കിവി ബാറ്റര്‍മാർ 500 കടന്നപ്പോളെല്ലാം അത് സംഭവിച്ചു; രചിന്റെ നേട്ടം ന്യൂസിലാന്‍ഡിനെ തുണക്കുമോ?
Cricket
കിവി ബാറ്റര്‍മാർ 500 കടന്നപ്പോളെല്ലാം അത് സംഭവിച്ചു; രചിന്റെ നേട്ടം ന്യൂസിലാന്‍ഡിനെ തുണക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 1:07 pm

ഐ.സി.സി ഏകദിന ലോകകപ്പിലെ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഒരുങ്ങി കഴിഞ്ഞു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം സെമിയിലേക്ക് മുന്നേറിയത്. അതേസമയം ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവുമായാണ് ന്യൂസിലന്‍ഡിന്റെ വരവ്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഒരു ചരിത്രപരമായ കണക്കുകള്‍ ന്യൂസിലാന്‍ഡിന് അനുകൂലമാണ്. ലോകകപ്പ് ചരിത്രത്തില്‍ ന്യൂസിലാന്‍ഡിന്റെ ഒരു ബാറ്റര്‍ 500+ റണ്‍സ് നേടിയപ്പോള്‍ എല്ലാം കിവീസ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.

2015ല്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 547 നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു.

പിന്നീട് 2019ല്‍ നടന്ന ലോകകപ്പില്‍ കെയ്ന്‍ വില്യംസണ്‍ 547 റണ്‍സ് നേടിയിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു കിവീസ്.

ഇപ്പോള്‍ 2023ലെ ഈ ലോകകപ്പില്‍ രചിന്‍ രവീന്ദ്ര 565* റണ്‍സ് നേടി നില്‍ക്കുമ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് ഫൈനലില്‍ കടക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

ന്യൂസിലാന്‍ഡ് യുവ ബാറ്റര്‍ രചിന്‍ രവീന്ദ്ര ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് രചിന്‍ നേടിയത്. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയയിരുന്നു രചിന്റെ തകര്‍പ്പന്‍ സെഞ്ച്വറികള്‍ പിറന്നത്.

ഒമ്പത് മത്സരങ്ങളില്‍ നിന്നും 565 റണ്‍സ് നേടികൊണ്ട് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഈ 23കാരന്‍. ഈ മികച്ച പ്രകടനങ്ങളുടെ ഒരുപിടി അവിസ്മരണീയ നേട്ടങ്ങളാണ് താരത്തെ തേടിയെത്തിയത്.

അരങ്ങേറ്റ ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും ഒരു ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്റര്‍ എന്ന നേട്ടവും രചിന്‍ സ്വന്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡും ഈ യുവതാരം മറികടന്നു. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് രചിന്‍ സച്ചിനെ മറികടന്നത്.

ലോകകപ്പില്‍ ന്യൂസിലാന്‍ഡ് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യം വെച്ചും ഇന്ത്യ സ്വന്തം ആരാധകരുടെ മുന്നില്‍ 2011ന് ശേഷം ഫൈനലില്‍ എത്താനും കച്ചകെട്ടി കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്.

Content Highlight: The fact a new zealand batsman score 500+ runs in a World Cup they have reached the final.