| Thursday, 3rd January 2013, 12:54 am

ദല്‍ഹി പെണ്‍കുട്ടിയെന്ന വ്യാജചിത്രം: പിതാവ് ഹൈടെക് സെല്ലില്‍ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജ ചിത്രം പ്രചരിക്കുന്നതിനെതിരെ മലയാളി പെണ്‍കുട്ടിയുടെ പിതാവ് ഹൈടെക് സെല്ലില്‍ പരാതി നല്‍കി.[]

വ്യാജ ചിത്രം പ്രചരിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് പിതാവ് പരാതിയുമായി ഹൈടെക് സെല്ലിനെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി എഞ്ചിനിയറിങ് ബിരുദധാരിയുടെ ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചുവരുന്നത്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം തന്റെ മകളുടേതാണെന്നും അടിയന്തിരമായി ചിത്രം ഒഴിവാക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ഈ പെണ്‍കുട്ടിയെ തന്റെ സുഹൃത്തിന് നേരിട്ടറിയാവുന്നതാണെന്നും ചൂണ്ടിക്കാട്ടി കുവൈറ്റില്‍ നിന്ന് രാജേഷ് എന്നയാളും തിരുവനന്തപുരം പോലീസ് ഹൈടെക് സെല്ലിലേക്ക് ഇ-മെയിലിലേക്ക് പരാതി നല്‍കിയിട്ടുണ്ട്.

പരാതികളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. വിനയ് കുമാര്‍ നായര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ ചിത്രം കണ്ടുകഴിഞ്ഞെന്നാണ് പോലീസിന്റെ നിഗമനം.

ചിത്രം ആരാണ് ആദ്യമായി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേരോ ഫോട്ടോയെ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ചിത്രം പ്രചരിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more