| Wednesday, 6th January 2021, 12:17 pm

ഖത്തര്‍: സൗദിയുടെ പാളിയ വല്യേട്ടന്‍ കളിയും, നാണംകെട്ട് പടിയിറങ്ങുന്ന ട്രംപിന് പറയാനുള്ള പശ്ചിമേഷ്യന്‍ വിജയവും

നാസിറുദ്ദീന്‍

ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ പേരിന് പോലും പറയേണ്ട ബാധ്യതയില്ലാത്തവരാണ് ജി.സി.സി രാജ്യങ്ങളിലെ കുടുംബാധിപത്യ ഭരണകൂടങ്ങള്‍. വൈദ്യശാസ്ത്രം പരാജയപ്പെടുന്ന നിമിഷം വരെ സമഗ്രാധികാരത്തോടെ രാജ്യം ഭരിക്കുന്ന പടു കിഴവന്‍മാരില്‍ നിന്ന് ആദ്യമായി ഇരുപതുകളില്‍ നില്‍ക്കുന്ന കിരീടാവകാശികളിലേക്ക് അധികാരം എത്തുന്നത് രണ്ടായിരത്തിന് ശേഷമാണ്.

മറുവശത്ത് ജനങ്ങളാണെങ്കില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വഴി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വാഴ്ത്ത് പാട്ടുകളല്ലാത്ത വാര്‍ത്തകള്‍ അറിഞ്ഞ് തുടങ്ങുകയും ചെയ്തു.

നൂറ്റാണ്ട് പഴക്കമുള്ള പ്രാകൃത ഭരണ സമ്പ്രദായത്തിന്റെ അമരത്ത് അങ്ങേയറ്റം ഹിംസാത്മകവും അതിലേറെ ബുദ്ധിശൂന്യരും എടുത്ത് ചാട്ടക്കാരുമായ ‘കിരീടാവകാശികളും’ തങ്ങളുടെ അവകാശങ്ങള്‍ എത്ര ഭീകരമായാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന് കൃത്യമായി തിരിച്ചറിഞ്ഞ പുതു തലമുറയും തമ്മിലുള്ള സംഘര്‍ഷാത്മകമായ ഏറ്റുമുട്ടലുകളാണ് 2011 ലെ അറബ് വസന്തവും പിന്നീട് നടന്ന രക്തരൂക്ഷിത ആഭ്യന്തര കലാപങ്ങളുടെയും പശ്ചാത്തലം.

സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇയില്‍ മുഹമ്മദ് ബിന്‍ സായിദും ഭീകര അധികാരശേഷിയോടെ മേഖലയിലുടനീളം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്തരായി രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്കും അധികാര ശേഷി വ്യാപിപ്പിക്കാന്‍ ശ്രമിച്ചു.

ഡൊണ്‍ള്‍ഡ് ട്രംപ്, നെതന്യാഹു എന്നിങ്ങനെയുള്ള രണ്ട് വിശ്വസ്ത പങ്കാളികളുടെ പിന്തുണ കൂടിയായപ്പോള്‍ നീക്കങ്ങള്‍ കൂടുതല്‍ ചടുലമായി. വാഷിങ്ടണിലെ യു.എ.ഇ അംബാസിഡര്‍ യൂസുഫ് അല്‍ ഒതയ്ബയും ട്രംപിന്റെ മരുമകനും ഫലത്തില്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങളുടെ സൂത്രധാരനുമായ ജാരദ് ക്രൂഷ്‌നറും നിര്‍ണായകമായ അമേരിക്കന്‍ പരിരക്ഷ ഉറപ്പു വരുത്തി.

Sovereign wealth fund വഴിയുള്ള നിക്ഷേപമായും ലോബിയിംഗ് ഗ്രൂപ്പിനുള്ള ചാര്‍ജായും ആയുധക്കരാറായുമെല്ലാം പെട്രോള്‍ ഡോളര്‍ അമേരിക്കയിലേക്കൊഴുകി, ഒരു വിഹിതം യൂറോപ്പിലേക്കും.

സാമ്പത്തിക മാന്ദ്യവും മറ്റ് തൊല്ലകളുമായി ബുദ്ധിമുട്ടുകയായിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പണമൊഴുക്ക് വലിയ ആശ്വാസമായെങ്കില്‍ ഈ ഹിംസാത്മക നയത്തിന്റെ ഇരകള്‍ പശ്ചിമേഷ്യയിലെ ജനങ്ങളായിരുന്നു. യമന്‍, ലിബിയ, ഈജിപ്ത്, ലെബനന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ രാഷ്ട്രീയമോ സൈനികമോ ആയ ഇടപെടലുകള്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറി.

ചിലയിടങ്ങളില്‍ സൗദിക്ക് നേതൃത്വവും യു.എ.ഇ ജൂനിയര്‍ പാര്‍ട്ട്‌നറുമാണെങ്കില്‍ മറ്റിടങ്ങളില്‍ തിരിച്ചാണ്. കാശ് കൊണ്ട് മാത്രം യുദ്ധം ജയിക്കാന്‍ പറ്റാത്തതിനാല്‍ എല്ലാം തകര്‍ത്തതല്ലാതെ ഒരിടത്തും ഇതേ വരെ വിജയിക്കാനായിട്ടില്ല.

മറു വശത്ത് ഇറാനാണെങ്കില്‍ സമാന രീതിയില്‍ അപകടകരമായ വിദേശ നയങ്ങളുമായി മുന്നോട്ട് പോവുന്നു. രാജ്യത്തെ ജനാധിപത്യമെന്നത് നാമമാത്രവും അധികാര ശേഷിയില്‍ ശിയാ വംശീയതയുടെ പ്രതിരൂപമായ മത പൗരോഹിത്യത്തിന്റെ മുന്നില്‍ നിസ്സാരവുമാണ്.

സിറിയയില്‍ തീര്‍ത്തും സമാധാനപരമായി തുടങ്ങിയ ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും പതിനായിരങ്ങളെ കൊല്ലാനും ബാഷര്‍ അല്‍ അസദിന് ഏറ്റവും വലിയ പിന്തുണയായത് ഇറാനായിരുന്നു.

ഇറാഖിലാണെങ്കില്‍ ഇറാന്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കിടയില്‍ കിടന്ന് ജനം നട്ടം തിരിയുന്നു. സൗദി-യു.എ.ഇ സഖ്യത്തില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ് ഇറാന്‍ രീതി.

അവരുമായി മത്സരിക്കാന്‍ മാത്രം കാശില്ല, പിന്നെ മേഖലയിലുടനീളം വിവിധ പേരുകളിലും കോലങ്ങളിലുമായി നില്‍ക്കുന്ന മിലീഷ്യകള്‍ ഉണ്ട് താനും. ഇവര്‍ വഴിയാണ് കൂടുതലും കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.

സിറിയയെ കൂടാതെ ജനസംഖ്യയിലും അധികാരത്തിലും ശിയാ ഭൂരിപക്ഷമുള്ള ഇറാഖ്, രണ്ടിലും നിര്‍ണായക സ്വാധീനമുള്ള ലെബനന്‍, അധികാരത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തപ്പെട്ടാലും ജനസംഖ്യയില്‍ വന്‍ ശിയാ ഭൂരിപക്ഷമുള്ള ബഹ്‌റയിന്‍, പിന്നെ സൌദിയുടെ എണ്ണ സമ്പന്നമായ കിഴക്കന്‍ പ്രവിശ്യകളിലെ ശിയാ ഭൂരിപക്ഷം… എല്ലാം ചേര്‍ന്ന വിശാല ‘ശിയാ ബെല്‍റ്റാണ്’ ആത്യന്തിക ലക്ഷ്യം.

നന്നേ ചുരുങ്ങിയത് ആ രീതിയിലുള്ള ഒരു സൗദി- യു.എ.ഇ വിരുദ്ധ ചേരി. ഉപരോധവും വിദേശ സൈനിക ഇടപെടലുകളില്‍ തുലച്ച ഭീമമായ സമ്പത്തും ചേര്‍ന്ന് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതൊന്നും പൗരോഹിത്യ നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചിട്ടില്ല.

പൊറുതി മുട്ടിയ ജനങ്ങള്‍ പതിവായി തെരുവിലിറങ്ങുമ്പോള്‍ പരിമിതമായ അധികാരം മാത്രമുള്ള ജനാധിപത്യ ഭരണകൂടം അന്താരാഷ്ട്ര ഉപരോധം, ജനകീയ രോഷം, പൗരോഹിത്യ താല്‍പര്യങ്ങള്‍ എന്നിവക്കിടയില്‍ കിടന്ന് അക്ഷരാര്‍ത്ഥത്തില്‍ ചക്രശ്വാസം വലിക്കുന്നു.

ഇറാന്‍ ചേരിയെ കൂടുതലും നയിക്കുന്നത് ശിയാ വംശീയ, പൗരോഹിത്യ താല്‍പര്യങ്ങളാണെങ്കില്‍ സൗദി-യു.എ.ഇ ചേരിയുടേത് കറ കളഞ്ഞ ഏകാധിപതികളുടെ അധികാരാര്‍ത്തിയും അഹങ്കാരവുമാണ്. രണ്ടും കൊള്ളയടിക്കുന്നതും കൊല ചെയ്യുന്നതും മേഖലയിലെ ജനങ്ങളെയാണ്.

ജനാധിപത്യത്തെയും ജനകീയ താല്‍പര്യങ്ങളെയും ശത്രു പക്ഷത്ത് കാണുന്ന ഈ രണ്ട് ശാക്തിക ചേരികള്‍ തമ്മിലുള്ള ഹിംസാത്മകവും അങ്ങേയറ്റം ബുദ്ധി ശൂന്യവുമായ പോരാട്ടത്തിലെ നിര്‍ണായക എപ്പിസോഡായാണ് ഖത്തര്‍ പ്രതിസന്ധി വരുന്നത്.

സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചരിത്രപരമായി തന്നെ പല മാനങ്ങളും തലങ്ങളുമുണ്ട്, വര്‍ഷങ്ങളുടെ പഴക്കവും. മതപരമായി അല്‍ സഊദ് ഭരണകൂടം സലഫിസ്റ്റ്, വഹാബിസ്റ്റ് ആശയധാരകളോട് ഒട്ടി നിന്നപ്പോള്‍ ഖത്തര്‍ ഭരിക്കുന്ന അല്‍ താനി രാജ കുടുംബം ബ്രദര്‍ഹുഡ്, ഇസ്‌ലാമിസ്റ്റ് ആശയങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

ബ്രദര്‍ഹുഡിന്റെ താത്വികാചാര്യനായി കരുതപ്പെടുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിക്ക് രാഷ്ട്രീയാഭയം മാത്രമല്ല മതകാര്യ വകുപ്പില്‍ മികച്ച പദവി നല്‍കാനും അവര്‍ തയ്യാറായി.

ഖര്‍ദാവി ഖത്തറിലിരുന്ന് പരസ്യമായി തന്നെ മേഖലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെയും അറബ് വസന്തത്തേയും പിന്തുണക്കുന്നു(ഖര്‍ദാവിയുടെ കൂറ് ജനാധിപത്യത്തിലുപരിയായി ഈ ഏകാധിപത്യ ഭരണകൂടങ്ങളുടെ ഇരകളായ ഇസ്‌ലാമിസ്റ്റുകളോടായിരുന്നു, അത് കൊണ്ടാണ് മികച്ച രീതിയില്‍ ബഹുസ്വരതയും ജനാധിപത്യാശയങ്ങളും അവതരിപ്പിച്ചിട്ടും ശിയാ ഭൂരിപക്ഷമുള്ള ബഹ്‌റയിനിലെ പ്രക്ഷോഭത്തെ ഖര്‍ദാവി തള്ളിപ്പറഞ്ഞിരുന്നത്).

ഖത്തറിനെ സംബന്ധിച്ചിടത്തോളം അത് പ്രശ്‌നമല്ല, അഥവാ പ്രശ്‌നമാവേണ്ടതില്ല. 30 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ഏകദേശം 3 ലക്ഷം മാത്രമാണ് തദ്ദേശീയര്‍. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പ്രതിശീര്‍ഷ വരുമാനവും മൂന്നാമത്തെ ഏറ്റവും സമ്പന്നമായ ഗ്യാസ് ശേഖരവും ഉള്ള അതിസമ്പന്നമായ ഒരു കൊച്ചു രാജ്യമാണ് ഖത്തര്‍.

ഇതിന്റെ ഫലമെന്നോണം ജനങ്ങള്‍ സംതൃപ്തരുമാണ്. സ്വാഭാവികമായും ജനാധിപത്യത്തോടൊക്കെ അക്കാദമിക് താല്‍പര്യം മാത്രം ഉള്ളവര്‍. അല്‍ ജസീറയെന്ന അങ്ങേയറ്റം പ്രൊഫഷണലായ മാധ്യമ ശൃംഖല സര്‍ക്കാര്‍ ഫണ്ടിങ്ങോടെ തന്നെ പ്രവര്‍ത്തിക്കുന്നു.

പോരെങ്കില്‍ ഏഷ്യാഡ്, ലോകകപ്പ് പോലുള്ള സ്‌പോര്‍ട്‌സ് മാമാങ്കങ്ങള്‍ക്ക് വേദിയാവുന്നു. അവസരമൊത്താല്‍ പരിമിതമായ അധികാരങ്ങളുള്ള ഒരു ജനാധിപത്യമൊക്കെ കൊണ്ട് വരുന്നത് പോലും നിലനില്‍പ്പിന് ഭീഷണിയല്ല.

മേഖലയിലെ വല്യേട്ടനായ സൗദിക്ക് വഴങ്ങേണ്ട ആവശ്യവുമില്ല. സൗദിയുടെ കാര്യം തിരിച്ചാണ്. തദ്ദേശീയര്‍ മാത്രം മൂന്ന് കോടിയോളം വരും. ഒരു ന്യൂനപക്ഷത്തിന്റെ ആഡംബര ഭ്രമത്തിനപ്പുറം വലിയൊരു വിഭാഗം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.

അവര്‍ കടുത്ത അസംതൃപ്തിയിലാണ്, പ്രത്യേകിച്ചും രാജ്യത്തെ പകുതി വരുന്ന 25 വയസ്സിന് താഴെയുള്ള യുവ ജനത. അവരുടെ അഗ്രഹാഭിലാഷങ്ങളോടോ സാമ്പത്തിക ആവശ്യങ്ങളോടോ നീതി പുലര്‍ത്തുന്ന ഭരണ സംവിധാനമല്ല നിലവിലുള്ളത്. ഇവരുടെ രോഷം തെരുവിലേക്കെത്തിയാല്‍ അല്‍ സഊദിന്റെ അന്ത്യമായിരിക്കും എന്നത് ഭരിക്കുന്നവര്‍ക്കറിയാം.

മാറിയ സാഹചര്യത്തില്‍ പണ്ഡിതരുടെ ക്വട്ടേഷന്‍ ഫത്‌വ കൊണ്ട് മാത്രം ജനങ്ങളെ അടക്കി നിര്‍ത്താനാവില്ല. ‘മുസ്‌ലിം ലോകത്തിന്റെ’ നേതൃ സ്ഥാനത്ത് നിന്ന് സൗദി പടിയിറങ്ങുകയാണ്. അല്‍ സഊദിന്റെ സൈദ്ധാന്തിക പിടി വളളിയായിരുന്ന വഹാബിസം എടുക്കാച്ചരക്കായി മാറി.

മുഹമ്മദ് ബിന്‍ സല്‍മാനാണെങ്കില്‍ പരമ്പരാഗത അധികാര സമവാക്യം പൊളിച്ചെറിഞ്ഞു. വഹാബിസം മാത്രമല്ല, അല്‍ സഊദ് രാജ കുടുംബം തന്നെ ഇന്ന് അപ്രസക്തമാണ്. പ്രമുഖര്‍ പലരും ജയിലിലോ പൂര്‍ണമായും ഒതുക്കപ്പെട്ട അവസ്ഥയിലോ ആണ്. തന്റെ സമഗ്രാധിപത്യം വിശ്വസ്തരായ ചില കൂട്ടാളികളോടൊപ്പം ചേര്‍ന്ന് നടപ്പാക്കുന്നു. മതമോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളോ അതിനിടയില്‍ കടന്നു വരുന്നത് താല്‍പര്യമില്ല.

സാമ്പത്തികമായി വന്‍വെല്ലുവിളികള്‍ നേരിടുന്നു. ഭീകരമായ ധൂര്‍ത്തും യുദ്ധങ്ങളും മണ്ടന്‍ തീരുമാനങ്ങളും വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചിട്ടുണ്ട്. സൗദിയുടെ വിദേശ കടം കഴിഞ്ഞ 5 വര്‍ഷത്തിനിടക്ക് 15 ഇരട്ടി കൂടിയപ്പോള്‍ ഇതേ കാലയളവില്‍ കരുതല്‍ നാണ്യ ശേഖരത്തില്‍ മൂന്നിലൊരു ഭാഗം കുറഞ്ഞു.

ജനാധിപത്യത്തെ ഏതെങ്കിലും രീതിയില്‍ പിന്തുണക്കുന്ന മാധ്യമങ്ങള്‍, പണ്ഡിതര്‍, ആക്റ്റിവിസ്റ്റുകള്‍ എല്ലാം സ്വാഭാവികമായും ശത്രു പക്ഷത്താണ്. സൗദിയിലും യു.എ.ഇയിലും ഇങ്ങനെയുള്ളവരെ ഒന്നാകെ ജയിലിലാക്കിയിട്ടുണ്ട്. ഖശോഗ്ജിയെ പോലെ നിരവധി പേരെ രാജ്യാതിര്‍ത്തിക്കപ്പുറത്ത് നിന്ന് വേട്ടയാടി നാട്ടിലേക്കെത്തിക്കുകയോ കൊല്ലുകയോ ചെയ്തു. ശിയാ ഇറാനും സുന്നി തുര്‍ക്കിയുമാണ് ഏറ്റവും വലിയ ശത്രുക്കള്‍.

അടിസ്ഥാനപരമായി തന്നെ സൗദിക്കും ഖത്തറിനുമിടയില്‍ ഇങ്ങനെ വ്യത്യസ്തമായ താല്‍പര്യങ്ങളും ശത്രുതക്കളും നിലനില്‍ക്കെയാണ് ജനാധിപത്യത്തിനായി 2011ല്‍ അറബ് ജനത തെരുവിലിറങ്ങുന്നത്. അതോടൊപ്പം സൗദി, യു.എ.ഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പഴയ തലമുറയില്‍ നിന്ന് പുതിയ തലമുറയിലേക്കെത്തുകയും ചെയ്തു. ഈ ‘പുതിയ തലമുറ’ ഭരണാധികാരികള്‍ കൂടുതല്‍ ശക്തമായി തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പ്രതിരോധിക്കാനും മുതിര്‍ന്നു.

2017 മധ്യത്തില്‍ ഖത്തറിനെതിരെ ഏകപക്ഷീയമായ ഉപരോധം പ്രഖ്യാപിക്കുന്നത് സൗദി- യു.എ.ഇ സഖ്യത്തോടൊപ്പം ശിങ്കിടികളായ ബഹ്‌റയിനും ഈജിപ്തും ചേര്‍ന്നാണ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ശിയാക്കളെ അടിച്ചമര്‍ത്തുന്ന ബഹ്‌റയിന്‍ ഭരണകൂടം സൗദി പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്.

ഈജിപ്തിലെ സീസിയാണെങ്കില്‍ ബ്രദര്‍ഹുഡിനെയും അതിനെ പിന്തുണക്കുന്നവരേയും എതിര്‍ക്കാന്‍ ഏതറ്റം വരേയും പോവും. രണ്ട് പേര്‍ക്കും ഖത്തര്‍ സ്വാഭാവികമായും ശത്രുപക്ഷത്താണ്. കുവൈത്തും ഒമാനും വിട്ടു നിന്നു. 13 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ‘ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തുക’ പോലുള്ള ആര്‍ക്കും എവിടെയും വീശാവുന്ന ആവശ്യങ്ങള്‍ ഒഴിവാക്കിയാല്‍ കാര്യങ്ങള്‍ കൃത്യമായിരുന്നു.

ഖത്തര്‍ ഇറാനുമായും തുര്‍ക്കിയുമായുള്ള അടുത്ത ബന്ധം അവസാനിപ്പിക്കണം, അല്‍ ജസീറ അടക്കമുള്ള കൂലിയെഴുത്തുകാരല്ലാത്ത എല്ലാ മാധ്യമങ്ങളും പൂട്ടണം, ഏതെങ്കിലും രീതിയില്‍ തങ്ങളെ എതിര്‍ക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ അടക്കമുള്ള എല്ലാവരേയും ഖത്തറും എതിര്‍ക്കണം – ഇതായിരുന്നു പ്രധാന ആവശ്യങ്ങള്‍.

തങ്ങളുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കാനായി മുറപോലെ ഓഡിറ്റിങ്ങും ഉണ്ടാവും. ഫലത്തില്‍ ഖത്തര്‍ ഇവരുടെ കീഴിലുള്ള ഒരു മുനിസിപ്പാലിറ്റി ആയി മാറണം എന്നായിരുന്നു ആവശ്യം. പക്ഷേ ഏറ്റവും രസകരമായ ഐറ്റം 13 ആയിരുന്നു. എല്ലാ ആവശ്യങ്ങളും 10 ദിവസത്തിനകം അംഗീകരിച്ചില്ലങ്കില്‍ ലിസ്റ്റ് അസാധുവായെന്നായിരുന്നു അത് !

പ്രഥമ ദൃഷ്ട്യാ തന്നെ ആരും തള്ളുന്ന ഈ ആവശ്യങ്ങള്‍ക്കപ്പുറം കൃത്യമായ ചില പദ്ധതികളും അണിയറയില്‍ ആസൂത്രണം ചെയ്തിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഭീകരതയുടെ പേര് പറഞ്ഞ് ഖത്തറിനെ ആക്രമിച്ച് കീഴടക്കാനായിരുന്നു പ്ലാന്‍. ജാരദ് ക്രൂഷ്‌നറായിരുന്നു പിടി വള്ളി. പക്ഷേ അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്റെ നിര്‍ണായക ഇടപെടലാണ് ഖത്തറിനെ അണ്ണാക്ക് തൊടാതെ വിഴുങ്ങാനുള്ള ഈ നീക്കങ്ങള്‍ക്ക് പാരയായത്.

മേഖലയിലെ ഏറെ പ്രാധാന്യമുള്ള അമേരിക്കന്‍ സൈനിക താവളമുള്ള ഖത്തറിനെ ആക്രമിച്ച് കീഴടക്കാന്‍ അനുവദിക്കുന്നതിലെ അപകടം ടില്ലേഴ്‌സണ്‍ തിരിച്ചറിഞ്ഞു.

പശ്ചിമേഷ്യയെയും എണ്ണ രാഷ്ട്രീയത്തേയും അടുത്തറിഞ്ഞ റ്റില്ലേഴ്‌സണ്‍ ഉപരോധത്തിനെതിരെ ശക്തമായ നിലപാടെടുത്തു. റ്റില്ലേഴ്‌സണ്‍ ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ട്രംപിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കി വാള്‍സ്ട്രീറ്റ് ജേണല്‍ മാധ്യമപ്രവര്‍ത്തകരായ ബ്രാഡ്ലി ഹോപും ജസ്റ്റിന്‍ ഷെക്കും ചേര്‍ന്നെഴുതിയ പുസ്തകമാണ് ‘Blood and Oil : Mohammed Bin Salman’s Ruthless Quest for Global Power’. പുസ്തകത്തില്‍ ഈ വിഷയത്തില്‍ ഇവര്‍ക്കിടയില്‍ നടന്ന സംഭാഷണം ഉദ്ധരിക്കുന്നുണ്ട്.

ഉപരോധം മൂലം ഖത്തറില്‍ പാല് പോലും ഇല്ലാതാവുകയാണെന്ന് പറഞ്ഞ റ്റില്ലേഴ്‌സണോട് ട്രംപ് പറഞ്ഞത് ‘I don’t give a fuck about milk,’ എന്നായിരുന്നു. അവര്‍ തമ്മിലുള്ള തല്ല് അവര്‍ തന്നെ തീര്‍ക്കട്ടെ എന്നും ട്രംപ് ടില്ലേഴ്‌സണോട് പറഞ്ഞു.

പക്ഷേ പെന്റഗണ്‍ അടക്കമുള്ള ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദവും അന്താരാഷ്ട്ര നിലപാടുകളും റ്റില്ലേഴ്‌സന്റെ നീക്കത്തെ വിജയത്തിലെത്തിച്ചു. അധികം വൈകാതെ റ്റില്ലേഴ്‌സനെ പിരിച്ചു വിട്ട് ട്രംപ് അരിശം തീര്‍ത്തു. പോകുന്ന പോക്കില്‍ റ്റില്ലേഴ്‌സണ്‍ ട്രംപിനെ ‘മന്ദബുദ്ധി’ എന്ന് വിശേഷിപ്പിച്ചു.

ആദ്യ ഘട്ടത്തില്‍ തന്നെ കനത്ത തിരിച്ചടിയേറ്റെങ്കിലും സൗദി സഖ്യം പിന്‍മാറിയില്ല. ഖത്തറിനെതിരായ നീക്കങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചു. മറു ഭാഗത്ത് ഖത്തറും നിലനില്‍പ്പിനായി പോരാടി.

ഇറാനും തുര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി. ആക്രമണ സാധ്യത മുന്‍ നിര്‍ത്തി ഖത്തറിലെ തുര്‍ക്കി സൈനിക സാന്നിധ്യം കൂട്ടി. ആയുധം വാങ്ങിയും കച്ചവടമായും അമേരിക്കയിലേക്കും യൂറോപ്പിലേക്കും ബില്യന്‍ കണക്കിന് ഡോളര്‍ വീണ്ടും തള്ളി.

ഫലത്തില്‍ സൌദി സഖ്യം വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടു. ഖഷോഗ്ജി വധം പോലുള്ള സംഭവങ്ങളും യൂസുഫ് അല്‍ തെയ്ബയുടെ ചോര്‍ന്ന മെയിലുകളുമെല്ലാം സഖ്യത്തിന്റെ ഇമേജിന് വലിയ കോട്ടം തട്ടിച്ചു.

പക്ഷേ ഉപരോധം മൂലമുള്ള ഖത്തറിന്റെ യഥാര്‍ത്ഥ നേട്ടം അവര്‍ പല മേഖലയിലും ആര്‍ജിച്ചെടുത്ത സ്വയം പര്യാപ്തതായിരിക്കും. സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട് ഭക്ഷ്യ, കാര്‍ഷിക മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായി. അതിലപ്പുറം മേഖലയിലെ ഏറ്റവും വലിയ ശക്തികള്‍ നടത്തിയ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചത് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

സൗദി സഖ്യമാണെങ്കില്‍ അടിക്കടി തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഖത്തറില്‍ മാത്രമല്ല യമനിലും ലെബനനിലുമെല്ലാം നടത്തിയ ഇടപെടലുകള്‍ സമ്പദ് വ്യവസ്ഥയേയും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ചായയേയും ഒരേ പോലെ തകര്‍ത്തു.

കാലഹരണപ്പെട്ട സൗദി ഭരണവ്യവസ്ഥയേയും സാമൂഹിക രീതികളേയും ‘പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയെന്ന’ രീതിയില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ചിത്രീകരിക്കാന്‍ നടത്തുന്ന വന്‍ പി.ആര്‍ വര്‍ക്കുകള്‍ സജീവമായിരുന്നു തുടക്കത്തില്‍. ഫലത്തില്‍ ഈ പ്രചാരണങ്ങള്‍ക്കുള്ള ചരമക്കുറിപ്പായി മാറി ഖത്തര്‍ ഉപരോധമടക്കമുള്ള മണ്ടന്‍ ഇടപെടലുകള്‍.

അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിദേശ നയങ്ങളുടെ ശവപ്പെട്ടിയിലെ അവസാന ആണിയായത്. മുന്‍ പിന്‍ നോക്കാതെ എടുത്ത് ചാടുന്ന ട്രംപിനെ പോലെയല്ല, അമേരിക്കന്‍ താല്‍പര്യങ്ങളും പരമ്പരാഗത രീതിയും അനുസരിച്ചുള്ള ശൈലിയായിരിക്കും തങ്ങളുടേതെന്ന് ബൈഡനും ടീമും നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇറാനുമായുള്ള കരാര്‍ പുനസ്ഥാപിക്കാനും ശ്രമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പോരെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ തന്നെ ഒബാമ കാലത്തെ ഇറാന്‍ നയത്തിന്റെ ശില്‍പികളുമുണ്ട്. ആയുധക്കച്ചവടത്തിനായി അമേരിക്കന്‍ താല്‍പര്യങ്ങളും ‘മൂല്യങ്ങളും(!)’ വിട്ട് വീഴ്ച ചെയ്യില്ലെന്നും പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞതിന്റെ പകുതിയെങ്കിലും നടപ്പിലാക്കാന്‍ നോക്കിയാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നില പരുങ്ങലിലാവും. യു.എ.ഇ യെ പോലെ അല്ല സൗദിയിലെ സ്ഥിതി. മുഴുവന്‍ ശത്രുക്കളാണ്.

രാജ കുടുംബത്തിലെ പ്രമുഖരില്‍ നിരവധി പേരെ ജയിലിലിട്ട് പീഡിപ്പിച്ചിട്ടുണ്ട്. അവരെല്ലാം അവസരത്തിനായി കാത്തിരിക്കുകയാണ്. ഭരണ സംവിധാനത്തിന്റെ മുച്ചൂടും ഇവരുടെയൊക്കെ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ആണ് ഇപ്പോഴും നിയന്ത്രിക്കുന്നത്. വിദേശ കൂലിപ്പടയാളികളെ വെച്ച് സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുന്ന അത്ര എളുപ്പമാവില്ല രാജ്യം മുന്നോട്ട് കൊണ്ട് പോവുന്നത്. പതിറ്റാണ്ടുകളായി സമഗ്രാധിപത്യത്തോടെ രാജ്യം ഭരിച്ച ഒരു കുടുംബത്തിലെ വലിയൊരു വിഭാഗത്തെ ശത്രുക്കളാക്കിയത് ചില്ലറ റിസ്‌കല്ല.

എല്ലാവരേയും കൊല്ലലും ജയിലിലിടലുമൊന്നും പ്രായോഗികമല്ല. പരമ്പരാഗത പണ്ഡിതരോ മത നേതൃത്വമോ കൂടെയില്ല, പുതിയ സാഹചര്യത്തില്‍ അവര്‍ക്കൊന്നും വലിയ പ്രസക്തിയുമില്ല. ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ വലിയൊരു വിഭാഗം ജയിലിലാണ്. അന്താരാഷ്ട്ര തലത്തില്‍ വളരെ മോശം പ്രതിച്ചായ ആണ്.

ഈ സാഹചര്യത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ഖത്തര്‍ ഉപരോധം ഒരു ‘ഒത്തു തീര്‍പ്പ് ‘ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കുന്നതാണ് മുഖം രക്ഷിക്കാന്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. സൗദി സഖ്യത്തിനെതിരായി ഖത്തര്‍ തുടക്കമിട്ടിരുന്ന നിയമ നടപടികള്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. അതിലപ്പുറം നേരത്തേ മുന്നോട്ട് വെച്ച 13 നിബന്ധനകളില്‍ കൃത്യതയുള്ള ഒന്ന് പോലും പാലിക്കാന്‍ പറയാത്തതാണ് കരാര്‍ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

സ്വാഭാവികമായും മുഹമ്മദ് ബിന്‍ സല്‍മാനാണ് യു.എ.ഇയേക്കാള്‍ ഇതവസാനിപ്പിക്കാന്‍ താല്‍പര്യം. ക്രൂഷ്‌നറിനും ട്രംപിനുമാണെങ്കില്‍ നാണം കെട്ട് പോവുന്ന പോക്കില്‍ പറയാനുള്ള ഒന്നാണ് ‘വിജയിച്ച’ പശ്ചിമേഷ്യന്‍ നയം’. എല്ലാവിധ വാഗ്ദാനങ്ങളും സമ്മര്‍ദ്ദങ്ങളും വഴി കൂടുതല്‍ മുസ്‌ലിം രാജ്യങ്ങളെ ഇസ്രഈല്‍ ബന്ധത്തിലേക്കെത്തിക്കുന്നതും ഖത്തര്‍ പ്രതിസന്ധി ‘അമേരിക്കന്‍ മധ്യസ്ഥതയില്‍ പരിഹരിക്കുന്നതും’ അതിന്റെ ഭാഗമാണ്. മേഖലയില്‍ അനിവാര്യമായ ജനാധിപത്യവല്‍ക്കരണത്തെ തടഞ്ഞു നിര്‍ത്താന്‍ ഇമ്മാതിരി പ്രഹസനങ്ങളിലൂടെ എത നാള്‍ സാധിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The end of Qatar Blockade: Donald Trump needs to project a fake success in Middle East Policy

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more