ഫിഫ ലോകകപ്പ് അന്തിമ ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും ചാരമാക്കികൊണ്ട് തുടക്കം മുതല്‍ അട്ടിമറി ജയങ്ങള്‍ക്കാണ് ഖത്തര്‍ ലോകകപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പല വമ്പന്‍ ടീമുകളും പുറത്തായി.
ജര്‍മനി, ബെല്‍ജിയം, സ്പെയിന്‍ എന്നീ ടീമുകളൊന്നും ക്വാര്‍ട്ടറിലേക്ക് മുന്നേറിയില്ലെങ്കിലും ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളെല്ലാം തന്നെ പോരാട്ടം കടുപ്പിച്ച് ക്വാര്‍ട്ടറിലേക്കെത്തിയിട്ടുണ്ട്.
ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമുകളാണ് അര്‍ജന്റീനയും പോര്‍ച്ചുഗലും. പതിവ് പോലെ സൂപ്പര്‍താരം ലയണല്‍ മെസി തന്നെയാണ് ടീം അര്‍ജന്റീനയുടെ രക്ഷകന്‍. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് അര്‍ജന്റീനയുടെ യുവതാരങ്ങളും ഖത്തറില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാല്‍ പോര്‍ച്ചുഗലില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന പ്രഗത്ഭനായ പോരാളിക്ക് ഇത്തവണ മികച്ച ഫോമില്‍ തുടരാനാകുന്നുണ്ടായില്ല. പോര്‍ച്ചുഗലിന് മികച്ച താരങ്ങളുണ്ടെങ്കിലും റോണോ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഓസ്‌ട്രേലിയയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും തകര്‍ത്താണ് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയുടെ എതിരാളി.
കരുത്തന്മാരും ഖത്തറില്‍ മികച്ച ഫോമില്‍ തുടരുകയും ചെയ്യുന്ന നെതര്‍ലന്‍ഡ്സിനെ കീഴ്പ്പെടുത്തുക അര്‍ജന്റീനക്ക് അത്ര എളുപ്പമായിരിക്കില്ല.
ക്വാര്‍ട്ടര്‍ കടന്നാല്‍ അര്‍ജന്റീന നേരിടേണ്ടി വരിക ക്രൊയേഷ്യേയെയോ ബ്രസീലിനെയോ ആകും. സെമിയിലും അര്‍ജന്റീനയെ വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നതെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും.
എന്നാല്‍ ചിരവൈരികളായ ബ്രസീലെത്തിയാല്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാകാനാണ് സാധ്യത. മികച്ച ഫോമിലാണ് കാനറികള്‍ ഖത്തറില്‍ തുടരുന്നത്.
അതേസമയം ഗംഭീര ജയത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയ പോര്‍ച്ചുഗലിന് മൊറോക്കോയാണ് എതിരാളികള്‍. അട്ടിമറി വീരന്മാരായ മൊറോക്കോയോട് എളുപ്പത്തില്‍ ജയിക്കാന്‍ പോര്‍ച്ചുഗലിനാവില്ല. ഈ കടമ്പ പിന്നിട്ടാലും സെമിയില്‍ വമ്പന്‍ എതിരാളികളാണ് പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സോ കരുത്തരായ ഇംഗ്ലണ്ടോ ആവും സെമിയില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. റൊണാള്‍ഡോയുടെ ഫോം ഔട്ട് മാറ്റിനിര്‍ത്തിയാലും പോര്‍ച്ചുഗലിന് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ പോര്‍ച്ചുഗലിന് പ്രതീക്ഷകളേറെയാണ്.
ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകളിലൊന്നിനെയാവും ഫൈനലിലെത്തിയാല്‍ അര്‍ജന്റീനക്ക് നേരിടേണ്ടി വരിക. ഇതില്‍ പോര്‍ച്ചുഗല്‍ എതിരാളികളായി എത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തങ്ങളുടെ അവസാന ലോകകപ്പ് കളിക്കാനൊരുങ്ങുന്ന രണ്ട് ഇതിഹാസ താരങ്ങള്‍ ഫെനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.
Content Highlights: The dream of a World Cup final between Lionel Messi’s Argentina and Cristiano Ronaldo’s Portugal