'ഞാനാണ് തെറ്റ് ചെയ്തത്'; കാതൽ ഒരച്ഛന്റെ ഏറ്റുപറച്ചിലാണ്
Film News
'ഞാനാണ് തെറ്റ് ചെയ്തത്'; കാതൽ ഒരച്ഛന്റെ ഏറ്റുപറച്ചിലാണ്
ഹുദ തബസ്സും കെ.കെ
Friday, 24th November 2023, 5:49 pm

വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു വ്യക്തിയുടെ സ്വത്തബോധത്തെ തുറന്നുകാട്ടുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. ചിത്രത്തിൽ എടുത്തു പറയേണ്ട രണ്ട് കഥാപാത്രമാണ് മാത്യുവും അച്ഛൻ ദേവസിയും.

പല കുടുംബങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ അച്ഛനും മകനും തമ്മിലുള്ള അന്തരം കൂടാറുണ്ട്. ചില കുടുംബങ്ങളിൽ മകൻ അച്ഛനോട് സംസാരിക്കാറില്ല. തന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്താൻ ഭയന്നു ജീവിച്ച മാത്യു എന്ന കഥാപാത്രവും അനുഭവിച്ചത് ഇതാണ്.

തന്റെ അച്ഛൻ എല്ലാ സ്വാതന്ത്ര്യത്തോടുകൂടിയാണ് തന്നെ വളർത്തിയത്, എന്നാൽ തനിക്ക് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നില്ല എന്നും മാത്യു പറയുന്നുണ്ട്. മകന്റെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞിട്ടും അത് അംഗീകാതെ വളർത്തി വലുതാക്കിയ ദേവസി എന്ന കഥാപാത്രം സമൂഹത്തിലെ ഒരുപാട് മാതാപിതാക്കളുടെ പ്രതിനിധിയാണ്.

എന്നാൽ കഴിഞ്ഞ 20 വർഷം മാത്യു ജീവിച്ചത് തന്റെ സ്വത്തബോധത്തെ മറച്ചു വെച്ചിട്ടാണ്. കല്യാണം കഴിച്ചാൽ ശരിയാകും എന്ന് പറഞ്ഞു ഓമനയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊടുക്കുമ്പോൾ അവിടെ തല്ലിതകർത്തത് അവരുടെ ജീവിതമാണ്. എല്ലാം മറച്ചുപിടിച്ച് ഉൾവലിഞ്ഞ് ജീവിച്ച മാത്യുവിന്റെ ഈ അവസ്ഥക്ക് കാരണം താനാണെന്ന ബോധ്യമാണ് സിനിമയിലൂടനീളം ദേവസി എന്ന അച്ഛൻ കഥാപാത്രത്തിന്റെ ആ തലകുനിഞ്ഞുള്ള ഇരുപ്പ്.

മകന്റെ ഇത്രയും വർഷം തല്ലിത്തകർത്തത് താനാണെന്ന് അച്ഛൻ കോടതിയിൽ പറയുമ്പോൾ അതിൽ ഒരു പിതാവിന്റെ ഏറ്റുപറച്ചിലാണ് തുറന്നു കാട്ടുന്നത്. ‘ഞാനാണ് തെറ്റ് ചെയ്തത്’ എന്ന അച്ഛന്റെ വാക്കിൽ മാത്യുവിന്റെ കഴിഞ്ഞ 20 വർഷത്തെ ജീവിതം എത്രത്തോളം ദുസഹമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

അച്ഛൻ തെറ്റ് കോടതിയിൽ ഏറ്റുപറഞ്ഞതിനുശേഷം മാത്യു വീട്ടിലേക്ക് കയറി വരുന്ന ഒരു സിനുണ്ട്. ഉള്ളിലേക്ക് കയറിപോകാനൊരുങ്ങിയ മാത്യു തിരിച്ചുവന്ന് അച്ഛനോട് സംസാരിക്കുമ്പോൾ അത്രയും വർഷം ഇരുട്ടിൽ ആയിരുന്ന ഒരച്ഛൻ മകൻ ബന്ധത്തിലേക്ക് വെളിച്ചമേകുകയാണ്. സിനിമയിലെ അവസാന ഭാഗത്തിൽ അച്ഛനെ കെട്ടിപ്പിടിക്കുമ്പോൾ താൻ ചെയ്ത എല്ലാ പാപങ്ങളും പൊറുത്തു തരണമെന്ന ധ്വനിയാണ് അച്ഛന്റെ കണ്ണീരിലുള്ളത്. പിന്നീടുള്ള സീനുകളിൽ ഒരച്ഛന്റെയും മകൻന്റെയും യഥാർത്ഥ സ്നേഹം പ്രകടനങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നുണ്ട്. അച്ഛന്റെ മുഖം ഉയരുന്നത് തന്നെ തന്റെ മകനെ അഭിമുഖീകരിക്കാൻ കഴിയുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

മാത്യുവിന്റെയും അച്ഛന്റെയും ബന്ധം വിരൽ ചൂണ്ടുന്നത് ഇന്ന് സമൂഹത്തിൽ ജീവിക്കുന്ന ഒരുപാട് വ്യക്തികളുടെ നേരെയാണ്. കല്യാണം കഴിച്ചാൽ ശരിയാകും എന്ന പ്രയോഗത്തിലൂടെ ഇന്നും തനിക്ക് അനുയോജ്യമല്ലാത്ത പങ്കാളിയുടെ കൂടെ ജീവതം ജീവിച്ചു തീർക്കുന്ന ഒരുപാട് വ്യക്തികളെ ഓമനയിലൂടെയും മാത്യുവിലൂടെയും തുറന്നുകാട്ടുകയാണ് ജിയോ ബേബി.

ഇവിടെ ഒരാള്‍ക്ക് മാത്രമല്ല തന്റെ ജീവിതം നഷ്ടമാകുന്നത്, താന്‍ ഡിവോഴ്‌സ് വാങ്ങുന്നത് തനിക്ക് വേണ്ടി മാത്രമല്ല മറിച്ച് മാത്യുവിനും അയാള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം ലഭിക്കാന്‍ വേണ്ടിയാണെന്നും ഓമനയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട് സിനിമയില്‍.

കഴിഞ്ഞ 20 വര്‍ഷത്തെ അവരുടെ ദാമ്പത്യം എത്രമാത്രം കയ്‌പേറിയതായിരുന്നെന്ന് പ്രേക്ഷകന്‍ കൂടുതല്‍ മനസിലാക്കുന്നതും ഓമനയിലൂടെയാണ്.

പങ്കാളിക്ക് തന്നെ താത്പര്യമില്ലെന്ന് അറിഞ്ഞിട്ടും വര്‍ഷങ്ങളോളം തന്റെ ശാരീരിക ആവശ്യങ്ങളെ തൃപ്തിപ്പെടാത്ത ജീവിക്കേണ്ടിവരുന്നവരുടെ ദുരവസ്ഥയെ വളരെ കൃത്യമായി വരച്ചിടുന്നുണ്ട് കാതലിലൂടെ ജിയോ ബേബി.

Content Highlight: The father son relationship in kathal the core movie

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം