| Wednesday, 3rd April 2019, 1:43 pm

മോദിയുടെ പരിപാടി സംപ്രേഷണം ചെയ്തു; ദൂരദര്‍ശനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പിയുടെ പ്രചാരണപരിപാടിയായ “മേം ഭീ ചൗക്കിദാര്‍” സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

മാര്‍ച്ച് 31-നു നടന്ന ഒരുമണിക്കൂര്‍ നീണ്ട പൊതുപരിപാടിയാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് കമ്മിഷനു പരാതി നല്‍കിയിരുന്നു.
അതിനിടെ നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കമ്മിഷനെ അറിയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നമോ ടിവി ആരംഭിച്ചതിനെതിരേ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും കമ്മിഷനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കമ്മിഷന്‍ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.


ബംഗാളിലെ മോദിയുടെ റാലിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ബി.ജെ.പി ചിലവഴിച്ചത് 53 ലക്ഷം; ആളുകളെ എത്തിക്കുന്നത് ട്രെയിന്‍ മാര്‍ഗം


നമോ ടിവിയുടെ പൂര്‍ണചെലവ് വഹിക്കുന്നത് ബി.ജെ.പി.യാണെന്നും മന്ത്രാലയം വ്യക്തമാക്കി. മോദിയുടെ ചിത്രം ലോഗോയില്‍ ഉള്‍പ്പെടുത്തിയാണ് നമോ ടിവി മാര്‍ച്ച് 31-നു സംപ്രേഷണം ആരംഭിച്ചത്.

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 24 മണിക്കൂറും സംപ്രേഷണം ചെയ്യുകയാണ് നമോ ടിവി ചെയ്യുന്നത്. ഇത്തരത്തില്‍ 24 മണിക്കൂറും പരസ്യമില്ലാതെ സംപ്രേഷണം നടത്തുന്ന നമോ ടിവിയുടെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് അറിയണമെന്നും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more