ദി റിയൽ ക്യാപ്റ്റൻ'; മെസിയുടെ കളിക്കളത്തിലെ ആ പ്രവർത്തിയെ പ്രശംസിച്ച് ആരാധകർ
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.
പരിക്കിൽ നിന്നും മുക്തനായി സൂപ്പർ താരം അർജന്റീനക്കായി കളത്തിലിറങ്ങിയിരുന്നു. മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനോടൊപ്പം മെസിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ടും ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസിന് പകരക്കാരനായാണ് സൂപ്പർ താരം ലയണൽ മെസി കളത്തിലിറങ്ങിയത്. ആ സമയത്ത് നിക്കോളാസ് ഒട്ടമെന്റി ക്യാപ്റ്റൻ ആംബാൻഡ് മെസിക്ക് കൈമാറി. എന്നാൽ താരം അത് സ്വീകരിക്കാൻ തയ്യാറായില്ല. നായകസ്ഥാനത്തിനുള്ള ആംബാൻഡ് വിസമ്മതിച്ച മെസിയുടെ ഈ പ്രവർത്തി ആരാധകരിൽ വലിയ ആകർഷണമാണ് സൃഷ്ടിച്ചത്.
മെസിയുടെ കളിക്കളത്തിലെ ഈ എളിമയും സഹതാരങ്ങളോടുള്ള ആദരവുമെല്ലാം മത്സരശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
‘ഒരു യഥാർത്ഥ ക്യാപ്റ്റൻ’ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു.
പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോയെ പരാമർശിച്ചും ആരാധകർ രംഗത്ത് വന്നു. ‘റൊണാൾഡോയ്ക്ക് ഇങ്ങനെ ചെയ്യാൻ ഒരിക്കലും കഴിയില്ല’ എന്നായിരുന്നു ആരാധകൻ ട്വീറ്റ് ചെയ്തത്.
സെപ്റ്റംബറിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിനിടയിലാണ് മെസിക്ക് പരിക്കേറ്റത്. പിന്നീടുള്ള അർജന്റീനയുടെയും ഇന്റർ മയാമിയുടെയും മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. എന്നാൽ മെസി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.
മത്സരത്തിൽ തുടക്കത്തിൽ തന്നെ അർജന്റീന മുന്നിലെത്തുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ നിക്കോളാസ് ഒട്ടമെന്റിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഒരു മികച്ച വോളിയിലൂടെയായിരുന്നു താരത്തിന്റെ ഗോൾ.
മറുപടി ഗോളിനായി എതിരാളികൾ മികച്ച മുന്നേറ്റം നടത്തിയെങ്കിലും അർജന്റീനൻ പ്രതിരോധം ഉറച്ചുനിൽക്കുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 1- 0ത്തിന് അർജന്റീന വിജയിക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ് അർജന്റീന. ഒക്ടോബർ 18ന് പെറുവിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
Content Highlight: The fans praises Lionel Messi.