| Monday, 22nd January 2024, 6:49 pm

ഹമാസിനെ തകര്‍ക്കാനുള്ള ഇസ്രഈല്‍ ശ്രമങ്ങള്‍ ഫലിക്കുന്നില്ല; ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്: യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ തകര്‍ക്കാനുള്ള ഇസ്രഈല്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറെല്‍. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള ആഹ്വാനങ്ങള്‍ ഇസ്രഈല്‍ നിരുപാധികം നിരസിച്ചതിനെതിരെ ജോസഫ് ബോറെല്‍ വിമര്‍ശനം ഉയര്‍ത്തി.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രഈല്‍, ഫലസ്തീന്‍ അതോറിറ്റി, പ്രധാന അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരുമായി യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ദ്വിരാഷ്ട്രം രൂപീകരിക്കുക എന്നതാണ്. നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. ഇസ്രഈല്‍ സര്‍ക്കാരിന്റെ മനസില്‍ ഉള്ള പരിഹാരങ്ങള്‍ എന്തൊക്കെയാണ്? ഫലസ്തീനികളെ മുഴുവന്‍ നാടുകടത്താനോ അതോ അവരെ കൊല്ലാനോ,’ എന്ന് ജോസഫ് ബോറെല്‍ ചോദിച്ചു

ദ്വിരാഷ്ട്ര പരിഹാരമാണ് സംഘര്‍ഷത്തിനുള്ള ഏക പരിഹാരമെന്ന് ആ തീരുമാനം ഇസ്രഈലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ സഹവർത്തിത്തം സൃഷ്ടിക്കുമെന്നും ബോറലിനെ പിന്തുണച്ചുകൊണ്ട് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് വ്യക്തമാക്കി. ഈ പരിഹാരത്തിനെതിരെ വിസമ്മതം മൂളുന്നവര്‍ ഒരു ബദല്‍ ആശയം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കൊണ്ടുവരുന്നില്ലെന്നും അന്നലീന കുറ്റപ്പെടുത്തി.

അതേസമയം ഇസ്രഈലില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളെ തിരിച്ചുകൊണ്ടുവരാന്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇസ്രഈല്‍ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിനായി ലേബര്‍ പാര്‍ട്ടി നിര്‍ദേശം സമര്‍പ്പിച്ചു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,295 ആയി വര്‍ധിച്ചുവെന്നും 62,681 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: The European Union says that the Israeli government’s efforts to destroy Hamas are not working

We use cookies to give you the best possible experience. Learn more