| Tuesday, 12th July 2022, 4:41 pm

മഹാവീര്യറുടെയും മന്ത്രിയുടെയും കോസ്റ്റിയൂംസ് അവതരിപ്പിച്ച് നിവിനും ആസിഫും; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ആസിഫ് അലി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍. ടൈം ട്രാവല്‍ ഫാന്റസി ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയും ചിത്രത്തിലെത്തുന്നത്.

രാജഭരണ കാലത്തെ മന്ത്രിയുെട വേഷമാണ് ആസിഫിന്. മുനിവര്യന്റെ വേഷഭൂഷാധികളോടെയാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.

മഹാവീര്യര്‍ക്കായി പ്രത്യേകം വിഗ്ഗ് നിവിന്‍ പോളിക്കായി വരുത്തിച്ചിരുന്നു. ഇതിന്റെ ഭാരം കാരണം നിവിന് കടുത്ത ബുദ്ധിമുട്ടായിരുന്നുവെന്നും വിഗ്ഗിന്റെ പൊക്കം കാരണം കാരവന്‍ മാറ്റി പൊക്കമുള്ള കാരവാന്‍ വരുത്തേണ്ടി വന്നുവെന്നും ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് ആസിഫ് അലി പറഞ്ഞിരുന്നു.

മഹാവീര്യറിലെ താരങ്ങളെല്ലാം ധരിച്ചിരുന്ന ഡ്രസുകള്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ട്രെയ്‌ലര്‍ ലോഞ്ചിന് പിന്നാലെയായിരുന്നു താരങ്ങളുടെ കോസ്റ്റിയൂമുകള്‍ പ്രദര്‍ശിപ്പിച്ചത്.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യറുടെ തിരക്കഥയെഴുതിയത്.

Content Highlight: The dresses worn by all the stars of Mahaveeryar were displayed at the trailer launch

Latest Stories

We use cookies to give you the best possible experience. Learn more