ന്യൂദല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ ആവശ്യങ്ങള്‍ തളളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് ആദ്യമെണ്ണി തീര്‍ക്കുക എന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.
പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന് ശേഷം മാത്രമേ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണാന്‍ പാടുള്ളൂ എന്നാണ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കമ്മീഷന്‍ നിരുപാധികം തള്ളുകയായിരുന്നു.
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യമെണ്ണി തീര്‍ക്കുക എന്നത് പ്രായോഗികമല്ല. രാജ്യത്ത് പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥകളുണ്ട്. വോട്ടെണ്ണലില്‍ കൃത്രിമത്വം നടക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ ദിനം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വോട്ടിങ് മെഷിന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് ക്യാമറയില്‍ ചിത്രീകരിക്കണം, കണ്ട്രോള്‍ യൂണിറ്റിലെ സമയവും തീയതികളും പരിശോധിക്കണം, രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതികള്‍ക്ക് കമ്മീഷന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യാ സഖ്യം മുന്നോട്ടുവെച്ചത്.
ഇതിനുപുറമെ വോട്ടെണ്ണല്‍ സുതാര്യമായി നടക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യാതൊരു അട്ടിമറിയും ഉണ്ടാകരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി തുടങ്ങി ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായയി കൂടിക്കാഴ്ച ഇന്നലെ നടത്തിയത്.
ജൂണ്‍ നാല്, ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളുമായിരിക്കും എണ്ണുക.
വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ആവശ്യങ്ങള്‍ തള്ളിയതും വാര്‍ത്താ സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയമാകും.
Content Highlight: The Election Commission rejected the demands of the India alliance