football news
എല്ലാവര്‍ക്കും മാക് അലിസ്റ്ററിനെ മതി; അടുത്ത സീസണില്‍ മെസിക്കൊപ്പം കളിക്കുമോ? നോട്ടമിട്ട് ലിവര്‍പൂള്‍ അടക്കമുള്ള വമ്പന്മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 05, 06:58 am
Friday, 5th May 2023, 12:28 pm

 

അര്‍ജന്റൈന്‍ താരം മാക് അലിസ്റ്ററിനെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ കടുപ്പിച്ച് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍. പുതിയ സീസണില്‍ പ്രീമിയര്‍ ലീഗില്‍ തന്നെ കളിച്ച് പരിചയമുള്ള അഞ്ച് കളിക്കാരെ ലിവര്‍പൂള്‍ ലക്ഷ്യംവെക്കുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കൂട്ടത്തില്‍ മാക് അലിസ്റ്ററുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റയല്‍ മാഡ്രിഡിലേക്ക് എത്തിയ ജൂഡ് ബെല്ലിങ് ഹാമിനായുള്ള ശ്രമം വിഫലമായതിന് പന്നാലെയാണ് ബ്രൈറ്റണ്‍ താരം അലക്‌സിസ് മാക് അലിസ്റ്ററിലേക്ക് ലിവര്‍പൂളിന്റെ എത്തിയത്.

ഇംഗ്ലണ്ട് താരം മേസണ്‍ മൗണ്ട, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റോമിയോ ലാവിയ, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായിരുന്ന കാല്‍വിന്‍ ഫിലിപ്‌സ്, കോനോര്‍ ഗല്ലഗെര്‍ എന്നിവരെയും ലിവര്‍പൂള്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എക്‌സ്പ്രസിന്റെ റിപ്പോട്ടില്‍ പറയുന്നു.

 

 

നേരത്തെ ബാഴ്സലോണയും ബ്രൈറ്റന്‍ താരത്തെ ടീമിലെത്തിക്കാന്‍ രംഗത്തെത്തിയിരുന്നു. മെസിയെ തിരിച്ചെത്തിക്കുന്നതിനൊപ്പം അലിസ്റ്ററിനെ കൂടി സ്വന്തമാക്കാനായാല്‍ ഗുണം ചെയ്യുമെന്നാണ് ബാഴ്‌സയുടെ കോച്ച് സാവിയുടെ അഭിപ്രായം. അര്‍ജന്റീനയിലെ പോലെ ബാഴ്സയിലും മെസി- മാക് അലിസ്റ്റര്‍ കൂട്ടുകെട്ട് ഗംഭീരമാകുമെന്നാണ് ടീം കണക്ക് കൂട്ടുന്നത്.

 

ഇംഗ്ലണ്ടില്‍ നിന്ന് തന്നെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകളും അലിസ്റ്ററിനായി രംഗത്തെത്തിയിരുന്നു. 70 മില്ല്യന്‍ യൂറോയാണ് 24 വയസുള്ള ബ്രൈറ്റന്‍ താരത്തിനായി ക്ലബ് ചോദിക്കുന്നത്.

അര്‍ജന്റീനക്കായി ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ് മാക് അലിസ്റ്ററില്‍ യൂറോപ്പിലെ വമ്പന്മാരുടെയെല്ലാം കണ്ണിലുണ്ണിയാകുന്നത്. ബ്രൈറ്റനായും നല്ല രീതിയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം യുണൈറ്റഡുമായി നടന്ന മത്സരത്തില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ അലിസ്റ്ററാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.

Content Highlight: The English club Liverpool is making moves to acquire the Argentinian player Mac Allister