'മെസിയുടെ ഇന്റര്‍ മയാമി ക്ലബ്ബ് പിരിച്ചുവിടണം'; നാണംകെട്ട തോല്‍വിയില്‍ സോഷ്യല്‍ മീഡിയ കത്തിച്ച് ആരാധകര്‍
Football
'മെസിയുടെ ഇന്റര്‍ മയാമി ക്ലബ്ബ് പിരിച്ചുവിടണം'; നാണംകെട്ട തോല്‍വിയില്‍ സോഷ്യല്‍ മീഡിയ കത്തിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 5:53 pm

ക്ലബ്ബ് ഫ്രണ്ട്‌ലി മത്സരത്തില്‍ ഇന്റര്‍ മയാമിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ സൗദി വമ്പന്‍മാര്‍ക്കായി ബ്രസീലിയന്‍ താരം ടാലിസ്‌ക ഹാട്രിക് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ കനത്ത തോല്‍വിക്ക് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി മുന്നോട്ട് വന്നു. റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ അല്‍ നസറിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇന്റര്‍ മയാമി ക്ലബ്ബ് പിരിച്ചുവിടണമെന്നായിരുന്നു ഒരു ആരാധകന്‍ എക്സില്‍ കമന്റ് ചെയ്തത്. മെസിയോട് യൂറോപ്പിലേക്ക് മടങ്ങിവരാനും ആരാധകര്‍ പോസ്റ്റുകള്‍ രേഖപ്പെടുത്തി.

മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി സൂപ്പര്‍താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബസ്‌ക്വറ്റ്സ്, ജോഡി ആല്‍ബ എന്നീ മികച്ച താരങ്ങള്‍ ഇറങ്ങിയിട്ടും ഇന്റര്‍ മയാമിക്ക് ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് മയാമിക്ക് നല്‍കിയത്.

അമേരിക്കന്‍ ക്ലബ്ബിനായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മത്സരത്തിന്റെ 86ാം മിനിട്ടില്‍ ആണ് കളത്തിലിറങ്ങിയത്. അവസാന നിമിഷങ്ങളില്‍ ഇറങ്ങിയ മെസിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് അല്‍ നസര്‍ അണിനിരന്നത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമാണ് ഇന്റര്‍ മയാമി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ ഒറ്റാവിയോയിലൂടെയാണ് അല്‍നസര്‍ ഗോളടി മേളം തുടങ്ങിയത്. 10, 51, 73 എന്നീ ടാലിസ്‌ക മിനിട്ടുകളിലായിരുന്നു ടാലിസ്‌കയുടെ ഹാട്രിക് പിറന്നത്. അയ്മെറിക് ലപ്പോര്‍ട്ടെ (12), മുഹമ്മദ് മരന്‍ (68) എന്നിവരായിരുന്നു മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

അതേസമയം 2024ല്‍ ഒരു കളി പോലും ജയിക്കാന്‍ ഇന്റര്‍ മയാമിക്ക് സാധിച്ചിരുന്നില്ല. നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റപ്പോള്‍ ഒരു മത്സരം സമനിലയാവുകയും ചെയ്തു.

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി നാലിന് ഹോങ്കോങ്ങിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. അതേസമയം ഫെബ്രുവരി എട്ടിന് അല്‍നസര്‍ അല്‍ ഹിലാലിനെ നേരിടും.

Content Highlight: The fans react on social media for the loss of Inter Miami against Al Nassr.