| Saturday, 30th December 2023, 11:27 pm

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശം തള്ളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശം നിരസിച്ച് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്നുമുള്ള നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കമ്മിഷന്‍ തടഞ്ഞതായും സംഘടന ആരോപണമുയര്‍ത്തി.

അഴിമതിക്കേസില്‍ മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ അനുഭവിക്കുന്ന ഇമ്രാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. എന്നാല്‍ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പട്ട തന്റെ അയോഗ്യത നീക്കം ചെയ്യാനുള്ള ഖാന്റെ ശ്രമത്തെ കമ്മിഷന്‍ വീണ്ടും തടഞ്ഞിരിക്കുയാണ്.

ഭരണഘടനാ പ്രകാരം ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഇമ്രാന്‍ ഖാന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ സ്ഥാനാര്‍ത്ഥിത്വവും നിരസിച്ചതായും കമ്മിഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ നോമിനികളുടെ പട്ടികയില്‍ ഇമ്രാന്‍ ഖാന്റെ പേരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ മണ്ഡലത്തിലെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ അല്ലാത്തതിനാലും കോടതി ശിക്ഷിച്ചതിനാലും മുന്‍ പ്രധാനമന്ത്രിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് പട്ടിക സൂചിപ്പിക്കുന്നു.

സംസ്ഥാന രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ നശിപ്പിക്കാനും സ്ഥാനാര്‍ത്ഥിയാകുന്നത് തടയാനും പാകിസ്ഥാനിലെ ശക്തരായ സൈന്യം പരമ്പരാഗത പാര്‍ട്ടികളുമായി ഒത്തുകളിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

Content Highlight: The Election Commission of Pakistan has rejected Imran Khan’s nomination for the parliamentary elections

We use cookies to give you the best possible experience. Learn more