| Tuesday, 8th November 2022, 12:06 pm

ഷൂട്ട് ചെയ്തുവെച്ചത് അങ്ങനെ തന്നെ സംഭവിക്കുന്നത് കണ്ട് ടീം മുഴുവനും ഞെട്ടിപ്പോയി, ഇല്യുമിനാന്റിയാണോയെന്ന് ചിലര്‍ ചോദിച്ചു: കൂമന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആര്‍. കൃഷ്ണ കുമാര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ദിവസം മുതല്‍ മികച്ച അഭിപ്രായം നേടുന്ന ജീത്തു ജോസഫ് ചിത്രം കൂമന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതേസമയം സമീപകാലത്ത് വാര്‍ത്തകളില്‍ ഇടംനേടിയ സംഭവവുമായി സിനിമക്കുള്ള കണക്ഷന്‍ കണ്ട് പ്രേക്ഷകരും അതിശയിച്ചിരുന്നു.

എന്നാല്‍ ഇത് യാദൃശ്ചികമായിരുന്നുവെന്നും സംഭവം കണ്ട് സിനിമയുടെ ടീം മുഴുവന്‍ ഞെട്ടിപ്പോയെന്നും കൂമന്റ് സ്‌ക്രിപ്റ്റ് റൈറ്റര്‍ കെ.ആര്‍. കൃഷ്ണ കുമാര്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് തന്നെ കഥ തന്റെ ചിന്തയിലുണ്ടായിരുന്നുവെന്നും മീഡിയ മാതംഗിക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ കുമാര്‍ പറഞ്ഞു.

‘എഴുതിവെച്ച അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്ന ഒരു സംഗതി അങ്ങനെ തന്നെ നടക്കുന്നത് കാണുമ്പോഴുള്ള അതിശയമുണ്ട്. ചിലപ്പോള്‍ ഷൂട്ട് ചെയ്ത് വെച്ച രംഗങ്ങള്‍ പെട്ടെന്ന് സമൂഹത്തില്‍ ഉണ്ടാകുന്നത് കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. ഇപ്പോള്‍ എനിക്ക് അങ്ങനത്തെ അനുഭവമുണ്ട്. ചില കാര്യങ്ങള്‍ സ്‌പോയിലറാവുമെന്നുള്ളതുകൊണ്ട് പറയാന്‍ പറ്റില്ല.

ഞാനും സിനിമയുടെ മുഴുവന്‍ ക്രൂവും കണ്ട് ഞെട്ടിപ്പോയ ആക്‌സിഡന്റല്‍ കോയിന്‍സിഡന്‍സുണ്ട് സിനിമയില്‍. മെയ്യില്‍ ഷൂട്ട് തീര്‍ത്ത് വെച്ച സിനിമയാണിത്. ഷൂട്ട് തീര്‍ത്തിട്ട് ജീത്തു റാം ഷൂട്ട് ചെയ്യാനായി യു.കെയിലേക്ക് പോയി. ആ സമയം ഇവിടെ കൂമന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയായിരുന്നു. റാം പൂര്‍ത്തിയാക്കി ജീത്തു തിരിച്ച് വന്നിട്ടാണ് കൂമന്റെ ബാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ത്തത്.

ഷൂട്ട് തീര്‍ത്തിട്ട് അഞ്ച് മാസമായി. സ്‌ക്രിപ്റ്റ് എഴുതിവെച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷമായി. ഈ തോട്ട് വന്നിട്ട് നാല് വര്‍ഷമായി. ചിലരൊക്കെ നിങ്ങള്‍ ഇല്യുമിനാന്റിയാണോന്നൊക്കെ ചോദിക്കുന്നുണ്ട്.

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ തിയേറ്ററില്‍ കാണുമ്പോള്‍ ആ സംഭവവുമായി കണക്ഷന്‍ ഉണ്ടല്ലോ എന്ന് നമുക്കും തോന്നുകയാണ്. എല്ലാ ഓഡിയന്‍സിനും അത് തോന്നും,’ കൃഷ്ണ കുമാര്‍ പറഞ്ഞു.

ആസിഫ് അലിയാണ് കൂമനില്‍ കേന്ദ്രകഥാപാത്രമായി എത്തിയത്. സി.പി.ഒ ഗിരിശങ്കറായി എത്തിയ ആസിഫിന്റെ പ്രകടനത്തിനും കയ്യടികള്‍ ഉയര്‍ന്നിരുന്നു. ബാബുരാജ്, മേഘനാഥ്, പൗളി വല്‍സന്‍, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: The entire team was shocked to see what was being shot is actually happening, says k r Krishna Kumar

We use cookies to give you the best possible experience. Learn more