി നിര്‍ത്താം,അനിസ്‌ലാമികമെന്ന് ഇവിടെ പഠിപ്പിക്കപ്പെടുന്ന പലതിനോടും രാജിയാവാതെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ എത്ര പേര്‍ക്ക് കഴിയുന്നു?
മുസ്‌ലിം പെണ്‍കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തെയും നവോഥാനത്തിന്റെ ഭാഗമായി കാണുന്നവരുണ്ട്. യഥാര്‍ഥത്തില്‍ അവരില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ വഴിയേതാണ്? വിശ്വാസത്തില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് എന്നതിനപ്പുറം പൊതു സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മാറ്റത്തിന്റെ ഭാഗമായല്ലേ അതും.
തലയില്‍ തട്ടവും മഫ്തയും ധരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും തിളങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണമെടുത്ത് നവോഥാന മുന്നേറ്റമെന്ന് ഊറ്റം കൊള്ളുന്നവര്‍ മനസ്സിലേക്കേണ്ട ഒന്ന് അത് എപ്പോള്‍ വേണമെങ്കിലും ഊരിയെറിയാനുള്ള ത്വരയും അവരില്‍ ബഹുഭൂരിഭാഗത്തിന്റെയും ഉള്ളില്‍ ചുരമാന്തുന്നുണ്ട് എന്നതാണ്. അപ്പോള്‍ എന്തു തരം വിശ്വാസമാണ് ഇവരെയൊക്കെ മുന്നോട്ടു നയിക്കുന്നത്?
മറ്റു സ്ത്രീകളേക്കാള്‍ “മൊഞ്ചത്തി”കളായി തെരുവുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരണ് മലബാറിലെ പെണ്ണുങ്ങള്‍. (ഇതില്‍ പര്‍ദാധാരിണികളെ മാറ്റി നിര്‍ത്താം. കേളത്തിലെ മുസ്‌ലിം സ്ത്രീകളുടെ നവോത്ഥാനത്തിന്റെ കൊടിയടയാളമാണല്ലോ ആ കറുത്ത വേഷം) വില കൂടിയ റങ്കുള്ള സാരിയും ചുരിദാറും ജീന്‍സും ടോപ്പും ധരിക്കുന്നവരുണ്ട്.
മാപ്പിളപ്പെണ്ണുങ്ങളുടെ തെരുവിലേക്കുള്ള ഈ ഒഴുക്കിനെ നവോഥാനത്തിന്റെ ഭാഗമായി മതത്തിനകത്തെ ആരും വിശേഷിപ്പിക്കാറില്ല. മറിച്ച് അത് ആഗോള വല്‍ക്കരണത്തിന്റെയും ഉത്തരാധുനികതയുടെയും കുഴപ്പമായി പറയുന്നു. അപ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികളില്‍ ഉണ്ടായ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റം സമുദായത്തിനകത്തെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗവും മറ്റേത് സമൂഹത്തിലെ പ്രശ്‌നങ്ങളുടെ ഭാഗവുമാവുന്ന “നവോഥാന”ത്തിന് എന്തോ വൈകല്യമുണ്ടെന്നല്ലേഅര്‍ഥം.
ഊതിത്തുപ്പിയ വെള്ളവും ഉറുക്കും കൊണ്ട് പണ്ട് മാപ്പിളപ്പെണ്ണിനെ പറ്റിച്ച അതേ വഴികളില്‍ നിന്ന് എന്തു വ്യത്യാസമാണ് ഇന്ന് ചില ചാനലുകളില്‍ തലയില്‍ തട്ടമില്ല മൗലവിമാര്‍ ആഴ്ച തോറും നടത്തുന്ന “ദുആ കച്ചവട”ത്തിനും മദ്രസകള്‍തോറും ദാരിമികളും സഖാഫികളും നടത്തുന്ന വാരാന്ത ക്‌ളാസുകള്‍ക്കുമുള്ളത്?.
കുളി ഫര്‍ളാവുമ്പോഴും പ്രസവ വേദന കുറയ്ക്കുന്നതിനുമുള്ള ദുആകള്‍ ഏതെന്നു പഠിപ്പിക്കാനും കടമകളെ കുറിച്ച് ഉപദേശിക്കാനുമല്ലാതെ മുസ്‌ലിം സ്ത്രീകളെ ക്രിയാത്മകമായ വിശ്വാസത്തിന്റെ ചടുലതയിലേക്ക് കൈപിടിച്ചു നടത്താനും അതുവഴി അവരെ നീതിനിഷേധത്തിനനെതിരെയും സ്വന്തം അവകാശങ്ങളെക്കുറിച്ചും ജാഗ്രത്താക്കുന്നതിനും ഈ ഉസ്താദുമാര്‍ക്കും മൗലവിമാര്‍ക്കും ധൈര്യമുണ്ടോ?.
നൂറ്റാണ്ടു കാലമായില്ലേ പെണ്ണിനെ ഉപദേശിക്കാന്‍ തുടങ്ങിട്ട്. ഇനിയെങ്കിലും ഇതിനായി വിരിച്ച പായ സമുദായത്തിലെ ആണുങ്ങള്‍ക്കിരിക്കാന്‍ തിരിച്ചിട്ടു കൊടുത്തുകൂടെ എന്നാണ് ചോദിക്കാനുള്ളത്.
വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അധികാര കേന്ദ്രങ്ങളായി സ്വയം ചമയുന്ന പുരുഷാധികാര മഹല്ലുകളും അതിന് ഓശാന പാടുന്ന സംഘടനകളും തന്നെയാണ് മുസ്‌ലിം സ്ത്രീകളുടെ ഇത്തരം അവസ്ഥകളില്‍ ഏറ്റവും വലിയ ശാപമായി നില്‍ക്കുന്നത്.ഇവര്‍ മാപ്പിളപ്പെണ്ണിനോട് ചെയ്തുകൂട്ടിയ അന്യായതിന്റെ ആഴം അറിയണമെങ്കില്‍ നമ്മുടെയൊക്കെ വീടിന്റെ പരിസരങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി.
നവോത്ഥാനത്തിന്റെ പേരു പറഞ്ഞത് മുകള്‍ പരപ്പില്‍ നീന്തിത്തുടിച്ചും അഭിരമിച്ചും കഴിയുന്നവര്‍ അടിത്തട്ടിലെ ജീവിതങ്ങള്‍ കാണാതെ പോവുന്നത് അതീവ അപകടമായിരിക്കും. കേരള മുസ്ലിംകളുടെ ഇടയില്‍ കൂടിവരുന്ന വിവാഹ മോചനങ്ങള്‍ തന്നെയെടുക്കാം.
ദാമ്പത്യത്തില്‍ ഒന്നിച്ച ുമുന്നോട്ടു പോവാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ മാത്രം ആലോചിക്കേണ്ടതും തക്കതായ കാരണങ്ങള്‍ ഉള്ളതും അതും പല ഘട്ടങ്ങളിലായി ഏറ്റവും മാന്യമായി മാത്രം നിര്‍വഹിക്കാന്‍ ഖുര്‍ആര്‍ കര്‍ശനമായി താക്കീതു ചെയ്യുന്നതുമായ ഒന്നായ ത്വലാഖ് എത്രമാത്രം ലാഘവത്തോടെയും നിസ്സാരമായുമാണ് ദുരുപയോഗം ചെയ്യുന്നത്. വന്നു വന്ന് മൊബൈല്‍ എസ്.എം.എസുകള്‍ ആയിപോലും മൊഴി ചൊല്ലല്‍ സാധ്യമായിരിക്കുന്നു.
തികച്ചും ഏകപക്ഷീയമായ ഒരു “അവകാശ”മായി ഇതിനെ സമുദായത്തിനകത്തെ ആണുങ്ങള്‍ കാലാകാലങ്ങളായി ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയും എന്നാല്‍ സ്ത്രീക്ക് ഇക്കാര്യത്തില്‍ മതത്തിനകത്തുനിന്നും പുറത്തു നിന്നും ഉള്ള പ്രാഥമികമായ അവകാശവും നീതിയും നിഷേധിച്ചും “സമുദായത്തിലെ പണ്ഡിത നേതൃത്വ”ങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നു.
പതിറ്റാണ്ടുകളായി കടുത്ത അനീതിക്ക് ഇരകളായ നിസ്സഹായ സ്ത്രീ ജന്മങ്ങള്‍ ജീവിതാന്ത്യം വരെയുള്ള ദുരിതത്തിലേക്ക് ഉഴറി വീഴുന്നത് ഇവര്‍ക്കൊരു വേദനിക്കുന്ന കാഴ്ചയേയല്ല. വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അധികാര കേന്ദ്രങ്ങളായി സ്വയം ചമയുന്ന പുരുഷാധികാര മഹല്ലുകളും അതിന് ഓശാന പാടുന്ന സംഘടനകളും തന്നെയാണ് മുസ്‌ലിം സ്ത്രീകളുടെ ഇത്തരം അവസ്ഥകളില്‍ ഏറ്റവും വലിയ ശാപമായി നില്‍ക്കുന്നത്.
ഇവര്‍ മാപ്പിളപ്പെണ്ണിനോട് ചെയ്തുകൂട്ടിയ അന്യായതിന്റെ ആഴം അറിയണമെങ്കില്‍ നമ്മുടെയൊക്കെ വീടിന്റെ പരിസരങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. ഒരിക്കല്‍ തയ്യല്‍ കടയില്‍ തുണിയുമായി ചെന്നപ്പോള്‍ കരുവാളിച്ച മുഖം കുനിച്ചുവെച്ച് അവിടെയുള്ള മെഷീനിലൊന്നിലെ സൂചിക്കടിയില്‍ ജീവിതം തുന്നുന്ന ഒരു ഇരുപത്തിരണ്ടുകാരിയെ കണ്ടു. അവളുടെ തൊട്ടടുത്ത് ഒരു അഞ്ചു വയസ്സുകാരിയുമുണ്ടായിരുന്നു.
കുടിയും പെണ്ണുപിടുത്തവും മൂലം സഹികെട്ട് ആറു വര്‍ഷത്തെ ബന്ധത്തിനൊടുവില്‍ അവര്‍ വേര്‍പിരിഞ്ഞു. അഞ്ചു പൈസ നഷ്ടപരിഹാരം പോയിട്ട് കടം വാങ്ങി അയാള്‍ക്കു കൊടുത്ത പൊന്നും പണവും പോലും തിരിച്ചു കിട്ടിയില്ല.
സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രായമത്തൊത്ത സഹോദരങ്ങളും ഉമ്മയും ബാപ്പയും അടങ്ങുന്ന ദരിദ്ര കുടുംബത്തിലെ ആ പെണ്‍കുട്ടിക്ക് മുന്നില്‍ അവളുടെ അവകാശത്തെക്കുറിച്ചും നിഷേധിക്കപ്പെട്ട നീതിയെ കുറിച്ചും ക്‌ളാസെടുത്തുകൊടുക്കാന്‍ ഈ “നവോഥാന” കാലത്തും ആരുമുണ്ടായിരുന്നില്ല. ഒന്നും താങ്ങാന്‍ ആവാതെ ആ പിതാവ് ഹൃദയം പൊട്ടി മരിച്ചു. ഇപ്പോള്‍ ദിവസം കിട്ടുന്ന തുഛം കൂലിക്കു മുന്നില്‍ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ കണ്‍ തുടക്കുകയാണിവള്‍.
മലബാറിലെ തീരദേശ മേഖല എടുത്താല്‍ മാത്രം മതിയാവും മതത്തിനകത്ത് സ്ത്രീ ജീവിതത്തിന്റെ താളം എത്രമാത്രം പിഴച്ചിരിക്കുന്നു എന്ന് മനസ്സിക്കാന്‍. നിരക്ഷരരോ നാമ മാത്ര വിദ്യാഭ്യാസം ലഭിച്ചവരോ ആയ തീരദേശ വാസികളില്‍ എത്രപേര്‍ വിവാഹ മോചനത്തിന്റെ ഇരകളായി നിത്യദുഖത്തില്‍ കിടന്നുഴറുന്നു.
ഇത്തരം ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായത്തെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു എന്ന പതിവു പ്രതിരോധത്തി- നിറങ്ങുന്നവര്‍ ഒരു തീരദേശ മേഖലയെങ്കിലും സന്ദര്‍ശിച്ച് ഇതൊന്നു ബോധ്യപ്പെടണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.
ചിലര്‍ ദാമ്പത്യം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ “തന്റേതല്ലാത്ത കാരണത്താല്‍” വലിച്ചെറിയപ്പെടുമ്പോള്‍ രണ്ടും മൂന്നു കുട്ടികള്‍ ആയതിനുശേഷമായിരിക്കും മറ്റു പലവന്റെയും തനി നിറം പുറത്തു വരുക. ഒരു കയ്യറപ്പും കൂടാതെ ഇവരെ ജീവിതത്തിന്റെ പെരുവഴിയില്‍ തള്ളുന്നു.
ഈ സ്ത്രീയുടെയും കുട്ടികളുടെയും ബാക്കിയുള്ള ജീവിതം എന്തായിരിക്കുമെന്ന് നോക്കൂ. മക്കളെപ്പോറ്റാന്‍ ഉമ്മ ഏതെങ്കിലും ബന്ധു വീടുകളില്‍ ജോലിക്കു നില്‍ക്കും. ഔദാര്യമെന്നോണം കുട്ടികളെയും കൂടെ നിര്‍ത്താന്‍ ബന്ധുക്കള്‍ അനുവാദം നല്‍കും. പെണ്‍കുട്ടികളാണെങ്കില്‍ ബന്ധുക്കളടക്കം പലരുടെയും ലൈംഗിക ചൂഷണത്തിന് ഇരകളാവും.
ചിലര്‍ യതീംഖാനകളിലും എത്തും. ആണ്‍കുട്ടികള്‍ മതിയായ സംരക്ഷണവും ശ്രദ്ധയും കിട്ടാതെ ലഹരി വസ്തുക്കള്‍ക്ക് അടിപ്പെടുകയോ കുറ്റവാളികളായി മാറുകയോ ചെയ്യുന്നു.
ഇങ്ങനെ ഇവരുടെ ജീവിതങ്ങള്‍ തേഞ്ഞു തീരുമ്പോഴാണ് സമുദായത്തിനകത്ത് കുറ്റവാളികള്‍ പെരുകുന്നതിന്റെയും വ്യഭിചാരം വര്‍ധിക്കുന്നതിന്റെയും കാരണം വിശദീകരിച്ച് പലരും വെള്ളിയാഴ്ച ഖുതുബകളിലടക്കം പ്രസംഗ പരമ്പരകള്‍ തീര്‍ക്കാനിറങ്ങുക.
ഇത്തരം ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സമുദായത്തെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു എന്ന പതിവു പ്രതിരോധത്തിനിറങ്ങുന്നവര്‍ ഒരു തീരദേശ മേഖലയെങ്കിലും സന്ദര്‍ശിച്ച് ഇതൊന്നു ബോധ്യപ്പെടണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.
മതം ആചരിക്കുന്ന കാക്കത്തൊള്ളായിരം സംഘടനകളുടെ സര്‍വ ദീനിനെയും പൊളിക്കാന്‍ പറ്റിയ ഇത്ര നല്ല തലവാചകം വേറെ ഇല്ല. അഥവാ പെണ്ണിന് പള്ളിവരെ ആവാം..(അതല്ല)പള്ളിക്കടുത്തുള്ള നമസ്‌കാര മുറി വരെ ആവാം..അതിനപ്പുറം പോയാല്‍….
പടച്ചവന്റെ കാരുണ്യം മൊത്തമായി വിലകെട്ടിയെടുക്കാന്‍ അനാഥകളുടെ സംരക്ഷണത്തിന് യതീംഖാനകള്‍ ഉണ്ടാക്കാന്‍ മല്‍സരമാണ്. തനിക്കാക്കി വെടക്കാക്കുന്ന ഇത്തരം “ദീനീ സേവനങ്ങള്‍”ക്കുപരി നിയമപരമായ സംരക്ഷണമാണ് അവര്‍ക്ക് ആദ്യം ഉറപ്പാക്കേണ്ടത്. എന്നാല്‍, നിയമത്തിന്റെ കാര്യം വരുമ്പോള്‍ പുരോഗമന വാദികള്‍ അടക്കം ഭരണകൂടത്തെയും നീതി ന്യായ സംവിധാനത്തെയും പേടിപ്പിച്ചു നിര്‍ത്തുകയാണ്.
ഏകസിവില്‍ കോഡ് എന്ന പരിചയാണ് അതിന് ഉയര്‍ത്തിപിടിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കി വെച്ച മുസ്ലിം വ്യക്തി നിയമത്തിന്റെ പ്രശ്‌നങ്ങളും കുറവുകളും ഇപ്പോള്‍ മതസംഘടനകള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഖുര്‍ആനിക നിയമങ്ങളുടെ അച്ചട്ടായ പകര്‍പ്പല്ല അത് എന്ന് ബോധ്യപ്പെട്ടുക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ അത് പരിഷ്‌കരിച്ച് നീതി നടപ്പാക്കുന്നതിനെ എന്തിനാണ് ഏകസിവില്‍ കോഡുമായി ബന്ധിപ്പിക്കുന്നതും അതിലേക്ക് വഴിമാറിപ്പോവുമോ എന്നു ഭയപ്പെടുന്നതും.
നീതിയുക്തവും ക്രിയാത്മകവുമായ പ്രശ്‌നപരിഹാരത്തിനും പരിഷ്‌കരണത്തിനും വഴിയൊരുക്കുന്നതിന് മതത്തിനകത്തെ മര്‍ഗങ്ങളായ ഇജ്തിഹാദിന്റെയും ഇജ്മാഇന്റെയും വഴികള്‍ ഒരു ഭാഗത്ത് കൊട്ടിയടച്ചിരിക്കുന്നു. മറു വശത്ത് നീതി നടപ്പാക്കാനുള്ള നിയമപരമായ ശ്രമങ്ങള്‍ക്കു നേരെ മുഷ്ടി ചുരുട്ടുകയും ചെയ്യുന്നു.
സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കുന്ന വിവാഹമോചനത്തിനുള്ള അവകാശമായ ഖുല്‍അും ഫസ്ഖും ഈലാഅും ത്വലാഖിനെ പോലെ ഇവിടെയാരും ഉച്ചത്തില്‍ പറയാറില്ല. അതും ശരീഅത്ത് അനുശാസിക്കുന്ന നിയമമാണല്ലോ. പുരുഷന്റെ ദുര്‍നടപ്പും ദുശ്ശീലങ്ങളും കാരണം വൈവാഹിക ജീവിതം നരകതുല്യമാവുന്ന നമ്മുടെ സ്ത്രീകളില്‍ എത്ര പേര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ട്. ഇത് മൂടിവെക്കാനുള്ള ത്വര ത്വലാഖിന്റെ കാര്യത്തിലടക്കം പുരുഷനു നല്‍കുന്ന സര്‍വ പിന്തുണയുടെ വിഷയത്തില്‍ എന്താണ് മഹല്ലുകളും സംഘടനകളും കാണിക്കാത്തത്.
വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് അവള്‍ക്ക് സധൈര്യം വിസമ്മതിക്കാം. എന്നാല്‍, മതപരമായി ഇത്തരം അവകാശങ്ങള്‍ ഒന്നും ഇല്ലാത്ത ഇതര സമൂഹത്തിലെ പെണ്ണുങ്ങള്‍ക്ക് കിട്ടുന്ന സ്ഥാനംപോലും മുസ്ലിം സ്ത്രീകള്‍ക്ക് ഇവിടെ ലഭിക്കുന്നില്ല.
ഹിന്ദുകൃസ്ത്യന്‍ വിവാഹങ്ങളില്‍ കതിര്‍മണ്ഡപത്തിലും അള്‍ത്താരക്കു മുന്നിലും ചടങ്ങുകളില്‍ വരനൊപ്പം വധുവും നിറ സാന്നിധ്യമാവുമ്പോള്‍ നിക്കാഹിന്റെ വേദിയില്‍ മുസ്‌ലിം പെണ്ണിന്റെ നിഴലുപോലും കാണാനാവില്ല. ജീവിതത്തിന്റെ പരമ പ്രധാന ഘട്ടത്തില്‍ പോലും അവളുടെ സാന്നിധ്യം അരികിലേക്കു മാറ്റി നിര്‍ത്തപ്പെടുന്നു. സ്വന്തം സാക്ഷ്യം പോലും ഖുര്‍ആനിന്റെ പേരും പറഞ്ഞ് ക്രൂരമായി നിഷേധിക്കപ്പെടുന്നു.
“യാത്രക്കാരായ സ്ത്രീകര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുണ്ട്”
കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് അടുത്തിടെയായി ശ്രദ്ധയില്‍പ്പതിഞ്ഞ ഒരു ബോര്‍ഡിലെ വാചകങ്ങള്‍ മേല്‍പറഞ്ഞതായിരിക്കും. മതം ആചരിക്കുന്ന കാക്കത്തൊള്ളായിരം സംഘടനകളുടെ സര്‍വ ദീനിനെയും പൊളിക്കാന്‍ പറ്റിയ ഇത്ര നല്ല തലവാചകം വേറെ ഇല്ല. അഥവാ പെണ്ണിന് പള്ളിവരെ ആവാം..(അതല്ല)പള്ളിക്കടുത്തുള്ള നമസ്‌കാര മുറി വരെ ആവാം..അതിനപ്പുറം പോയാല്‍….
അധിക വായനക്ക്:
ശബ്ദമില്ലാത്തവര്‍ക്കൊരു കൊടി (ഹൈറുന്നീസ)
മാപ്പിളക്കളത്തിലെ കാലാളുകള്‍… (വി.പി റജീന)
“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല”: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (വാര്‍ത്ത)
ലേഖികയുടെ ഇ മെയില്‍ വിലാസം:thasleenak