ന്യൂദല്‍ഹി: രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. മോദി പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ചും മോദി സംസാരിച്ചിരുന്നു. അതിനിടയില്‍ കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞെന്ന തരത്തില്‍ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. ഇക്കാര്യം മാധ്യമങ്ങള്‍
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടേതായി മോദി അവതരിപ്പിച്ച വാക്കുകള്‍ സത്യമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
‘ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞാല്‍ ഇവിടെ ഭൂകമ്പം നടക്കും. ആ ഭൂകമ്പത്തില്‍ കശ്മീര്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുകയും ചെയ്യും.’ എന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് മോദി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ഒമര്‍ അബ്ദുള്ള നടത്തിയതായി യാതൊരു തെളിവുകളും ഇല്ലെന്നാണ് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
”ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയാല്‍ പിന്നെ ആര്‍ക്കും കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ളയും പറഞ്ഞു. മാത്രമല്ല ഇത് കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് കൂടുതല്‍ ശക്തി നല്‍കും. ഭരണഘടനയില്‍ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലും ഇദ്ദേഹത്തോട് യോജിക്കാന്‍ കഴിയുമോ?,” ഇങ്ങനെയായിരുന്നു മോദി പ്രസംഗിച്ചത്.
മോദിയുടെ വാചകങ്ങളോട് സമാനമായി ഫേക്കിങ്ങ്‌ന്യൂസ് എന്ന വെബ്സൈറ്റില്‍ മാത്രമാണ് ഇത്തരത്തിലൊരു വാര്‍ത്ത നേരത്തെ വന്നിട്ടുള്ളത്. ആറു വര്‍ഷം മുമ്പാണ് ഫേക്കിങ്ങ് ന്യൂസില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ആക്ഷേപഹാസ്യ സ്വരത്തില്‍ വാര്‍ത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റാണ് ഫേക്കിങ്ങ് ന്യൂസ്.
‘ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കുന്നത് കാരണം ഇന്ത്യയില്‍ നിന്നും കശ്മീര്‍ വേര്‍പെടുത്തുമ്പോള്‍ ഭൂകമ്പമുണ്ടാവും,’ എന്ന തലക്കെട്ടിലാണ് ലേഖനം ഫേക്കിങ്ങ് ന്യൂസിന്റെ സൈറ്റില്‍ വന്നത്.
ഒമര്‍ ഇതൊരു രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ഈ സത്യം പുറത്തു കൊണ്ടു വന്നെന്നും ലേഖനത്തില്‍ പരിഹാസ രൂപേണ പറയുന്നു.
ഈ ആക്ഷേപഹാസ്യ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോദി ലോക്‌സഭയില്‍ പ്രസംഗിച്ചതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനം.
മോദി പാര്‍ലമെന്റില്‍ പറഞ്ഞ തരത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞതായി പറയുന്ന യാതൊരു പ്രസ്താവനയും ഗൂഗിളില്‍ തിരയുമ്പോഴൊന്നും കാണാനാകില്ല എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. ഫേക്കിങ്ങ് ന്യൂസിന്റെ ആര്‍ട്ടിക്കിളൊഴിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകളൊന്നും തന്നെ കാണാന്‍ സാധിക്കില്ല.
എന്തു കൊണ്ടാണ് പ്രധാനമന്ത്രി ആറു വര്‍ഷം പഴക്കമുള്ള ഒരു ആക്ഷേപഹാസ്യ ലേഖനത്തെ അധികരിച്ച് പാര്‍ലമെന്റില്‍ ഒരു പ്രസംഗം നടത്തിയതെന്ന കാര്യം വ്യക്തമല്ല. പക്ഷെ കൃത്യമായി രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യ രൂപേണ കൈകാര്യം ചെയ്യുന്ന ഒരു വെബ്‌സൈറ്റാണ് ഇത്.
നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ഇമ്രാന്‍ നബി ആള്‍ട്ട് ന്യൂസിന് നല്‍കിയ പ്രതികരണത്തിലും ഇത്തരത്തിലൊരു പ്രസ്താവന ഒമര്‍ അബ്ദുള്ള പറയുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് പറയുന്നത്.
‘ഒമര്‍ അബ്ദുള്ള ഇത്തരത്തിലൊരു കാര്യം പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ഫേക്കിങ്ങ് ന്യൂസ് എന്നു പറയുന്ന ആക്ഷേപഹാസ്യ വെബ്‌സൈറ്റില്‍ നിന്നും എടുത്തതാണ്. അദ്ദേഹത്തിന്റെ അവസാനത്തെ ട്വീറ്റ് തന്നെ സമാധാനമായിരിക്കാന്‍ പറഞ്ഞിട്ടുള്ളതാണ്,’ നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ഇമ്രാന്‍ നബി പറഞ്ഞു.
ഒമര്‍ അബ്ദുള്ളയുടെ അക്കൗണ്ടില്‍ നിന്നും വന്ന അവസാനത്തെ ട്വീറ്റ് ഇതാണ്.
‘സംസ്ഥാനത്തിന്റെ മികച്ച താത്പര്യങ്ങള്‍ മനസിലില്ലാത്തവര്‍ക്കു മാത്രമേ അക്രമം ചെയ്യാനാകൂ. ഞങ്ങള്‍ ചേര്‍ന്ന ഇന്ത്യ ഇതല്ല, പക്ഷെ പ്രതീക്ഷ വിടാന്‍ ഞാന്‍ തയ്യാറായില്ല. എല്ലാം ശാന്തമാകട്ടെ. ദൈവം നിങ്ങളോട് കൂടിയുണ്ട്,’ 2019 ഓഗസ്റ്റ് അഞ്ചിന് ഒമര്‍ ട്വീറ്റ് ചെയ്തു.
ഇത്രയും കാര്യങ്ങള്‍ പറയുമ്പോള്‍ ഇവിടെ വ്യക്തമാകുന്നതിതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞതായി നടത്തിയ പ്രസംഗം ഫേക്കിങ്ങ് ന്യൂസ് എന്ന വെബ്‌സൈറ്റിലെ ലേഖനത്തില്‍ നിന്നും യാതൊരു കൂടിയാലോചനകളും കൂടാതെ എടുത്ത് പറഞ്ഞതാണ്.
മോദിയുടെ ഈ പ്രസംഗത്തിന് ശേഷം കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളക്കെതിരേയും മെഹ്ബൂബ മുഫ്തിക്കെതിരേയും പൊതു സുരക്ഷാ നിയമം ചുമത്തിയതും പ്രത്യേകം നിരീക്ഷിക്കേണ്ട കാര്യമാണ്. വിചാരണയില്ലാതെ രണ്ടു വര്‍ഷം വരെ തടവിലിടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം.
കഴിഞ്ഞ ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനും തീരുമാനിച്ച സമയം മുതല്‍ ഇവര്‍ വീട്ടു തടങ്കലിലാണ്.