|

'അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേര്‍ക്ക് ജീവിതം ലഭിച്ചാല്‍ അതല്ലേ നല്ലത്', 'ജാതി മതില്‍' തകര്‍ന്ന് മരിച്ച കുട്ടികളുടെ അച്ഛന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേട്ടുപ്പാളയം: മരണപ്പെട്ട തന്റെ കുട്ടികളുടെ കണ്ണുകള്‍ ദാനം ചെയ്യാമെന്നറിയിച്ച് മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് മരണപ്പെട്ട കുട്ടികളുടെ അച്ഛന്‍ സെല്‍വരാജ്.

മരണപ്പെട്ട രണ്ടു കുട്ടികളായ നിവേദ [18] രാമനാഥന്‍ 15 എന്നീ കുട്ടികളാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പെയ്ത കനത്തമഴയില്‍ സ്ഥലമുടമ സ്ഥാപിച്ച ചുറ്റു മതില്‍ തകര്‍ന്ന് മരിച്ചത്. സ്ഥലത്തെ ദളിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടായാണ് ഇയാള്‍ ചുറ്റുമതില്‍ സ്ഥാപിക്കുന്നത്.
ഈ മതില്‍ തകര്‍ന്നു വീണ് സമീപത്തെ നാലു വീടുകളില്‍ നിന്നായി പതിനേഴ് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അവരുടെ മൃതശരീരം കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യും. അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്’? സെല്‍വരാജ് പറയുന്നു. സെല്‍വരാജിന്റെ ഭാര്യ ലക്ഷ്മി നേരത്തെ മരണപ്പെട്ടതാണ്. ആകെ കൂട്ടിനുണ്ടായിരുന്ന രണ്ടു മക്കളെയും ഇപ്പോള്‍ നഷ്ടപ്പെട്ടു.

കോയമ്പത്തൂരിലെ നാടൂര്‍ ഗ്രാമത്തിലെ ഒരു ചായക്കടയില്‍ ജോലി ചെയ്യുന്ന സെല്‍വ രാജിന്റെ രണ്ടു മക്കളും ഇവരുടെ ബന്ധുവായ ശിവകാമിയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ വീടിനു മേലേക്ക് ഞാറാഴ്ചയുണ്ടായ കനത്ത മഴയില്‍ കൂറ്റന്‍ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടം ഇരുവരും വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്നു.

സമീപത്തെ സ്ഥലമുടമയായ എസ്.ശിവസുബ്രമണ്യം ആണ് ദളിതുകള്‍ തന്റെ സ്ഥലത്തേക്ക് കയറുന്നത് തടയാന്‍ വേണ്ടി മതിലിന്റെ ഉയരം ഉയര്‍ത്തി പണിയുകയായിരുന്നു.

അരുന്ധതിയാര്‍ വിഭാഗത്തില്‍പ്പെട്ട 150 ഓളം കുടുംബങ്ങള്‍ ഏതാണ്ട് 60 വര്‍ഷത്തിലധികമായി താമസിച്ചുവരികയായിരുന്ന നടൂരിലെ ആദിദ്രാവിഡ കോളനിയോട് ചേര്‍ന്ന് പുതുതായി സ്ഥലം വാങ്ങുകയായിരുന്നു ശിവസുബ്രമണ്യം.

ഇവിടെ വീട് നിര്‍മ്മിച്ച ടെക്സ്‌റ്റൈല്‍സ് ഉടമയായ ഇയാള്‍ കോളനിയെ തന്റെ സ്ഥലവുമായി വേര്‍തിരിക്കാന്‍ വേണ്ടി ഏതാണ്ട് ഒരേക്കറോളം ചുറ്റളവില്‍ കൂറ്റന്‍ ചുറ്റുമതില്‍ നിര്‍മിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പതിനേഴു പേരുടെ മരണത്തിന് കാരണക്കാരനായ എസ്. ശിവസുബ്രമണ്യത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ഡിസംബര്‍ പതിനേഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

ഐ.പി.സി സെക്ഷന്‍ 304 പ്രകാരം നരഹത്യക്കും ഐ.പി.സി സെക്ഷന്‍ 4 തമിഴ്‌നാട് പ്രോപര്‍ട്ടി ആക്ട് പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Video Stories