പ്രോസിക്യൂഷന്‍ കേസിന്റെ വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്ന് മധുവിന്റെ സഹോദരി; സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയില്‍
Kerala News
പ്രോസിക്യൂഷന്‍ കേസിന്റെ വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്ന് മധുവിന്റെ സഹോദരി; സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2022, 10:52 am

കൊച്ചി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

രാജി സന്നദ്ധത അറിയിച്ച നിലവിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് രഘുനാഥ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിന് പകരം സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. അടുത്തമാസം 26നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

അതേസമയം, മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല.കേസില്‍ നിന്നും ഒഴിയാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മധുവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.