മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പി. കെ. നാരായണന്‍ നായരുടെയും മുറ്റയില്‍ പാറുക്കുട്ടിയമ്മയുടെയും മകനായി 1933ലാണ് ജനനം.
മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബി. എ (ഓണേഴ്സ്) നേടി. മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടി.
മദ്രാസില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജടക്കം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി. കോട്ടയം എം. ജി സര്‍വകലാശാല വിസിറ്റിങ് പ്രൊഫസറായിരുന്നു.
ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങളെഴുതി. മലബാര്‍ റെബല്യന്‍ 1921-22 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് വിലയിരുത്തി.
അതേവരെ അഭ്യൂഹങ്ങളും കെട്ടുകഥകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന മലബാര്‍ കലാപത്തെ ആധികാരികമായി രേഖകള്‍ സഹിതം വിലയിരുത്തി.
അതേസമയം അതിലെ വര്‍ഗീയമായ ദിശതെറ്റലും അദ്ദേഹംചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ മാപ്പിള പഠനങ്ങള്‍ എന്ന പുസ്തകത്തിലും അദ്ദേഹം മലബാറിലെ മാപ്പിളമാരെക്കുറിച്ച് വിശദമായ പഠനങ്ങള്‍ അവതരിപ്പിച്ചു.
‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിന് വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഉണര്‍വിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്‌കാരവും ലഭിച്ചു.
അന്വേഷണം, ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാര്‍ റിബല്യണ്‍ 1921-22, ദ ലാന്‍ഡ് ഓഫ് മലബാര്‍, മാപ്പിള പഠനങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങള്‍. ഭാര്യ: യമുനാദേവി. മക്കള്‍: നാരായണന്‍, നളിനി. മരുമക്കള്‍: അനിത, കരുണാകരന്‍.
Content Highlight: The famous historian Dr. M. Gangadharan passed away