| Saturday, 25th May 2024, 8:03 pm

ആദ്യ ഘട്ട പോളിങ് ശതമാനം 66.14, വോട്ട് രേഖപ്പെടുത്തിയത് 50 കോടിയിലധികം ജനങ്ങള്‍; ഒടുവില്‍ ഡാറ്റകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ ആകെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഡാറ്റകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ കണക്കുകളില്‍ ആര്‍ക്കും മാറ്റം വരുത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 66.14, രണ്ടാം ഘട്ടത്തില്‍ 66.71, മൂന്നാം ഘട്ടത്തില്‍ 65.68, നാലാം ഘട്ടത്തില്‍ 69.16, അഞ്ചാം ഘട്ടത്തില്‍ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

ഒന്നാം ഘട്ടത്തില്‍ 11 കോടി, രണ്ടാംഘട്ടത്തില്‍ 10.58 കോടി, മൂന്നാംഘട്ടത്തില്‍ 11.32 കോടി, നാലാം ഘട്ടത്തില്‍ 12.24 കോടി, അഞ്ചാംഘട്ടത്തില്‍ 5.57 കോടി വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു.

വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടം പിന്നിട്ടിട്ടും വോട്ട് ചെയ്തവരുടെ ആകെ എണ്ണം പുറത്തുവിടാത്തതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നീക്കം. അതേസമയം ഓരോ ബൂത്തിലുമായി വോട്ട് ചെയ്തവരുടെ ഡാറ്റകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

എന്നാല്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആകെ വോട്ടര്‍മാരുടെ എണ്ണവുമായി സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് വടകര മണ്ഡലത്തിലാണ്. 11,14,950 പേരാണ് വടകരയില്‍ വോട്ട് ചെയ്തിരിക്കുന്നത്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 14,21,883 ആണ്.

പോളിങ് ശതമാനത്തിലും മുന്നിട്ട് നില്‍ക്കുന്നത് വടകരയാണ്. ഏറ്റവും കുറവ് പോളിങ് ശതമാനം പത്തനംതിട്ട മണ്ഡലത്തിലാണ്.

കാസര്‍ഗോഡ് ആണ് വടകരയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ മണ്ഡലം. 11,04,331 പേരാണ് കാസര്‍ഗോഡ് വോട്ട് ചെയ്തിരിക്കുന്നത്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 14,52,230 ആണ്.

Content Highlight: The Election Commission released the total number of people who voted

Latest Stories

We use cookies to give you the best possible experience. Learn more