|

ഇത് ചരിത്രം; ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയും മുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ കൈമാറി വിദ്യാഭ്യാസവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൈമാറി പൊതുവിദ്യാഭ്യാസ വകുപ്പ്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നിയമസഭാ ചേമ്പറില്‍ വെച്ച് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പങ്കെടുത്തു.

ഇത് ആദ്യമായാണ് ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുന്നോടിയായി പത്താം ക്ലാസിലെ പുസ്തകങ്ങള്‍ കൈമാറുന്നത്. നിലവില്‍ എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.

ആദ്യഘട്ടത്തില്‍ ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേനയാണ് വിദ്യാലയങ്ങളിലെത്തുന്നത്.

പാഠപുസ്തകം നേരത്തെ ഇറങ്ങിയതില്‍ പ്രശ്‌നമില്ലെന്നും എല്ലാത്തിനും ചോര്‍ച്ച എന്ന വാക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 16 വര്‍ഷത്തിന് ശേഷമാണ് പാഠപുസ്തകം പരിഷ്‌ക്കരിച്ചതെന്നും അതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ പത്താം ക്ലാസിലെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അഭിമാനകരമായ സ്ഥിതിയിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടുതല്‍ മികവിലേക്ക് കേരളത്തിന്റെ വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും വളരുകയാണ്. സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണീ നേട്ടമെന്നും അഭിമാനപൂര്‍വം നമുക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പാഠപുസ്തകങ്ങള്‍ സമയത്തിന് ലഭ്യമാകാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയും അന്നുണ്ടായിരുന്നു. പിന്നീടുണ്ടായ വിദ്യാഭ്യാസമേഖലയുടെ മുന്നേറ്റത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ കൃത്യമായി ലഭ്യമാകാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The Education Department handed over the 10th grade textbooks to the students before the 9th grade exams were over