പാലിയേക്കര സമരം ഇന്ന് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. വികസനത്തിന്റെ പേരില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പതിനായിരങ്ങളെ സ്വന്തം കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കിക്കൊണ്ട് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോവകയാണ്. ടോള്‍ പാതകളിലൂടെ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെത്തന്നെ ഇവര്‍ സ്വകാര്യവല്‍ക്കരിച്ചിരക്കുന്നു. സ്വന്തം പൗരന്മാരെ പണയപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ആദ്യ ചുങ്കപ്പുരയ്ക്ക് എതിരായി പാലിയക്കരയില്‍ നടക്കുന്ന സമരം ഇന്ന് 100-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിന്റെ മനസാക്ഷി ആ സമരത്തെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ബി.ഒ.ടി എന്ന കോര്‍പ്പറേറ്റ് കുത്തകള്‍ക്കെതിരായ ഈ സമരം അതിന്റെ രാഷ്ട്രീയം കൊണ്ട് സാമ്രാജ്യത്വ വിരുദ്ധമായ സമരമാണ്.
എന്നാലതേസമയം ഈ സമരത്തോട് നിഷേധാത്മക സമീപനമാണ് യു.ഡി.എഫും അവര്‍ നയിക്കുന്ന സര്‍ക്കാരും എല്‍.ഡി.എഫും കൈക്കൊണ്ടിരിക്കുന്നത്. കുടിയിറക്കു വിരുദ്ധ സമിതി സംസ്ഥാന ട്രഷററും ടോള്‍ വിരുദ്ധ സമരത്തിന്റെ അമരക്കാരനുമായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട തിളച്ചു മറിഞ്ഞ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ അദ്ദേഹം നേതൃത്വം കൊടുത്ത ഈ സമരപ്രസ്ഥാനത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നു. അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ സമരപ്രസ്ഥാനത്തിനോടുള്ള പ്രമുഖ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.
സുരക്ഷിതവും സ്വതന്ത്രവുമായ പൊതുപാതകള്‍ എന്ന ജനങ്ങളുടെ മൗലികമായ ആവശ്യം സംരക്ഷിച്ചു നിര്‍ത്താനുള്ള ഈ പോരാട്ടത്തില്‍ അണിചേര്‍ന്ന ഏവരേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. നമ്മുടെ അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടുകൂടാ. അവകാശങ്ങള്‍ക്കുവേണ്ടി കൈനീട്ടുകയല്ല, അവ പിടിച്ചെടുക്കുക തന്നെയാണ് വേണ്ടത്. -ബിനായക് സെന്‍
ജനങ്ങളെ കൊള്ളയടിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ഇറങ്ങിത്തിരിക്കുക. -മേധാ പട്കര്‍
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പ്പ് സമരം ചരിത്രത്തില്‍ ഇടംകാണും. കോര്‍പ്പറേറ്റ് അധിനിവേശനത്തിനെതിരെ മുഴുവന്‍ ജനവിഭാഗങ്ങളും ഐക്യപ്പെടേണ്ടതാണ്. -ആനന്ദ് പട്‌വര്‍ദ്ധന്‍
അവകാശങ്ങള്‍ക്കു വേണ്ടി കൈനീട്ടുകയല്ല, അവ പിടിച്ചെടുക്കുക തന്നെയാണ് വേണ്ടത്. -ബിനായക് സെന്‍
ദേശീയപാതാ വികസനം പണക്കാരായ ദുഷ്ടശക്തിള്‍ക്ക് വേണ്ടിയാണ്. പണത്തേക്കാള്‍ ശക്തി ധാര്‍മ്മികബോധത്തിനുണ്ട് എന്നതിനാല്‍ ജയപരാജയങ്ങള്‍ നോക്കാതെ ഇതിനെതിരെ പ്രതികരിക്കണം -സുഗതകുമാരി
കേരളത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്ന ബി.ഒ.ടി അധിഷ്ഠിത വികസനത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ടോള്‍വിരുദ്ധ സമരസമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്‍തുണച്ച് സാംസ്‌കാരിക കേരളം ഒന്നടങ്കം മുന്നിട്ടിറങ്ങണം. -എന്‍. പ്രഭാകരന്‍
വിദേശ കോര്‍പ്പറേറ്റുകളുടെ നേതൃത്വത്തില്‍ നാട്ടില്‍ കൊള്ള നടക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പൊതുരംഗത്ത് സക്രിയമായുള്ള പ്രസ്ഥാനങ്ങള്‍, പ്രക്ഷോഭങ്ങളോട് വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല. -കമല്‍
പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍മ്മരഹിതമെന്ന് സ്ഥാപിച്ച് കുത്തക മൂലധന ശക്തികളെ വളര്‍ത്താന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്. ജനാധിപത്യമല്ല, കുത്തക മൂലധനശക്തികളാണ് ഇനി രാജ്യം ഭരിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെല്ലാം പടിപടിയായി ഇവരുടെ കൈകളില്‍ എത്തും. ഭരിക്കുമ്പോഴും ഭരിക്കാത്തപ്പോഴും കിട്ടുന്ന കോഴയാണ് ഇടതുപക്ഷത്തെ നിശ്ചലമാക്കിയത്. -സാറാ ജോസഫ്
ജനകീയ സമരങ്ങളില്‍ നിന്ന് മുഖ്യ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അകലുകയാണ്. ഇത്തരത്തില്‍ നീങ്ങിയാല്‍ സി.പി.എം അടക്കമുള്ള കക്ഷികള്‍ക്ക് ഇടതുപക്ഷം എന്ന പേരിനുപോലും അര്‍ഹത നഷ്ടപ്പെടും. -ഡോ: നൈനാന്‍കോശി