ടിക്കറ്റ് എടുത്തിട്ടും നരിക്കുറവര്‍ ആദിവാസി വിഭാഗത്തില്‍ പെട്ട കുടുംബത്തിന് തിയേറ്ററിലേക്ക് പ്രവേശനം നിഷേധിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിലാണ് നരിക്കുറവര്‍ വിഭാഗത്തില്‍ പെട്ട കുടുംബത്തിന് കാശ് കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും തിയേറ്ററിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്.
തിയേറ്ററിലേക്ക് കയറാനാവാതെ ഇവര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ ഇവര്‍ക്കൊപ്പം 12 വയസിന് താഴെയുള്ള കുട്ടികളുള്ളത് കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് രോഹിണി തിയേറ്ററും പ്രസ്താവന ഇറക്കിയിരുന്നു.
‘കുട്ടികളോടൊപ്പം വന്ന കുറച്ച് ആളുകള്‍ക്ക് പത്ത് തല എന്ന സിനിമ കാണാന്‍ വന്നിരുന്നു. എന്നാല്‍ ഈ സിനിമ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണ്. 12 വയസിന് താഴെയുള്ള കുട്ടികളെ യു/എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ കാണിക്കാന്‍ അനുമതി ഇല്ല.
രണ്ടും ആറും എട്ടും വയസുള്ള കുട്ടികളെ ഒപ്പം കൊണ്ടുവന്നതിനാലാണ് ഈ കുടുംബത്തിന് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ തിയേറ്ററിലെത്തിയ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ടതിനാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും ഈ കുടുംബത്തെ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ചു,’ വിശദീകരണ കുറിപ്പില്‍ രോഹിണി തിയേറ്റര്‍ പറയുന്നു. ഈ കുടുംബം തിയേറ്ററിലിരുന്ന് സിനിമ കാണുന്ന വീഡിയോയും ഇവര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ മുമ്പ് പല താരങ്ങളും തങ്ങളുടെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം തിയേറ്ററിലെത്തിയിട്ടുണ്ടെന്നും അന്ന് എന്തുകൊണ്ട് തിയേറ്റര്‍ അധികൃതര്‍ തടഞ്ഞില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചു. ഒമ്പതും പത്തും വയസുള്ള തന്റെ മക്കളുമൊത്ത് ധനുഷ് തിയേറ്ററിലിരിക്കുന്ന ചിത്രവും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും രോഹിണി തിയേറ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുകയാണ്.
Content Highlight: The family belonging to the tribal community was denied entry to the theater despite having tickets