| Saturday, 2nd March 2024, 4:45 pm

അറംപറ്റിയ റെക്കോഡുമായി രണ്ട് ബംഗ്ലാ താരങ്ങള്‍; മൂന്ന് വ്യത്യസ്ത ടീം, മൂന്ന് വ്യത്യസ്ത ഫൈനല്‍, മൂന്ന് വ്യത്യസ്ത തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ 2024 എഡിഷനില്‍ കോമില്ല വിക്ടോറിയന്‍സിനെ പരാജയപ്പെടുത്തി ഫോര്‍ച്യൂണ്‍ ബാരിഷല്‍ കിരീടമുയര്‍ത്തിയിരുന്നു. ഷേര്‍ ഇ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിക്ടോറിയന്‍സ് പരാജയപ്പെട്ടത്.

വിക്ടോറിയന്‍സ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാരിഷല്‍ ആറ് പന്തും ആറ് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു. വിന്‍ഡീസ് സൂപ്പര്‍ താരം കൈല്‍ മയേഴ്‌സിന്റെയും ബംഗ്ലാദേശ് വെടിക്കെട്ട് താരം തമീം ഇഖ്ബാലിന്റെയും കരുത്തിലാണ് ബാരിഷല്‍ വിജയം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തിലെ പരാജയത്തില്‍ കോമില്ല വിക്ടോറിയന്‍സ് ടീം നിരാശരാണെങ്കിലും ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒരാള്‍ ടീമിനൊപ്പമുണ്ട്. മൂന്ന് തവണ കയ്യകലത്ത് നിന്നും ബി.പി.എല്‍ കിരീടം നഷ്ടപ്പെട്ട തൗഹിദ് ഹൃദോയ്‌യാണ് ആ താരം.

മൂന്ന് വ്യത്യസ്ത ടീമിനൊപ്പം ഫൈനല്‍ കളിക്കുകയും മൂന്നിലും പരാജയപ്പെട്ടുമാണ് ഹൃദോയ് നിരാശുടെ പടുകൂഴിയിലേക്ക് വീണത്.

2024ല്‍ വിക്ടോറിയന്‍സിനൊപ്പം കിരീടം നഷ്ടപ്പെട്ട ഹൃദോയ് 2023ല്‍ സിലെറ്റ് സ്‌ട്രൈക്കേഴ്‌സിനൊപ്പവും 2022ല്‍ ഫോര്‍ച്യൂണ്‍ ബാരിഷലിനൊപ്പവും രണ്ടാം സ്ഥാനം നേടി.

2022ലും 2023ലും നിലവിലെ ടീമായ കൊമില്ല വിക്ടോറിയന്‍സിനോടായിരുന്നു ഹൃദോയ് പരാജയപ്പെട്ടത്. 2022ല്‍ ഒരു റണ്ണിന് തോറ്റപ്പോള്‍ 2023ല്‍ ഏഴ് വിക്കറ്റിനാണ് കൊമില്ല വിജയിച്ചത്.

ഹൃദോയ്‌യെ പോലെ ഇക്കാര്യത്തില്‍ തുല്യദുഃഖിതനായ മറ്റൊരു താരവും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലുണ്ട്. 2022ലും 2023ലും ഹൃദോയ് യുടെ സഹതാരമായിരുന്ന നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ആ നിര്‍ഭാഗ്യവാന്‍.

2023നും 2022നും പുറമെ 2020ലാണ് ഷാന്റോ ഫൈനലില്‍ പരാജയമറിഞ്ഞത്. അന്ന് കുല്‍ന ടൈഗേഴ്‌സിന്റെ താരമായിരുന്ന ഷാന്റോ കലാശപ്പോരാട്ടത്തില്‍ രാജ്ഷാഹി റോയല്‍സിനോട് തോല്‍ക്കുകയായിരുന്നു.

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ

2020ല്‍ കുല്‍ന ടൈഗേഴ്‌സിനൊപ്പം റണ്ണേഴ്‌സ് അപ് – രാജ്ഷാഹി റോയല്‍സിനോട് 21 റണ്‍സ് തോല്‍വി.

2022 – ഫോര്‍ച്യൂണ്‍ ബാരിഷലിനൊപ്പം റണ്ണേഴ്‌സ് അപ് – കൊമില്ല വിക്ടോറിയന്‍സിനോട് ഒരു റണ്ണിന്റെ തോല്‍വി.

2023 – സിലെറ്റ് സ്‌ട്രൈക്കേഴ്‌സിനൊപ്പം റണ്ണേഴ്‌സ് അപ് – കൊമില്ല വിക്ടോറിയന്‍സിനോട് ഏഴ് വിക്കറ്റ് തോല്‍വി.

തൗഹിദ് ഹൃദോയ്

2022 – ഫോര്‍ച്യൂണ്‍ ബാരിഷലിനൊപ്പം റണ്ണേഴ്‌സ് അപ് – കൊമില്ല വിക്ടോറിയന്‍സിനോട് ഒരു റണ്ണിന്റെ തോല്‍വി.

2023 – സിലെറ്റ് സ്‌ട്രൈക്കേഴ്‌സിനൊപ്പം റണ്ണേഴ്‌സ് അപ് – കൊമില്ല വിക്ടോറിയന്‍സിനോട് ഏഴ് വിക്കറ്റ് തോല്‍വി.

2024 – കോമില്ല വിക്ടോറിയന്‍സിനൊപ്പം റണ്ണേഴ്‌സ് അപ് – ഫോര്‍ച്യൂണ്‍ ബാരിഷലിനോട് ആറ് വിക്കറ്റ് തോല്‍വി.

Content Highlight:  The fate of Najmul Hossain Shanto and Tauhid Hridoi in Bangladesh Premier League

Latest Stories

We use cookies to give you the best possible experience. Learn more