| Saturday, 21st May 2022, 9:00 am

'പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; ഹൈദരാബാദിലേത് വ്യാജ ഏറ്റമുട്ടലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ചര്‍ച്ചയായി ജന ഗണ മനയിലെ എന്‍കൗണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

കൂട്ടബലാത്സംഗം നടത്തുകയും പെണ്‍കുട്ടിയെ കൊല്ലുകയും ചെയ്ത പ്രതികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് മനപൂര്‍വം, ബോധപൂര്‍വം വെടിയുതിര്‍ത്തതാണെന്നാണ് സിര്‍പൂര്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന് പിന്നാലെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ തെലങ്കാന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ സുപ്രീംകോടതി കമ്മീഷന്റെ കണ്ടെത്തലില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് മലയാളത്തില്‍ ഈയിടെ ഇറങ്ങിയ സിനിമയായ ജന ഗണ മന.

സമകാലിക പവര്‍ പൊളിറ്റിക്‌സും ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രമേയമാക്കിക്കൊണ്ട് ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന, ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറുടെ കൊലക്കേസിലെ പ്രതികളുടെ കൊലപാതകത്തിന് സമാനമായ ഒരു എന്‍കൗണ്ടര്‍ കില്ലിംഗ് സ്റ്റോറി സിനിമയില്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ച, അധ്യാപികയായ ഒരു കഥാപാത്രത്തെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിന് ശേഷം ചുട്ടുകൊല്ലുന്നുണ്ട്. പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയും സ്വാധീനമുപയോഗിച്ച് ഇവര്‍ പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ വെടിവെച്ചു കൊല്ലുകയുമാണ് ചെയ്യുന്നത്.

അധ്യാപികയുടെ മരണത്തില്‍ നേരത്തെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഈ പ്രതികളുടെ മരണത്തിന് പിന്നാലെ വലിയ ആഹ്ലാദ പ്രകടനങ്ങളും പൊലീസിന് പ്രശംസയും ലഭിക്കുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ഈ രംഗങ്ങളാണ് 2019ല്‍ തെലങ്കാനയില്‍ നടന്ന എന്‍കൗണ്ടര്‍ കില്ലിംഗ് സംഭവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുക. വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് എന്‍കൗണ്ടര്‍ കില്ലിംഗ് നടത്തിയതിന് പിന്നാലെ ജന ഗണ മനയില്‍ കാണിച്ചതിന് സമാനമായി രാജ്യത്ത് വലിയ ആഹ്ലാദപ്രകടനമായിരുന്നു നടന്നത്.

എന്നാല്‍ ഏറ്റവും സാമ്യത തോന്നുന്ന കാര്യം സിനിമയിലും ഈ എന്‍കൗണ്ടര്‍ കില്ലിങ്ങ് തെറ്റായിരുന്നെന്ന് കോടതി കണ്ടെത്തുകയും പൊലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ സാഹചര്യമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുമുണ്ടായത്. വെറ്റിനറി ഡോക്ടറുടെ കൊലപാതകക്കേസിലെ പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നും വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമാണ് സുപ്രീംകോടതി നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തത്.

ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ 2019 നവംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു വെറ്റിനറി ഡോക്ടറായ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. പിന്നാലെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ലോറിയില്‍ ഇഷ്ടികയുമായി വന്ന ആരിഫും ശിവയും സാധനമിറക്കാന്‍ വൈകിയതുകൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകീട്ട് 6.15ന് ഇരുചക്രവാഹനത്തില്‍ എത്തിയ യുവതി വാഹനം അവിടെ വെച്ച് മടങ്ങുന്നത് കണ്ടപ്പോഴാണ് നാല് പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് യുവതിയുടെ വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചു വിട്ടു.

രാത്രി 9 മണിക്ക് യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്ന് പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. ഈ സമയം യുവതി തന്റെ സഹോദരിയെ വിളിച്ച് വണ്ടിയുടെ ടയര്‍ പഞ്ചറായ കാര്യവും ഒപ്പമുള്ള അപരിചതരുടെ കാര്യവും പറഞ്ഞിരുന്നു.

സഹോദരി 9.44ന് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പ്രതികള്‍ ഡോക്ടറെ സമീപത്തുള്ള വളപ്പിലേക്ക് കൊണ്ടുപോയി വായില്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷം കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു. ഡോക്ടര്‍ അലറിക്കരഞ്ഞതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. വാഹനത്തിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.

സൈബരാബാദ് മെട്രോപൊലീറ്റര്‍ പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജ്നാറായിരുന്നു കേസ് അന്വേഷിച്ചത്. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്ന് സജ്ജനാര്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ വലിയ ജനരോഷമുണ്ടാകുകയും രാജ്യത്താകെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തൊട്ടുപിന്നാലെ, ഡിസംബര്‍ ആറിന് കേസിലെ നാല് പ്രതികളും വെടിയേറ്റു മരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം.

തുടര്‍ന്ന് രാജ്യത്താകെ വലിയ ആഹ്ലാദ പ്രകടനമായിരുന്നു നടന്നത്. ജനങ്ങള്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രതികളുടെ കൊലപാതകം ആഘോഷിച്ചു. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ വി.സി. സജ്ജ്നാറിന് ജനങ്ങള്‍ക്കിടയില്‍ വീരപരിവേഷം ലഭിക്കുകയും ചെയ്തു.

സമാനമായ സംഭവം തന്നെയാണ് ജന ഗണ മനയിലും ദൃശ്യവല്‍കരിച്ചിരിക്കുന്നത്. എന്നാല്‍ അതിനപ്പുറത്തുള്ള പവര്‍ പൊളിറ്റിക്‌സിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും ഭാഗമായി നടന്ന വലിയ ഒരു ആസൂത്രണത്തിന്റെ ഭാഗമായിരുന്നു സിനിമയിലെ അധ്യാപികാ കഥാപാത്രത്തിന്റെ കൊലപാതകത്തിലെ പ്രതികളെ കൊല്ലാനുള്ള തീരുമാനമെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്.

സര്‍വകലാശാലകളിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍, ഉത്തര്‍പ്രദേശിലടക്കം ഭരണകൂടം കൂട്ടുനിന്ന ബലാത്സംഗ കേസുകള്‍, ദളിത് വിദ്യാര്‍ത്ഥികളുടെ ജീവിതം, ജയിലിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവിതം എന്നിങ്ങനെ മറ്റ് നിരവധി റിയല്‍ ലൈഫ് റഫറന്‍സുകളും സിനിമയിലുണ്ട്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ശാരി, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍ എന്നിവരാണ് ജന ഗണ മനയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അതേസമയം, 2019ല്‍ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് നേരെ ഹൈദരാബാദില്‍ നടന്ന പൊലീസ് ‘ഏറ്റുമുട്ടലി’ല്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവുലു എന്നീ നാല് പ്രതികളും കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. പ്രതികളുമായുള്ള ഈ ‘ഏറ്റുമുട്ടല്‍’ പൊലീസിന്റെ തിരക്കഥയായിരുന്നെന്നും ആസൂത്രണം ചെയ്ത വെടിവെപ്പാണ് നടന്നതെന്നും കണ്ടെത്തിയ കമ്മീഷന്‍, സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പത്തിലധികം പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് കമ്മീഷന്‍ ശിപാര്‍ശ.

അന്വേഷണം പൂര്‍ത്തിയാക്കി, ബന്ധപ്പെട്ട കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥനും വാര്‍ത്താസമ്മേളനം നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: The Encounter Killing in Jana Gana Mana movie again become discussion after Supreme Court commission found the Hyderabad encounter was fake

We use cookies to give you the best possible experience. Learn more