| Monday, 28th August 2023, 7:38 pm

പുതുപ്പള്ളിയില്‍ ഓണകിറ്റ് വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം:തെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ കിറ്റ് വിതരണത്തിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ടെങ്കിലും അത് കിറ്റ് വിതരണത്തിന് തടസമില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കിറ്റ് നല്‍കുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള ചിഹ്നങ്ങളോ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരോ മറ്റ് സൂചനകളോ ഉണ്ടാകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനായുള്ള അവസരമായി കിറ്റിനെ മാറ്റരുതെന്നും കമ്മീഷന്‍ പറയുന്നു.

അതേസമയം, പുതുപ്പള്ളിയില്‍ ഓണക്കിറ്റ് നല്‍കരുതെന്ന് പരാതി നല്‍കിയത് യു.ഡി.എഫ് ആണെന്നും ഇപ്പോള്‍ ഓണക്കിറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നതും അവര്‍ തന്നെയാണെന്ന് മന്ത്രി വി.വാസവന്‍ പറഞ്ഞിരുന്നു.

‘ഓണക്കിറ്റ് വിതരണം മുടക്കുന്നതിന് ഒളിഞ്ഞും തെളിഞ്ഞും പരാതിയും പരിഭവവുമായി നടന്നത് യു.ഡി.എഫുക്കാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. ഒരു പുതുമയുമില്ല, പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞു. യു.ഡി.എഫിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്,’ എന്നായിരുന്നു വാസവന്‍ പറഞ്ഞത്.

സംസ്ഥാനത്ത് ഇതുവരെ നാല് ലക്ഷം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇനി കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇന്നലെ ഇപോസ് മെഷീന്‍ പണി മുടക്കിയതിനാലും കിറ്റിലെ സാധനങ്ങള്‍ ലഭിക്കാത്തതിനാലും കിറ്റ് വിതരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ കടകളിലെല്ലാം കിറ്റ് പൂര്‍ണമായും എത്തിച്ചിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Content Highlights: The Election Commission has given permission to distribute Onakit in Pudupally

We use cookies to give you the best possible experience. Learn more