കഴിഞ്ഞ ദിവസം ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കാമറൂണ്‍ ബ്രസീലിനെ തോല്‍പിച്ചിരുന്നു. ഇന്‍ജുറി ടൈമിലായിരുന്നു ബ്രസീലിന്റെ പ്രതിരോധം പൊളിച്ചെറിഞ്ഞ് കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കര്‍ ഗോള്‍ നേടിയത്.
ഗോള്‍ നേട്ടത്തിന് പിന്നാലെ ജേഴ്‌സിയൂരിക്കൊണ്ടായിരുന്നു താരം ആ ഗോള്‍ ആഘോഷിച്ചത്. വിജയിച്ചാലും മുന്നോട്ട് ഇനിയൊരു യാത്രയില്ലെന്ന് ബോധ്യമുള്ള അബൂബക്കറിന്റെ ആ ഗോള്‍ സെലിബ്രേഷന്‍ ബ്രസീല്‍ ആരാധകര്‍ പോലും നിറഞ്ഞ മനസോടെയാകും സ്വീകരിച്ചത്.
2022 ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ വഴങ്ങുന്ന ആദ്യ ഗോളാണിത്. കഴിഞ്ഞ രണ്ട് മത്സരത്തിലും ബ്രസീലിന്റെ പ്രതിരോധം ഭേദിച്ച് സെര്‍ബിയയുടെയോ കാമറൂണിന്റെയോ പടയാളികള്‍ക്ക് ഗോള്‍ മുഖത്തേക്കെത്താന്‍ സാധിച്ചിരുന്നില്ല.
കാമറൂണിനെതിരായ മത്സരത്തില്‍ തിയാഗോ സില്‍വക്ക് പകരം ഡാനി ആല്‍വസിന്റെ നേതൃത്വത്തിലായിരുന്നു ടിറ്റെ തന്റെ കുട്ടികളെ കളത്തിലിറക്കിയത്. ആല്‍വസ്-ടെല്ലസ്-മിലിറ്റാവോ-ബെര്‍മര്‍ എന്നിവരായിരുന്നു കാനറികളുടെ പ്രതിരോധ ഭടന്‍മാര്‍. എന്നാല്‍ ഈ മതില്‍ പൊളിച്ചുകൊണ്ടായിരുന്നു കാമറൂണ്‍ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ മൂന്ന് തവണയായിരുന്നു കാമറൂണ്‍ ബ്രസീല്‍ ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചത്. ഈ ലോകകപ്പില്‍ ബ്രസീല്‍ ആദ്യമായാണ് ഒരു മാച്ചില്‍ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് കണ്‍സീഡ് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും ബ്രസീലിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍ എതിര്‍ ടീമിന് സാധിച്ചിരുന്നില്ല. ഗോളടിക്കുന്നത് പോയിട്ട് ഗോള്‍മുഖത്തേക്ക് ഒരു ഷോട്ട് അടിക്കാന്‍ പോലും സെര്‍ബിയക്കോ സ്വിറ്റ്‌സര്‍ലാന്‍ഡിനോ സാധിച്ചിരുന്നില്ല. അതിന് കാരണം തിയാഗോ സില്‍വയും കൂട്ടരും തന്നെയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ പ്രതിരോധ നിര കളമറിഞ്ഞ് കളിച്ചപ്പോള്‍ എതിര്‍ ടീമിന്റെ മുന്നേറ്റ നിര നിഷ്പ്രഭമാവുകയായിരുന്നു.
സില്‍വ-മിലിറ്റാവോ-മാര്‍ക്വിന്യോസ്-സാന്‍ഡ്രോ എന്നിവരായിരുന്നു പ്രതിരോധ നിരയില്‍ അണിനിരന്നത്. ഇവരെ മറികടന്ന ശേഷം മാത്രമേ എതിരാളികള്‍ക്ക് അലിസണ്‍ ബെക്കറിന് മുമ്പില്‍ എത്താനും, ബെക്കറിനെ മറികടന്ന് ഗോളടിക്കാനും സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ബെക്കറിനെ പരീക്ഷിക്കുന്ന ഒറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ സില്‍വയും പിള്ളേരും സമ്മതിച്ചിരുന്നില്ല.
സമാനമായിരുന്നു സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിലെ ബ്രസീലിന്റെ പ്രതിരോധനിരയുടെ പ്രകടനം. അന്ന് സില്‍വക്കൊപ്പം ഡാനിലോ, മാര്‍ക്വിന്യോസ്, സാന്‍ഡ്രോ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആകെ അഞ്ച് ഷോട്ടാണ് സെര്‍ബിയ തൊടുത്തത്. അതില്‍ ഗോള്‍ മുഖത്തേക്ക് ഒന്നുപോലും തൊടുക്കാന്‍ ബ്രസീലിേെന്റ പ്രതിരോധം അനുവദിച്ചിരുന്നില്ല.
180 മിനിട്ടാണ് എതിരാളികളെ ഗോള്‍മുഖത്തേക്കെത്താതെ സില്‍വയുടെ പ്രതിരോധം തടഞ്ഞുനിര്‍ത്തിയത്.
നേരത്തെ തന്നെ നോക്ക് ഔട്ടിന് യോഗ്യത നേടിയതിനാല്‍ തങ്ങളുടെ ബി ടീമിനെയാണ് ബ്രസീല്‍ കളത്തിലിറക്കിയത്. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയയെയാണ് റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ബ്രസീലിന് നേരിടാനുള്ളത്.