സന്താനഭാഗ്യം വേണ്ടുവോളം കിട്ടിയ ദൈവ പുത്രന്റെ കഥ, അന്ധവിശ്വാസവും ശാസ്ത്രവും പോരടിക്കുമ്പോൾ
Entertainment
സന്താനഭാഗ്യം വേണ്ടുവോളം കിട്ടിയ ദൈവ പുത്രന്റെ കഥ, അന്ധവിശ്വാസവും ശാസ്ത്രവും പോരടിക്കുമ്പോൾ
നവ്‌നീത് എസ്.
Tuesday, 12th March 2024, 4:18 pm

ടി.വി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. റിലീസിന് മുമ്പ് തന്നെ ചർച്ചകളിൽ ഇടം നേടിയ സിനിമയായിരുന്നു ഇത്.

സന്താനഭാഗ്യമില്ലാത്ത ഒരുപാട് ദമ്പതികൾ മനമുരുകി പ്രാർത്ഥിക്കാനെത്തുന്ന, മീനൂട്ടിക്കാവിലമ്മ ക്ഷേത്രം സ്ഥിതിചെയ്യുന്ന അച്ചാംതുരുത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ നാട്ടിൽ തന്നെ നാലുമക്കളും ഭാര്യയുമായി സകുടുംബം സന്തോഷത്തോടെ കഴിയുന്ന പ്രദീപനാണ് കഥയിലെ നായകൻ.

 

രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യമാണ്. ജനസംഖ്യ നിയന്ത്രണത്തിനായി ഒരു പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് അച്ചാംതുരുത്ത് പഞ്ചായത്ത്. അതിനായി തെരഞ്ഞെടുക്കപ്പെടുന്നത് പ്രദീപനാണ്.

സ്പോയിലർ അലർട്ട്

 

കല്യാണം കഴിഞ്ഞിട്ടും മക്കളില്ലാത്ത ഒരുപാട് ദമ്പതികൾ വഴിപാടുകളെയും പൂജകളെയും ആശ്രയിക്കാറുണ്ട്. അന്യ നാട്ടിൽ നിന്ന് വരെ ദമ്പതികൾ പൂജയ്ക്കെത്തുന്ന അച്ചാംതുരുത്തിലെ പ്രദീപനെ പഞ്ചായത്ത് അംഗങ്ങൾ ഇത്തരത്തിലൊരു പദ്ധതിക്കായി തെരഞ്ഞെടുക്കുമ്പോൾ അത് വലിയ വിള്ളലാണ് വിശ്വാസികളിൽ ഉണ്ടാക്കുന്നത്. കാരണം അവരെ സംബന്ധിച്ച് മീനൂട്ടിക്കാവിലമ്മ അനുഗ്രഹം വാരിക്കോരി നൽകിയിട്ടുള്ള വ്യക്തിയാണ് പ്രദീപ്. അയാളൊരു ദൈവപുത്രനാണ്. ‘നീയത് ചെയ്താൽ മീനുട്ടിക്കാവിലമ്മ ശപിക്കുമെന്ന്’ വിശ്വാസികൾ പറയുന്നുണ്ട്.

ഒടുവിൽ വന്ധ്യകരണം ഫലം കാണാതെ വരുമ്പോൾ ദിവ്യശക്തിയുള്ള ആളാണ് പ്രദിപനെന്ന് പറയുന്നതും, അയാളെ ആഘോഷമാക്കി മാറ്റുന്നതും ഈ വിശ്വാസികൾ തന്നെയാണ്. തീർച്ചയായും സംസാരിക്കേണ്ട ഒരു വിഷയത്തെ അതിന്റെ തീവ്രത ഒട്ടും നഷ്ടമാവാതെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം.

പുരുഷ വന്ധ്യകരണം എന്ന നൂതന സാധ്യതയെ കുറിച്ച് സിനിമ സംസാരിക്കുമ്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എങ്ങനെയാണ് ഒരു മനുഷ്യ സമൂഹത്തെ ബാധിക്കുന്നതെന്നും ചിത്രം കാണിക്കുന്നുണ്ട്. വിശ്വാസത്തിന് അടിമപ്പെട്ട ഒരു കൂട്ടം മനുഷ്യർക്കിടയിൽ അഭിപ്രായം പറയാനാവാതെ ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി പോകുന്നുണ്ട് നമ്മുടെ നായകൻ.

സന്താന ഭാഗ്യത്തിന് വേണ്ടി അന്ധ വിശ്വാസത്തെ കൂട്ടുപ്പിടിക്കുന്ന ഒരുപറ്റം ആളുകൾ നമുക്കിടയിലുണ്ട്. സന്താന ഭാഗ്യത്തിനായി കുഞ്ഞിനെ ബലി കൊടുത്തവരെ കുറിച്ചുള്ള വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്.

സർക്കാരിന്റെ മഹത്വരമായ ഒരു പദ്ധതി ഏതൊക്കെ വിധത്തിലാണ് ഒരു വലിയ വിഭാഗത്തിനിടയിൽ ഒന്നുമല്ലാതായി പോകുന്നതെന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്. സിനിമയിലെ ഒരു സബ് പ്ലോട്ട് ആണെങ്കിലും തീർച്ചയായും ചർച്ച ചെയ്യേണ്ട സിനിമയിലെ മറ്റൊരു ഭാഗം തന്നെയാണിതും.

അതുകൊണ്ട് തന്നെയാണ് ഒരു സർക്കാർ ഉത്പന്നമെന്ന ചിത്രം ഇന്നത്തെ കാലത്ത് പ്രസക്തമാവുന്നത്.

 

Content Highlight:  The Element Of Superstition in Oru Sarkkar Uthpannam Movie


	  
	  


    
നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം