വോട്ട് രേഖപ്പെടുത്തിയത് 64 കോടി ജനങ്ങള്‍, ലോകറെക്കോഡ്; നന്ദിയറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
വോട്ട് രേഖപ്പെടുത്തിയത് 64 കോടി ജനങ്ങള്‍, ലോകറെക്കോഡ്; നന്ദിയറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 4:30 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. വോട്ടെണ്ണലിന് മുന്നോടിയായി ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വോട്ടെടുപ്പ് നടപടികള്‍ ഒരു അത്ഭുതമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജ്യത്തെ ജനങ്ങളോട് നന്ദിയറിക്കുകയും ചെയ്തു. 2024 ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു.

ആകെ വോട്ട് രേഖപ്പെടുത്തിയ 64.2 കോടി പേരില്‍ 31.2 കോടി സ്ത്രീകളായിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെന്ന് പോളിങ് സാധ്യമാക്കിയ ഉദ്യോഗസ്ഥരേയും കമ്മീഷന്‍ അഭിനന്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തം തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങളില്‍ ഉണ്ടായിരുന്നുവെന്നും കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യത നിലനിന്നിരുന്ന ഇന്നര്‍ മണിപ്പൂരില്‍ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരില്‍ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. പ്രതിഫലവും ലാഭവും ആഗ്രഹിക്കാതെ നിരവധി ആളുകള്‍ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് അടക്കം കമ്മീഷണര്‍ എടുത്തുപറയുകയും ചെയ്തു.

23 രാജ്യങ്ങളില്‍ നിന്നുള്ള 75 പ്രതിനിധികള്‍ ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയെന്നും കമ്മീഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനുശേഷം അനധികൃതമായി കടത്താന്‍ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങളും 4391 കോടി രൂപയുടെ മയക്കുമരുന്നും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളെ ഗൗരവകരമായി കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കള്‍ക്കെതിരെ അടക്കം കേസെടുക്കുകയും പരാതികളില്‍ നോട്ടീസ് നല്‍കുകയുമുണ്ടായി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ പറഞ്ഞു.

അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. രാജ്യത്താകമാനം പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. എല്ലാ കേന്ദ്രങ്ങളും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.

Content Highlight: The Election Commission said that 64 crore voters registered their right to vote in the Lok Sabha elections