[] കാന്‍സര്‍ രോഗബാധിതരായ യുവമിഥുനങ്ങളുടെ തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം” ദി ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്” ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഹോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷെയ്‌ലീന്‍ വുഡ്‌ലീ, ആന്‍സെല്‍ എല്‍ഗോര്‍ട്ട്, നാറ്റ് വൂള്‍ഫ് എന്നിവരുടെ പ്രകടനത്താല്‍ വന്‍വിജയമായ ചിത്രം ഹോമി അഡജാനിയയാണ് സംവിധാനം ചെയ്യുന്നത്.
ദീപിക പദുക്കോണും വരുണ്‍ ധവാനുമാണ് സിനിമയിലെ പ്രണയജോഡികളാവുന്നത്. ചിത്രത്തില്‍ ഇരുവരും ടീനേജ് കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് പ്രത്യേകത. വളരെയധികം ഗൗരവമുള്ള ഈ പ്രമേയം അല്‍പം നര്‍മ്മം ചാലിച്ചാണ് ബോളിവുഡില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഹോമി അഡജാനിയ പറഞ്ഞു.
ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റായ “ഫൈന്‍ഡിംഗ് ഫാനി”ക്ക് ശേഷം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ദിനേഷ് വിജന്റെ മഡ്ഡോക് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2012ല്‍ ജോണ്‍ ഗ്രീന്‍ എഴുതിയ നോവലിന്റെ സിനിമ ഭാഷ്യമായ ” ദി ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്” 2015 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.
“ദ ഇന്‍ടച്ചബിള്‍സ്” എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും വരുണ്‍ ധവാനാണ് നായകന്‍. ആഷിക്കി 2 നായകന്‍ ആദിത്യ കപൂറും വരുണിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന നൃത്തപ്രാധാന്യമുള്ള ചിത്രം “എബി.സി.ഡി 2″വിന്റെ തിരക്കിലാണ് ഇപ്പോള്‍ വരുണ്‍. ശ്രദ്ധകപൂറാണ് ചിത്രത്തിലെ നായിക.