കൊല്ലം: കൊട്ടാരക്കര വിജയ ആശുപത്രിയില്‍ നടന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്.
ബുധനാഴ്ചയായിരുന്നു ആശുപത്രിക്കുള്ളില്‍ വെച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ രാഹുലിന് കുത്തേല്‍ക്കുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. കരിങ്കല്ലും വടിവാളും ഇരുമ്പ് ദണ്ഡുകളുമുപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ നേതാവായ സിദ്ദിഖ് അടക്കമുള്ള ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അതിനിടെയാണ് ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
കൊട്ടാരക്കര കേന്ദ്രീകരിച്ച് നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നടത്തുന്നതെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അതിനോടനുബന്ധിച്ചാണ് ഈ തര്‍ക്കവും ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
അക്രമണത്തില്‍ മരണപ്പെട്ട രാഹുലടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്.