ന്യൂദല്‍ഹി: 17 വയസ് തികഞ്ഞവര്‍ക്ക് ഇനി മുതല്‍ വോട്ടര്‍ ഐ.ഡിക്ക് വേണ്ടി അപേക്ഷിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. വോട്ടര്‍ ഐ.ഡിക്ക് അപേക്ഷിക്കാനായി ഇനി രാജ്യത്തെ യുവാക്കളും യുവതികളും 18 വയസാവാന്‍ കാത്തിരിക്കേണ്ടെന്ന് വ്യാഴാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
വര്‍ഷത്തില്‍ നാല് പ്രാവശ്യം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പറ്റുന്ന പുതിയ മോഡലും കമ്മീഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. 17 വയസില്‍ വോട്ടര്‍ ഐ.ഡിക്കായി അപേക്ഷിച്ചവര്‍ക്ക് 18 വയസാവുമ്പോള്‍ അത് ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ക്രമീകരിക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാരായ രാജീവ് കുമാര്‍, അനൂപ് ചന്ദ്ര എന്നിവര്‍ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കാനായി ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികളും ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിലൂടെ മൂന്ന് മാസം കൂടുമ്പോള്‍ വോട്ടര്‍ ഐ.ഡിയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിക്കും.
17ാം വയസില്‍ ചെയ്യാവുന്ന അഡ്വാന്‍സ്ഡ് അപ്ലിക്കേഷന്‍ ഫോമുകള്‍ ഓഗസ്റ്റ് ഒന്ന് മുതലേ ലഭിക്കുകയുള്ളൂ. ഇലക്ഷന്‍ കമ്മീഷന്‍ രജിസ്‌ട്രേഷന്‍ ഫോം കൂടുതല്‍ ഉപഭോക്തൃ സൗഹൃദവും ലളിതവുമാക്കിയിട്ടുണ്ട്.
Content Highlight: The Election Commission said that those who have completed 17 years of age can now apply for voter ID