തിരുവനന്തപുരം: കസ്റ്റംസിനും, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെയും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാതൃകാ വികസനബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോള്‍. കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിനുദാഹരണമാണ്. ക്രിമിനല്‍ നിയമം 160-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നല്‍കിയത്. കസ്റ്റംസ് കമ്മീഷണര്‍ ഇതില്‍ എതിര്‍കക്ഷി പോലുമല്ല. സ്വപ്നയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുമാണ് എതിര്‍കക്ഷികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എതിര്‍കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. വിവിധ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. ഇവരോടൊന്നും പറയാത്ത കാര്യം സ്വപ്ന കസ്റ്റംസിനോട് പറഞ്ഞെങ്കില്‍ അതിന് കാരണമെന്ത്? കസ്റ്റംസും ഈ പ്രസ്താവന പ്രചരിപ്പിച്ചവരും ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുകയാണ്. ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞ ചോദ്യത്തിനുത്തരവും ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാന്‍ ഏജന്‍സികള്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ പറഞ്ഞാല്‍ തെളിവുകള്‍ വേണമല്ലോ. ഇല്ലെങ്കില്‍ കേസ് പൊളിയും. തെളിവില്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവനയാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജന്‍സികള്‍ നടത്തുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. ‘കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുേണ്ടാ? ഈ മന്ത്രി ചുമതലയില്‍ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നത്? സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാന്‍ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോള്‍ വാളും ചുഴറ്റി ഇറങ്ങണ്ട’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: election campaign has been taken over by central agencies; CM Pinarayi Vijayan against centrel agencys and V muraleedharan