| Saturday, 13th April 2024, 10:26 am

മോദി-ബില്‍ ഗേറ്റ്‌സ് അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യില്ല; അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദൂരദര്‍ശന്‍ ദി കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

സംപ്രേക്ഷണത്തിനായി പ്രസാര്‍ ഭാരതി നേരിട്ട് അനുമതി തേടിയിട്ടും കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അഭിമുഖം സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം പ്രസാര്‍ ഭാരതി പിന്‍വലിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ മോദിയും ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്താല്‍ വിമര്‍ശനമുയരുമെന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസാര്‍ ഭാരതിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പൊതുപണം ചെലവാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം നല്‍കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ വാര്‍ത്തകളും നേട്ടങ്ങളും ഏകപക്ഷീയമായി പ്രചരിപ്പിക്കുന്നതും ജാഗ്രതയോടെ ഒഴിവാക്കണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രസാര്‍ ഭാരതിയുടെ പ്രധാന ശാഖകളായ ദൂരദര്‍ശനിലെയും ആകാശവാണിയിലെയും വാര്‍ത്താ വിഭാഗത്തില്‍ ഈ അഭിമുഖം ചെറിയ ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്തു.

പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് നടന്ന സംഭാഷണങ്ങള്‍ക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ കൃഷി, കാലാവസ്ഥാ വ്യതിയാനം വരെയുള്ള നിരവധി വിഷയങ്ങളും മൂന്നാം ടേമിലേക്കുള്ള പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ പദ്ധതികളും മോദിയും ഗേറ്റ്സും ചര്‍ച്ച ചെയ്യുന്നുണ്ട്.

ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് ദൂരദര്‍ശനില്‍ ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്തത്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നത്.

Content Highlight: The Election Commission has denied permission to telecast the interview between Narendra Modi and Bill Gates on Doordarshan

Latest Stories

We use cookies to give you the best possible experience. Learn more