ഗസയിൽ സഹായം എത്താൻ വഴിയൊരുക്കിയത് ഇസ്രഈലെന്ന് യു.എസ് കോൺ​​ഗ്രസിൽ അവകാശവാദവുമായി നെതന്യാഹു; പ്രസം​ഗം ബഹിഷ്കരിച്ച് അം​ഗങ്ങൾ
World News
ഗസയിൽ സഹായം എത്താൻ വഴിയൊരുക്കിയത് ഇസ്രഈലെന്ന് യു.എസ് കോൺ​​ഗ്രസിൽ അവകാശവാദവുമായി നെതന്യാഹു; പ്രസം​ഗം ബഹിഷ്കരിച്ച് അം​ഗങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 9:19 am

ജെറുസലേം: ഗസയിലേക്ക് സഹായം എത്തിക്കാനും സാധാരണക്കാര്‍ക്ക് സുരക്ഷ ഒരുക്കാനും ഇസ്രഈല്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് കോണ്‍ഗ്രസില്‍. എന്നാല്‍ ഗസയിലെ യുദ്ധത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങളാണ് നെതന്യാഹു പ്രസംഗത്തില്‍ നടത്തിയതെന്ന് നിയമനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.

ഡസന്‍ കണക്കിന് നിയമനിര്‍മ്മാതാക്കളാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചത്. അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ യു.എസ് ക്യാപിറ്റോളില്‍ പ്രതിഷേധിച്ചു.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരു വിദേശ പ്രമുഖന്‍ നടത്തുന്ന ഏറ്റവും മോശമായ പ്രസംഗമാണ് നെതന്യാഹു നടത്തിയതെന്ന് മുന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. നെതന്യാഹുവിന്റെ പ്രസംഗം തെറ്റായ പ്രസ്താവനകള്‍ നിറഞ്ഞതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗത്തിനെതിരെ നിയമനിര്‍മാതക്കളില്‍ പലരും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചെന്നും അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയ്ക്കുള്ള സഹായം ഹമാസ് മോഷ്ടിക്കുന്നുവെന്നാണ് നെതന്യാഹു യു.എസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഗസയിലേക്കുള്ള സഹായ വിതരണം ഇസ്രഈല്‍ തടയുന്നുവെന്ന ഐ.സി.സിയുടെ ആരോപണം നെതന്യാഹു തള്ളിക്കളയുകയും ചെയ്തു.

40,000ത്തിലധികം സഹായ ട്രക്കുകള്‍ ഗസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രഈല്‍ സൗകര്യമൊരുക്കി നല്‍കിയെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗസയില്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാത്ത ഫലസ്തീനികള്‍ ഉണ്ടെങ്കില്‍ അത് ഇസ്രഈല്‍ തടയുന്നത് കൊണ്ടല്ലെന്നും ഹമാസ് അത് മോഷ്ടിക്കുന്നതുകൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു.

യു.എന്‍ കണക്കുകള്‍ പ്രകാരം ഒക്ടോബറിനു ശേഷം 28,018 സഹായ ട്രക്കുകളാണ് ഗസയില്‍ പ്രവേശിച്ചത്. ഗസയില്‍ പട്ടിണി വ്യാപിക്കുന്നതിനിടെ മാനുഷിക സംഘടനകളും യു.എന്‍ ഉദ്യോഗസ്ഥരും ഇസ്രഈലിന്റെ സഹായ നിയന്ത്രണങ്ങളെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്.

ഗസ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്ന് മാര്‍ച്ചില്‍ തന്നെ യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് മാസത്തോടെ ഭക്ഷ്യ ക്ഷാമം വര്‍ധിക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി. ജൂണില്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ റിപ്പോര്‍ട്ട്, പ്രദേശത്തുടനീളം ക്ഷാമത്തിന്റെ ഉയര്‍ന്ന അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തി. അര ദശലക്ഷം ഫലസ്തീനികള്‍ പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: The false claims Israel’s Benjamin Netanyahu made in his address to US Congress