| Saturday, 9th December 2023, 9:14 am

ഹാദിയയെ കാണാനില്ലെന്ന് അച്ഛന്റെ ഹരജി: അച്ഛനെ സംഘപരിവാര്‍ ആയുധമാക്കുന്നുവെന്ന് ഹാദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താന്‍ സുരക്ഷിതയാണെന്നും സമാധാനത്തോടെ ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയ. മതമാറ്റവും വിവാഹവും അംഗീകരിക്കാന്‍ നിയമപരമായി പോരാടിയ ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ അച്ഛന്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ഹാദിയ.

തന്റെ ജീവിതത്തെ സംബന്ധിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും തന്റെ പിതാവിനെ സംഘപരിവാര്‍ ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണെന്നും ഹാദിയ കുറ്റപ്പെടുത്തി. സംഘപരിവാറിന്റെ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് സങ്കടകരമാണെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളിലൂടെ വ്യക്തി ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹാദിയ വ്യക്തമാക്കി.

വേര്‍പിരിയാനും പുനര്‍വിവാഹം ചെയ്യാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്ന് ഹാദിയ പറഞ്ഞു. അതിനാല്‍ തന്റെ കാര്യത്തില്‍ എന്തിനാണ് സമൂഹം അസ്വസ്ഥരാകുന്നതെന്ന് ഹാദിയ ചോദിച്ചു. മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ തന്റെ സ്വകാര്യത ഇല്ലാതാക്കുന്നുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

സേലത്ത് ഡി.എ.എച്ച്.എം.എസ് കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കെ ഹാദിയയെ സുഹൃത്ത് മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച്, അശോകന്‍ 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ എന്‍.ഐ.എയടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന് ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്ന് ഹൈക്കോടതിയില്‍ ഹാദിയ വ്യക്തമാക്കിയിരുന്നു.

അതേസമയം മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്ന അച്ഛന്റെ വാദത്തെ തുടര്‍ന്ന് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയിരുന്നു. കോടതി മകളെ മാതാപിതാക്കളോടൊപ്പം വിട്ടതിനെ തുടര്‍ന്ന്, ഹാദിയയെ വീട്ടുതങ്കലിലാക്കിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയുണ്ടായി.

പിന്നീട് വിവാഹം റദ്ദാക്കിയതിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ നല്‍കിയ ഹരജിയില്‍ ഹാദിയയെ ഷെഫിനോടൊപ്പം വിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ചകള്‍ മൂലം ഏഴുവര്‍ഷത്തിന് ശേഷം ഹാദിയ വിവാഹമോചനം നേടി തിരുവനന്തപുരം സ്വദേശിയെ വിവാഹം ചെയ്യുകയുമുണ്ടായി.

Content Highlight: The father filed a petition in the High Court that Hadiya is missing

Latest Stories

We use cookies to give you the best possible experience. Learn more