ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍. കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ കര്‍ഷക നേതാക്കളെ നേരിട്ട് കണ്ടു സംസാരിക്കണമെന്നും സര്‍വാന്‍ സിങ് ആവശ്യപ്പെട്ടു.
ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ പാന്ദേര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒന്നുകില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക അല്ലെങ്കില്‍ സമാധാനപരമായി പ്രതിഷേധം നടത്താന്‍ അനുവദിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ദല്‍ഹിയുടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരും ജെ.സി.ബികളും എത്തുമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കര്‍ഷകരെ പൊലീസ് മര്‍ദിക്കുന്നതില്‍ പ്രതിഷേധിച്ച് സമര പരിപാടികള്‍ കടുപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടാണ് കിസാന്‍ മോര്‍ച്ച രംഗത്ത് വന്നത്.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 16ന് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള സകല വഴികളും അടച്ചിടാനും പഞ്ചാബ് ചാപ്റ്റര്‍ തീരുമാനിച്ചു.
ഇതേദിവസം തന്നെ കര്‍ഷകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനും ഗ്രാമീണ്‍ ബന്ദ് ആചരിക്കുവാനും സംഘടനയിലെ അംഗങ്ങളോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.