ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ നാലിന്
national news
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ നാലിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 4:06 pm

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.

ഇത്തവണ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് കേരളം വിധിയെഴുതും. വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

543 മണ്ഡലങ്ങളിലായി 97 കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും. അതില്‍ ഏകദേശം 47.15 കോടി സ്ത്രീകളും 49.7 കോടി പുരുഷന്മാരുമാണ്.

1.8 കോടി കന്നി വോട്ടര്‍മാരാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നു. 17.74 കോടി യുവവോട്ടര്‍മാരും പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് 48,000 വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും.

തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടില്‍ നിന്നുകൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കും.

10.48 ലക്ഷം പോളിങ് സ്റ്റേഷനുകളില്‍ എല്ലാ രീതിയിലുള്ള പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കുടിവെള്ളം, ടോയ്ലറ്റുകള്‍, സൈനേജ്, റാമ്പ്/വീല്‍ചെയര്‍, ഡെസ്‌ക്, വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, ലൈറ്റുകള്‍, ഷെഡ് തുടങ്ങിയ സൗകര്യങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കും.

ബൂത്തുകളില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സേനയെ നിയോഗിക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം സാധ്യമാക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായിരിക്കും.

സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കെ.വൈ.സി ആപ്പില്‍ പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ അടക്കമുള്ള വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും.

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം തടയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങള്‍ പാടില്ല, കുട്ടികളെ പ്രചരണത്തിന് ഉപയോഗിക്കരുത്, താരപ്രചാരകര്‍ അവരുടെ പരിധി ലംഘിക്കരുത്, ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി, നടപടി താകീതില്‍ ഒതുക്കില്ല, റീ പോളിങ് സാധ്യതകള്‍ പരമാവധി ഒഴിവാക്കണം, മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് ചോദിക്കരുത് തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങൾ.

അതേസമയം മെയ് 13ന് ആന്ധ്രാപ്രദേശിലും സിക്കിമിലും നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കും. ഒഡിഷയില്‍ രണ്ട് ഘട്ടങ്ങള്‍ ആയാണ് വോട്ടെടുപ്പ് നടക്കുക.  26 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Content Highlight: The Election Commission has announced the dates for the 2024 Lok Sabha elections