| Wednesday, 7th August 2024, 6:50 pm

ഷെയ്ഖ് ഹസീന കുറച്ചുനാള്‍ കൂടി ദല്‍ഹിയില്‍ തന്നെ തുടരുമെന്ന് സ്ഥിരീകരിച്ച് കുടുബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച് രാജ്യം വിടേണ്ടി വന്ന ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറച്ചുനാളുകള്‍ കൂടി ദല്‍ഹിയില്‍ തുടരുമെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍. നേരത്തെ ഹസീനയുടെ ഉപദേശകന്‍ കൂടിയായിരുന്ന സജീബ് വാസേദ് ജോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ അമേരിക്കയില്‍ കഴിയുന്ന അദ്ദേഹം ഒരു ന്യൂസിലാന്റ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയല്ലാതെ മൂന്നാമതൊരു രാജ്യത്ത് ഷെയ്ഖ് ഹസീന അഭയം തേടാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമതൊരു രാജ്യത്ത് അഭയം തേടാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ കിംവദന്തികളാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമതൊരു രാജ്യത്ത് അഭയം തേടുന്നതിനെ കുറിച്ച് അവര്‍(ഷെയ്ഖ് ഹസീന) തീരുമാനമെടുത്തിട്ടില്ല. ഇതെല്ലാം കിംവദന്തികളാണ്. അവര്‍ കുറച്ചുകാലംകൂടി ദല്‍ഹിയില്‍ തങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്റെ സഹോദരി അവര്‍ക്കൊപ്പമുണ്ട്,’ സജീബ് വാസേദ് പറഞ്ഞു. ദല്‍ഹി ആസ്ഥാനമായിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ രാജ്യങ്ങളുടെ റീജിയണല്‍ ഡയറക്ടറാണ് ഷെയ്ഖ് ഹസീനയുടെ മകളായ സൈമ വാസേദ്.

തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് വന്നത്. പിന്നീടവര്‍ യു.എസിലോ യു.കെയിലോ അഭയം തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തുടര്‍ന്നാണ് അവര്‍ ഇന്ത്യയില്‍ തന്നെ തുടരുന്ന അവസ്ഥയുണ്ടായത്.

വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ കാലം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനക്ക് രാജിവെക്കേണ്ടി വന്നത്. സൈന്യം കൂടി കൂറുമാറിയതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ രാജ്യംവിടേണ്ടി വരികയായിരുന്നു.

content highlights: The family has confirmed that Sheikh Hasina will remain in Delhi for a few more days

We use cookies to give you the best possible experience. Learn more