| Thursday, 12th January 2023, 8:06 pm

ഡബ്ബിങ്ങില്‍ പാളിച്ച പറ്റിയോ? | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളിലെത്തുന്ന സിനിമ ഒ.ടി.ടിയിലെത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുന്നത് പുതിയൊരു കാര്യമല്ല. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഒ.ടി.ടിയില്‍ വീണ്ടുമൊരു റിലീസാണ് നടക്കുന്നതെന്ന് തന്നെ പറയാം. നിലവില്‍ ഇത്തരത്തില്‍ ചര്‍ച്ചകളില്‍ നിറയുന്നത് സൗദി വെള്ളക്കയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് സമയത്ത് വലിയ അഭിനന്ദന പ്രവാഹമാണ് ചിത്രത്തിന് ലഭിച്ചത്. പ്രത്യേകിച്ചും കേന്ദ്രകഥാപാത്രമായ ആയിഷുമ്മയെ അവതരിപ്പിച്ച ദേവി വര്‍മക്ക്. സൗദി വെള്ളക്കയില്‍ ദേവി വര്‍മക്ക് വേണ്ടി ഡബ്ബ് ചെയ്തത് പൗളി വല്‍സനായിരുന്നു. ധന്യ അനന്യ അവതരിപ്പിച്ച നസി എന്ന കാഥാപാത്രത്തിനായി ശ്രിന്ദയാണ് ഡബ്ബ് ചെയ്തത്, ഇരുവരുടെയും ഡബ്ബിങ്ങിനും അന്ന് മികച്ച അഭിപ്രായങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ ഒ.ടി.ടി റിലീസ് ചെയ്തതോടെ ഇത് കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ്ങിനെതിരെയാണ് ഒ.ടി.ടി റിലീസിന് പിന്നാലെ വിമര്‍ശനമുയരുന്നത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ഒരു ഘടകം ഒ.ടി.ടിയില്‍ നേര്‍വിപരീതമാവുന്നത് കൗതുകമുണ്ടാക്കുന്നതാണ്. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മറ്റൊന്നിലേക്കും ശ്രദ്ധ പോവാതെ സിനിമയില്‍ ലയിച്ചിരിക്കുന്നതിനാലാവും ഇങ്ങനെ സംഭവിക്കുന്നത്. ഡബ്ബ് ചെയ്തിരിക്കുന്നത് പൗളി വല്‍സന്‍ ആണോയെന്ന് തന്നെ സിനിമ കണ്ട് കുറച്ച് കഴിഞ്ഞാണ് ചിലര്‍ക്ക് മനസിലായത്. എന്നാല്‍ ഒ.ടി.ടിയില്‍ കാണുമ്പോള്‍ എന്തെങ്കിലും സംശയം വന്നാല്‍ അത് നിര്‍ത്തി ആലോചിച്ച് ഉറപ്പിച്ച ശേഷം കാണുന്നത് തുടരാനുള്ള ഓപ്ഷനുണ്ട്.

സൗദി വെള്ളക്കയിലെ ആയിഷുമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പൗളി വല്‍സനെ ഓര്‍മ വരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. ധന്യക്ക് വേണ്ടി ഡബ്ബ് ചെയ്ത ശ്രിന്ദയുടെ പേരിലും ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ശ്രിന്ദയേയും പൗളി വല്‍സനേയും മാറ്റി പരിചയം ഇല്ലാത്ത പുതിയ ശബ്ദം ആയിരുന്നെങ്കില്‍ കുറച്ചുകൂടി ഇമ്പാക്ട് വന്നേനെയെന്നും പ്രേക്ഷകര്‍ പറയുന്നു.

കഥാപാത്രത്തിന് ഫ്രെഷ്‌നെസ് കൊണ്ടു വരാന്‍ പുതിയ ഒരു ആളെ കൊണ്ടു വന്നിതിന് ശേഷം ആളുകളുടെ മനസ്സില്‍ ഇത്രയും എസ്ടാബ്ലിഷ്ട് ആയ പൗളി വല്‍സന്റെ സൗണ്ട് കൊടുക്കാന്‍ തോന്നിയ തീരുമാനത്തിലെ കോണ്‍ട്രാഡിക്ഷനും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വയം ഡബ്ബ് ചെയ്യാറുള്ള ധന്യ അനന്യക്ക് എന്തിനാണ് ശ്രിന്ദയുടെ ശബ്ദം കൊടുത്തത് എന്ന സംശയവും പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു. തന്നെയുമല്ല ഡബ്ബിങ്ങും ഓവറായി പോയതായാണ് വിമര്‍ശനം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ മറുപടിയുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിലാണ് തരുണ്‍ വിശദീകരണവുമായി എത്തിയത്. ദേവി വര്‍മക്ക് ആദ്യം തന്നെ ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞിരുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് അവര്‍ ഡബ്ബ് ചെയ്യാതിരുന്നതെന്നും തരുണ്‍ പറഞ്ഞു.

ഡബ്ബ് ചെയ്യാനും, എ.സി. മുറിയില്‍ ഇരിക്കാനും, സ്ലാങ് പിടിക്കാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് സിനിമ കമ്മിറ്റ് ചെയ്യുമ്പോഴെ പറഞ്ഞിരുന്നു. എങ്കിലും അവസാന നിമിഷം തന്റെ നിര്‍ബന്ധ പ്രകാരം ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ വന്നിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ദേവി വര്‍മ ഡബ്ബ് ചെയ്യണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും തരുണ്‍ പറഞ്ഞു.

നസിമയുടെ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്നതിന് വേണ്ടിയാണ് ശ്രിന്ദയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചതെന്നും തരുണ്‍ പറഞ്ഞിരുന്നു.
കൊച്ചിയില്‍ പോയി ഒരുപാട് ആളുകളെ കണ്ട് ഭാഷയുടെ ശൈലി പഠിച്ചാണ് ധന്യ അനന്യ അഭിനയിച്ചത്. ഷൂട്ടിന് ശേഷം കണ്ടപ്പോള്‍ നസിമ എന്ന കഥാപാത്രം കുറച്ചു അധികം വെറുപ്പ് ഉണ്ടാകേണ്ടത് ആയി തോന്നി. ‘ചെലപ്പ്’ കുറച്ചു അധികം ഉണ്ടായാല്‍ ആ കഥാപാത്രം വളരെ ഇറിറ്റേറ്റഡ് ആകും എന്ന് തോന്നി. ധന്യയുടെ അനുവാദത്തോടെ ശ്രിന്ദ ഡബ്ബിന് എത്തി.

Content Highlight: The dubbing of Saudi Vellakka is discussed on social media 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്