കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍.പി സ്‌കൂളില്‍ പൂജ നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍. സ്‌കൂള്‍ മാനേജറുടെ മകന്‍ രുധീഷ് അടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അസാധാരണമായ രീതിയില്‍ സ്‌കൂളിന്റെ മൈതാനത്ത് നിന്ന് ശബ്ദവും വെളിച്ചവും ഉയര്‍ന്നതോടെയാണ് പൂജയെ കുറിച്ച് നാട്ടുകാര്‍ അറിയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് സമീപ പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ആളുകള്‍ കൂടിയതോടെ പൂജ നടത്തിയവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊട്ടില്‍പ്പാലം പൊലീസ് പൂജ നടത്തിയവരെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജ്യാമത്തില്‍ വിട്ടയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം മഹാനവമിക്ക് സ്‌കൂളില്‍ സ്ഥിരമായി പൂജ നടത്താറുണ്ടെന്നും കഴിഞ്ഞ തവണ അത് മുടങ്ങി പോയതിനാല്‍ ഇപ്പോള്‍ നടത്തിയതാണെന്നുമാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ വിഷയത്തിലെ പ്രതികരണം.
സംഭവത്തില്‍ അധികൃതരോട് വിദ്യഭ്യാസവകുപ്പ് വിശദീകരണം തേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുന്നുമ്മല്‍ എ.ഇ.ഒയോടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. ബുധനാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കുന്നുമ്മല്‍ എ.ഇ.ഒ അറിയിച്ചു.
Content Highlight: The Education Department has sought a report on BJP workers performing pooja at Kuttiadi LP School