| Friday, 26th April 2024, 8:50 pm

മതം പറഞ്ഞ് വോട്ടുപിടുത്തം; ബി.ജെ.പി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബി.ജെ.പി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപ്പെട്ടിരിക്കുന്നത്. ബെംഗളൂരു സൗത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയാണ് തേജസ്വി സൂര്യ.

ബി.ജെ.പി സ്ഥാനാര്‍ത്ഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മൈക്രോബ്ലോഗിങ് വെബ്സൈറ്റിലൂടെ പറഞ്ഞു.

ബെംഗളൂരുവിലെ ജയനഗര്‍ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരെയുള്ള കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിനാസ്പദമായ പ്രധാന തെളിവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമാന സംഭവത്തില്‍ ചിക്കബെല്ലാപുര സ്ഥാനാര്‍ത്ഥി കെ. സുധാകറിനുമെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തേജസ്വി സൂര്യക്കെതിരെ 123 (3) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ. സുധാകറിനെതിരെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാനും അനാവശ്യ സ്വാധീനം ചെലുത്താനും ശ്രമിച്ചതിനുമാണ് കേസ്.

അതേസമയം ‘ഇന്ന് കര്‍ണാടകയില്‍ ആഘോഷ ദിനമാണ്. ജനാധിപത്യത്തിന്റെ ഉത്സവമാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ പുറത്തിറങ്ങി വോട്ടുചെയ്യും. ഇതൊരു അവകാശം മാത്രമല്ല, കടമ കൂടിയാണ്.

കാരണം നമ്മള്‍ വോട്ട് ചെയ്യുമ്പോള്‍ നമ്മളുടെ ശബ്ദം രജിസ്റ്റര്‍ ചെയ്യപ്പെടുകയും അത് ജനാധിപത്യത്തിന് അര്‍ത്ഥവത്തായ സംഭാവന നല്‍കുകയും ചെയ്യുന്നു,’ തേജസ്വി സൂര്യ എ.എന്‍.ഐയോട് നേരത്തെ പ്രതികരിച്ചിരുന്നു.

ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സൗമ്യ റെഡ്ഡിയാണ് തേജസ്വി സൂര്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. കര്‍ണാടക ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Content Highlight: The Election Commission registered a case against BJP candidate Tejashwi Surya

We use cookies to give you the best possible experience. Learn more