കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് കുടുംബം. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നിയമ നടപടി തുടരുമെന്നും വിശ്വനാഥന്റെ സഹോദരന്‍ ഗോപി അറിയിച്ചു.
വയനാട്ടില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പോകുന്നത് മോഷ്ടിക്കാനാണെന്നാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇനി മേലാല്‍ ഒരു പരാതി കൊടുക്കാന്‍ ചെല്ലുന്നവരോട് ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും ഗോപി പറഞ്ഞു.
‘അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. വിശ്വനാഥന്റെ മരണം ആത്മഹത്യയല്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്. മരണത്തില്‍ ദുരൂഹതയുണ്ട്. സത്യം അവന്റെ ദേഹത്തുള്ള മുറിവുകളും പാടുകളും കണ്ടാല്‍ തന്നെ മനസിലാക്കാം. ചുണ്ട് പൊട്ടിയിട്ടുണ്ട്, ശരീരത്തിന്റെ മറ്റ് ഭാഗത്തും മുറിവുകളുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഒരു മര്‍ദനവും ഏറ്റിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. നല്ല ഒരു അന്വേഷണം നടന്നാല്‍ സത്യാവസ്ഥ പുറത്തുവരും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. റീ പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുകയുള്ളു,’ ഗോപി പറഞ്ഞു.
അതേസമയം, കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. വിശ്വനാഥന്റെ മരണത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും നാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.
വിശ്വനാഥന്‍ വെറുതെപോയി ആത്മഹത്യ ചെയ്യുമോ എന്ന് കമ്മീഷന്‍ ചോദിച്ചു. ജാതീയമായ അസഹിഷ്ണുത തന്നെയാണ് മരണത്തിന് കാരണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Content Highlight: The family of the tribal youth Viswanathan, who was found dead after the mob trial, wants a re-postmortem