കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോള്‍ കണ്ണൂരില്‍ തന്നെയുള്ള കര്‍ഷക സമരങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജനുവരി 1, 2, 3 തീയ്യതികളിലായാണ് കണ്ണൂരില്‍ വച്ച് സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക മുന്നേറ്റങ്ങളോട് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ് കണ്ണൂരിലെ വിവിധ കര്‍ഷക സമര നേതാക്കള്‍.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ബൈപാസ് പദ്ധതിക്കായി കീഴാറ്റൂരിലെ നാല് കിലോമീറ്റര്‍ വയല്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയായ സി.പി.എമ്മും സര്‍വ സന്നാഹങ്ങളുമായി ഇറങ്ങിയപ്പോള്‍ അവരുടെ വയല്‍ വിരുദ്ധ നിലപാടുകള്‍ക്ക് സ്തുതി പാടിയവരാണ് കര്‍ഷകത്തൊഴിലാളി യൂണിയനെന്ന് കീഴാറ്റൂര്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു.
‘കോര്‍പ്പറേറ്റ് വികസനത്തിനായി വയല്‍ ഭൂമി വിട്ടുകൊടുക്കില്ല എന്ന കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ മുദ്രാവാക്യം യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തേണ്ടിയിരുന്നത് കര്‍ഷക സംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും ഒക്കെയാണ്. ദൗര്‍ഭാഗ്യവശാല്‍ വയല്‍ നികത്തിയേ മതിയാകൂ എന്ന നിലപാടായിരുന്നു ഈ സംഘടനകള്‍ കീഴാറ്റൂരില്‍ സ്വീകരിച്ചത്.
വയല്‍ നികത്താന്‍ ഞങ്ങള്‍ക്കു സമ്മതമാണെന്ന് കാണിച്ച് വയലില്‍ ചെങ്കൊടി കുത്താന്‍ പോലും ഇവര്‍ തയ്യാറായി. വയല്‍ നികത്താനാവശ്യപ്പെട്ട് വയലില്‍ കൊടികുത്തുന്ന ഇത്തരം കര്‍ഷക പ്രസ്ഥാനങ്ങള്‍ പുതിയ കാലത്തിന്റെ പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. വയല്‍ക്കിളി സമരത്തെ കര്‍ഷക പ്രസ്ഥാനമെന്നവകാശപ്പെടുന്നവര്‍ നേരിട്ട രീതി കേരളം കണ്ടതാണ്.
‘വയല്‍ നികത്തും കുന്നിടിക്കും വികസനം വേണം’ എന്ന് കീഴാറ്റൂരിലെ റോഡില്‍ എഴുതി വച്ചവര്‍ കര്‍ഷകത്തൊഴിലാളി സമ്മേളനത്തിന്റെ മാറ്റ്് കൂട്ടാനൊരുങ്ങുന്നതില്‍ കണ്ണില്‍ തറയ്ക്കുന്ന വൈരുദ്ധ്യമുണ്ട്. മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന പദ്ധതികളെ എതിരഭിപ്രായമില്ലാതെ വിനീതവിധേയരായി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. കീഴാറ്റൂരിലെ കര്‍ഷക ജനത പ്രതിരോധത്തിന്റെ നെടുങ്കോട്ട തീര്‍ത്തു. വയല്‍ നികത്തിയാല്‍ കിണറ് വറ്റും എന്ന സാമാന്യ പാരിസ്ഥിതിക ചിന്തയാണ് വയല്‍ക്കിളികള്‍ മുന്നോട്ടു വച്ചത്. വെള്ളം വറ്റിയാല്‍ കുടിവെള്ള പദ്ധതിയാരംഭിച്ച് എല്ലാവര്‍ക്കും വെള്ളം ലഭ്യമാക്കും എന്നു പറഞ്ഞ സ്ഥലം എം.എല്‍.എ യോട് കുടിവെള്ളത്തിനു ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരുകാര്‍ക്ക് മനസ്സില്ല എന്നാണ് ഞങ്ങള്‍ പറഞ്ഞത്.
മുറ്റത്തെ ജലസ്രോതസ്സുകള്‍ ഒന്നൊന്നായി വറ്റിക്കുകയും കുടിവെള്ളത്തിനായി ലോകബാങ്കിന്റെയോ ജപ്പാന്‍ ബാങ്കിന്റെയോ വായ്പകള്‍ക്ക് കൈനീട്ടുകയും ചെയ്യുകയാണ് നമ്മുടെ ഭരണാധികാരികള്‍. വയലിന്റെ പാരിസ്ഥിതിക മൂല്യം പരിഗണിക്കുന്നില്ലെങ്കില്‍ വേണ്ട, അതിന്റെ സ്ഥായിയായ തൊഴില്‍ സാധ്യതയെങ്കിലും പരിഗണിക്കപ്പെടേണ്ടതല്ലേ.
വ്യവസായത്തൊഴിലാളിക്ക് വ്യവസായ ശാല എന്നതു പോലെ തന്നെയാണ് കര്‍ഷകത്തൊഴിലാളിക്ക് കൃഷിഭൂമി . അങ്ങനെയുള്ള കൃഷിഭൂമി സംരക്ഷിക്കേണ്ട കടമ കര്‍ഷകത്തൊഴിലാളി യൂണിയനെ പോലുള്ളവയ്ക്ക് തന്നെയല്ലേ ഉള്ളത്. വയല്‍ നികത്തി തന്നെയാണ് ഇന്നലെകളില്‍ പല റോഡുകളും നിര്‍മിച്ചത് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ ഇന്നലെ നികത്തി എന്ന ഒരൊറ്റ കാരണം കൊണ്ട് ഇന്നും നാളെയും അത് ആവര്‍ത്തിക്കാം എന്നു പറയുന്നതില്‍ തീര്‍ച്ചയായും മൗഢ്യമുണ്ട്. നാലഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന വയല്‍ വിസ്തൃതിയിടെ എട്ടില്‍ ഒന്നായി കുറഞ്ഞ സാഹചര്യം കൂടി പരിഗണിക്കപ്പെടണം.
കര്‍ഷകത്തൊഴിലാളി യൂണിയന്റെ മുഖമാസികയുടെ പത്രാധിപര്‍ കൂടിയായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ കീഴാറ്റൂര്‍ വയല്‍ സമരത്തെ കുറിച്ച് പറഞ്ഞത് ‘കപട പരിസ്ഥിതിവാദികളുടെ സമരം ‘ എന്നാണ്. കേരളത്തിലെ നെല്‍വയല്‍ വിസ്തൃതി ഒന്നര ലക്ഷം ഹെക്ടറായി കുറഞ്ഞ സാഹചര്യത്തില്‍ നികത്താന്‍ ഇനി വയിലില്ല എന്ന വാദം എങ്ങനെയാണ് കപട വാദമാകുക, അതിദ്രുതം ഭൂഗര്‍ഭ ജലം താഴ്ന്നു പോകുന്ന സാഹചര്യത്തില്‍ നെല്‍വയലുകളെയും ഇടനാടന്‍ കുന്നുകളെയും പോലുള്ള പരിസ്ഥിതിക വ്യവസ്ഥകള്‍ അനിയന്ത്രിതമായി തകര്‍ക്കപ്പെടരുത് എന്ന വാദം എങ്ങനെയാണ് കപടമാവുക, തണ്ണീര്‍ത്തടങ്ങള്‍ പ്രളയജലത്തെ എടുത്തു വയ്‌ക്കേണ്ട റിസര്‍വുകളാണ് എന്ന വാദത്തില്‍ എന്താണ് കാപട്യം?
രണ്ട് പ്രളയങ്ങള്‍ക്കു ശേഷവും ഗോവിന്ദന്‍ മാഷെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത് മനസിലാകാത്തത് എന്തുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാശേരിയില്‍ മാര്‍ബിള്‍ ഗോഡൗണിനായി വയല്‍ നികത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ വയലില്‍ ചെങ്കൊടി നാട്ടി പ്രതിഷേധിച്ചവരിലൊരാള്‍ ഇതേ ഗോവിന്ദന്‍ മാസ്റ്ററാണ്.
പീന്നീട് അതേ വയലില്‍ മാര്‍ബിള്‍ ഗോഡൗണ്‍ വന്നു എന്നതും ചരിത്രം. സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ കട്ടൗട്ടുകളിലും നിശ്ചല രൂപങ്ങളിലും കര്‍ഷകനും വയലും ഉണ്ട് , പക്ഷേ യഥാര്‍ത്ഥ ലോകത്ത് വയലില്‍ വന്‍കിട റോഡും കണ്ടങ്കാളിയിലേതു പോലെ എണ്ണ സംഭരണവും ഒക്കെയാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോള്‍ കീഴാറ്റൂരും കണ്ടങ്കാളിയുമടക്കമുള്ള വയല്‍ സമരങ്ങളോട് സ്വീകരിച്ച നിലപാടുകള്‍ പുന:പരിശോധിക്കാന്‍ ഒരു കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന് ബാധ്യതയുണ്ട്. തിരുത്തേണ്ടത് തിരുത്താനുള്ള ധൈര്യവും ഊര്‍ജവുമാണ് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ‘സുരേഷ് കീഴാറ്റൂര്‍ വിശദീകരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ തന്നെയാണ് മൂന്ന് വര്‍ഷമായി നടന്നു വരുന്ന കണ്ടങ്കാളി വയല്‍ സമരവും ഉള്ളത്. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കായി കണ്ടങ്കാളിയിലെ അതീവ പാരിസ്ഥിതിക ദുര്‍ബലമായ 85 ഏക്കര്‍ നെല്‍വയലാണ് ഏറ്റെടുക്കുന്നത്.
കൃഷിയോടും നെല്‍വയലിനോടും കര്‍ഷകത്തൊഴിലാളി യൂണിയനെ പോലുളള സംഘടനകള്‍ സ്വീകരിച്ച നിലപാടുകള്‍ പുന:പരിശോധിക്കപ്പെടണമെന്ന് പരിസ്ഥിതി അധ്യാപകനും കണ്ടങ്കാളി സമരസമിതി ചെയര്‍മാനുമായ ടി.പി. പദ്മനാഭന്‍ മാസ്റ്റര്‍ പറയുന്നു. ‘കണ്ടങ്കാളിയില്‍ 85 ഏക്കര്‍ വയല്‍ നികത്തുമ്പോള്‍ നിശബ്ദരായി അതിന് കൂട്ടുനില്‍ക്കുകയാണ് ഇത്തരം സംഘടനകളെല്ലാം. പൂര്‍ണമായും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളും മാത്രം ഒളിഞ്ഞിരിക്കുന്ന കണ്ടങ്കാളിയിലെ എണ്ണ സംഭരണ പദ്ധതിക്കെതിരായ സമരത്തിന്റെ ഒരു ഘട്ടത്തിലും കര്‍ഷകത്തൊഴിലാളി യൂണിയനെ കണ്ടിട്ടില്ല. കൃഷി സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും നിലനില്‍പുള്ളൂ. കൃഷി നിലനില്‍ക്കാന്‍ വയല്‍ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും കമ്പനി വികസനമാണെന്നു പറയുമ്പോള്‍ അത് അതേപടി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ എന്നത് ദൗര്‍ഭാഗ്യകരമാണ്.
കാലാവസ്ഥാ വ്യതിയാനമടക്കമുളള പാരിസ്ഥിതിക ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുക കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയുമായിരിക്കും. ഉള്ളിയ്ക്ക് വില കൂടിയതിന്റെ കാരണം പ്രളയമായിരുന്നു. പ്രളയത്തിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവുമാണ്. പ്രളയം മൂലം ഉള്ളി കൃഷി നശിച്ചപ്പോള്‍ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിടപ്പെട്ട കര്‍ഷകര്‍ നമ്മുടെ ചര്‍ച്ചാ വിഷയമായില്ല. കാര്‍ഷിക പ്രശ്‌നങ്ങളെ അത്തരത്തില്‍ വിലയിരുത്തുന്നതിലും മനസിലാക്കുന്നതിലും കര്‍ഷക പ്രസ്ഥാനങ്ങളും നേതാക്കളും പരാജയമാണെന്നു പറയേണ്ടി വരും.
കണ്ടങ്കാളിയില്‍ വയല്‍ വിട്ടുകൊടുക്കാന്‍ ചില കര്‍ഷകര്‍ തയ്യാറാകാനുള്ള കാരണം, അവിടെ കൃഷി നടത്താനുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും നാളിതുവരെ അധികാരം കയ്യാളിയവര്‍ ചെയ്തു കൊടുക്കാത്തതാണ്. കാര്‍ഷിക യന്ത്രങ്ങള്‍ എത്തിക്കാനുള്ള ഒരു .റോഡ് പോലും ഇവിടെയുണ്ടാക്കിയിട്ടില്ല. അതിനാലാണ് പല കര്‍ഷകരും കൃഷി ഉപേക്ഷിച്ച് ഭൂമി തരിശിട്ടത്. ഭൂമി തരിശിടാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. കൃഷി ആദായകരമല്ലാതാകുമ്പോള്‍ നല്ല വില നല്‍കിയാല്‍ മിക്കവരും അത് വിട്ടുകൊടുക്കും. കര്‍ഷകരില്‍ ചിലരെങ്കിലും വയല്‍ പദ്ധതിക്കായി വിട്ടു നല്‍കുന്നു എന്നതിന്റെ കുറ്റം തീര്‍ച്ചയായും സര്‍ക്കാരിനാണ്. വയലും കൃഷിയും ആദായകരമാക്കാനുളള കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടവര്‍ കര്‍ഷക പ്രസ്ഥാനങ്ങളാണ്.
എത്ര പരിമിതമായ തുകയാണ് കര്‍ഷകരുടെ പെന്‍ഷന്‍ എന്നു നാമോര്‍ക്കണം. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് കാവല്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും താരതമ്യം ചെയ്താല്‍ ഈ അന്തരം മനസിലാകും. ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ രാജ്യത്ത് കാര്‍ഷിക മേഖലയ്ക്കായി അനുവദിക്കപ്പെട്ട അതിഭീമമായ തുകയുടെ സിംഹഭാഗവും ഏറ്റവും താഴേത്തട്ടിലുള്ള കര്‍ഷകരിലേക്ക് എത്തിയിട്ടില്ല. വലിയൊരു പൊളിച്ചെഴുത്തു തന്നെ അനിവാര്യമാണ്.. കര്‍ഷകത്തൊഴിലാളി യൂണിയനെ പോലുള്ള സംഘടനകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള ഉത്തരവാദിത്വമുണ്ട് ‘
പദ്മനാഭന്‍ മാസ്റ്റര്‍ പറഞ്ഞു.
കണ്ടങ്കാളി പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക തഹസില്‍ദാരുടെ ഓഫീസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രണ്ടു മാസമായി പയ്യന്നൂരില്‍ സത്യഗ്രഹ സമരം നടന്നു വരികയാണ്. പയ്യന്നൂരിന്റെ സമീപ ഗ്രാമങ്ങളിലെ കര്‍ഷകത്തൊഴിലാളി യൂണിയന്റെ യൂണിറ്റ് സമ്മേളനങ്ങളില്‍ കണ്ടങ്കാളി പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു യൂണിറ്റ് സമ്മേളനം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു. പദ്ധതിക്കെതിരായി പയ്യന്നൂരില്‍ നടന്നുവരുന്ന സമരം കൂടുതല്‍ ശക്തിപ്പെടുമ്പോള്‍ സി പി എം പ്രത്യക്ഷത്തില്‍ പദ്ധതിയെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ല.
കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ നമ്മേളനം കണ്ണൂരില്‍ നടക്കുമ്പോള്‍ ഈ വയല്‍ സമരങ്ങളെ അവഗണിക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കെ.എസ്.കെ.ടി .യു വിന്റെ ഒരു പ്രദേശിക നേതാവ് പറഞ്ഞു. ബി.പി.സി.എല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കണ്ടങ്കാളിയിലെ നെല്‍വയല്‍ എറ്റെടുത്ത് നല്‍കുന്നത് ഏതെങ്കിലും സ്വകാര്യ കമ്പനിയ്ക്കായിരിക്കും. സ്വകാര്യ കമ്പനിക്ക് ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ന്യായീകരിക്കാനാകില്ല ,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.